HOME
DETAILS

ആഭ്യന്തര വകുപ്പ് ആരാണ് ഭരിക്കുന്നത്?

  
backup
December 20 2016 | 18:12 PM

%e0%b4%86%e0%b4%ad%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ad

അടിയന്തരാവസ്ഥാ കാലത്ത് പൊലിസിന്റെ അതിക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയായ രാഷ്ട്രീയ നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനിഷ്ഠുരമായ പൊലിസ് മുറകള്‍ക്ക് വിധേയനായ അദ്ദേഹം സമീപകാലത്ത് പൊലിസില്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ നിശബ്ദം നോക്കിനില്‍ക്കുന്നുവെന്നത് അതിശയകരം തന്നെ. ആഭ്യന്തരവകുപ്പ് ആരാണ് ഭരിക്കുന്നതെന്ന് തോന്നിപ്പോകും വിധമുള്ള സംഭവങ്ങളാണ് നിത്യേനയെന്നോണം പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. നിലമ്പൂരില്‍ നടന്ന പൊലിസ് മാവോയിസ്റ്റ് വേട്ടയില്‍ നിന്ന് ഇതാരംഭിക്കുന്നു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ഘടകകക്ഷിയായ സി.പി.ഐ തന്നെ ആരോപിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൗര സ്വാതന്ത്ര്യത്തെയും ആശയപ്രചാരണങ്ങളെയും മാവോയിസമെന്നും ദേശവിരുദ്ധമെന്നും ചാപ്പകുത്തി പൊലിസ് ആളുകളെ പിടിച്ചുകൊണ്ടുപോകുന്നു. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഇതൊക്കെയും നടന്നുകൊണ്ടിരിക്കുന്നത്. പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അപലപനീയ നടപടികളെ നിയമപരമായ ബാധ്യതയെന്ന് ന്യായീകരിക്കാനല്ല കേരള ജനത പ്രതീക്ഷയോടെ ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.

കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദനും പ്രശസ്ത എഴുത്തുകാരനും സി.പി.എം അനുഭാവിയുമായ ടി. പത്മനാഭനും ആപല്‍കരമായ ഈ സ്ഥിതിവിശേഷത്തിലേക്ക് വിരല്‍ ചൂണ്ടിയിരിക്കുകയാണ്. കേരളത്തില്‍ പൊലിസ് നടത്തിക്കൊണ്ടിരിക്കുന്നത് ഫാസിസ്റ്റ് സര്‍ക്കാരിന്റെ നടപടികളാണെന്നും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദനോപാദിയെന്ന നിലയിലാണ് കേരളത്തില്‍ പൊലിസ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള വി.എസിന്റെ വാക്കുകളെ വിഭാഗീയതയുടെ മുദ്ര ചാര്‍ത്തി തള്ളിക്കളയേണ്ടതല്ല. കടല്‍തീരത്ത് വിശ്രമിക്കാനെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കുടുംബത്തിന് വരെ പൊലിസ് ആക്രമണത്തിന് ഇരയാകേണ്ടി വന്നു. പൊലിസില്‍ ഈയിടെയുണ്ടായ അമിതമായ രാജ്യസ്‌നേഹ പ്രകടനം പൊതുജീവിതത്തെ വല്ലാത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാത്തവരെ ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കേണ്ട താമസം പെട്ടെന്നാണ് പൊലിസ് അവരെ കൈകാര്യം ചെയ്തത്. സുപ്രിംകോടതി വിധി വന്നപ്പോള്‍ ചലച്ചിത്രോത്സവം നടക്കുന്ന തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ സദസ്യര്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച ചെയര്‍മാന്‍ കമലിന്റെ രാജ്യസ്‌നേഹം വരെ അളക്കപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടുപടിക്കല്‍ അഭിനവ രാജ്യസ്‌നേഹികള്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ദേശീയഗാനം ദുരുപയോഗപ്പെടുത്തി. പക്ഷേ, അപ്പോഴൊന്നും പൊലിസിന്റെ രാജ്യസ്‌നേഹം ഉണര്‍ന്നില്ല.

ദേശീയഗാനത്തെ അപമാനിച്ചവര്‍ക്കെതിരേ പൊലിസ് കേസെടുത്തില്ല. സംഭവത്തെ പരാമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞത് പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കുന്ന സംഘ്പരിവാര്‍ ശ്രമം കേരളത്തില്‍ വിലപോവില്ലെന്നാണ്. വാക്കുകള്‍ക്കൊണ്ടല്ല, നടപടികള്‍കൊണ്ടാണ് ഭരണകൂടം ഈ ബാധ്യത നിറവേറ്റേണ്ടത്. ഒരു ഭാഗത്ത് ഭംഗിവാക്ക് പറയുകയും മറുഭാഗത്ത് ദേശീയതയുടെ പേരില്‍ പൊതുസമൂഹത്തിന് മേല്‍ കുതിര കയറുവാന്‍ പൊലിസിനെ കയറൂരി വിടുന്നതും നീതീകരിക്കാനാവില്ല. നടപടിയെടുത്താല്‍ ചോര്‍ന്നുപോകുന്നതാണ് പൊലിസിന്റെ മനോവീര്യമെങ്കില്‍ എന്തിനാണ് അത്തരം പൊലിസുകാര്‍. വി.എസ് പറഞ്ഞതുപോലെ അവരെ സര്‍വീസില്‍ നിന്നും ഒഴിവാക്കുകയല്ലേ അഭികാമ്യം. പൊലിസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടത് മനുഷ്യാവകാശത്തെ ചവിട്ടിയരച്ചല്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ആദിവാസികളെയും ദലിതരെയും പേടിപ്പിച്ചുകൊണ്ടല്ല പൊലിസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടത്. ഭരണകൂടത്തിന്റെ മര്‍ദനോപാദിയായ പൊലിസിന്റെ പീഡനങ്ങളില്‍ നിന്ന് പൊതുസമൂഹത്തിന് രക്ഷ കിട്ടുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് മനുഷ്യാവകാശം. അത് പൊലിസിന് ബാധകവുമല്ല.

ദേശീയഗാനത്തെ അവഹേളിച്ചുവെന്ന കുറ്റം ചുമത്തി കോഴിക്കോട്ടുള്ള നോവലിസ്റ്റ് കമല്‍ സി. ചവറയെ അറസ്റ്റ് ചെയ്യാന്‍ കൊടും കുറ്റവാളിയെ പിടിക്കുന്ന ഉത്സാഹത്താലാണ് പൊലിസ് കൊല്ലത്തുനിന്നും കോഴിക്കോട്ടെത്തിയത്. ഭീകരനോടെന്ന പോലെയാണ് അദ്ദേഹത്തോട് പെരുമാറിയത്. സഹായിക്കാനെത്തിയ നദീറിനെയും വെറുതെ വിട്ടില്ല. ഐ.പി.സി 124 എ കുറ്റം ചുമത്താന്‍ മാത്രം ഇവരെന്തു പാതകമാണ് ചെയ്തത്. 1971 ല്‍ പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക ആക്റ്റ് പ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷത്തെ തടവു ശിക്ഷയാണ് നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്. അറസ്റ്റ് ചെയ്യാനും പാടില്ല. ദേശസ്‌നേഹം തെളിയിക്കാനുള്ള കാര്‍ഡു കൊണ്ടു നടക്കേണ്ട ഒരു കാലത്തിലൂടെയാണ് താന്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന ഇന്ത്യയിലെ തന്നെ പ്രശസ്ത കഥാകാരനായ ടി. പത്മനാഭന്റെ വാക്കുകള്‍ അടയാളപ്പെടുത്തുന്നത് അഭിശപ്തമായ ഒരു കാലത്തെയാണ്.Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."