സഊദിയില്‍ വാടകക്ക് നല്‍കുന്ന കെട്ടിടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു
ജിദ്ദ: വാടകക്ക് നല്‍കുന്ന കെട്ടിടങ്ങള്‍ക്ക് നിര്‍ബന്ധ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് സഊദി ഭവന മന്ത്രാലയം. 'ഈജാര്‍' എന്ന പേരില്‍ വാടക സേവനങ്ങള്‍ക്ക് ദേശീയ ഇലക്‌ട്രോണിക് നെറ്റ്‌വര്‍ക്ക് ജനുവരി ആദ്യത്തില്‍ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തുടനീളം ഏകീകൃത വാടക സംവിധാനം നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ കരാര്‍ ഒപ്പുവെക്കുന്ന സമയത്താണ് ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. താമസം ഒഴിയുമ്പോള്‍ വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകള്‍ അടക്കാത്തതിനെ പേരില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ അവസാനിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നത്.
വിവിധ ഘട്ടങ്ങളായാണ് ഈജാര്‍ നെറ്റ്‌വര്‍ക്ക് സംവിധാനം നടപ്പിലാക്കുക. സ്ഥാപനങ്ങള്‍ക്ക് കാര്യങ്ങള്‍ ശരിയാക്കാനും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനും സമയമുണ്ടാകും. ആദ്യഘട്ടത്തില്‍ റിയല്‍ എസ്‌റ്റേറ്റ്, ദല്ലാള്‍ ഓഫീസുകള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം. രണ്ടാഴ്ചക്കുള്ളില്‍ വെബ്‌സൈറ്റ് ആരംഭിക്കും
. നിബന്ധനകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിന് മൂന്ന് മാസം വരെ സമയമനുവദിക്കും. രണ്ടാംഘട്ടത്തില്‍ വാടക കരാറുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനാവുന്നതടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
വാടക രംഗത്തെ കള്ളക്കളികളും അമിത വാടക ഈടാക്കുന്നതും തടയാന്‍ ഇതു സഹായിക്കും. അതൊടൊപ്പം നടപടികള്‍ എളുപ്പമാക്കാനും കെട്ടിട ഉടമക്കും വാടകക്കാരനും തമ്മിലുള്ള വിശ്വാസ്യത ഉറപ്പിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഭവന മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ വാടക താമസ മേഖലയെ ഏകീകരിക്കാന്‍ സഹായിക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ഈജാര്‍ നെറ്റ്‌വര്‍ക്ക് പദ്ധതി മേധാവി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍സമാരി പറഞ്ഞു. ആവശ്യക്കാര്‍ക്ക് വ്യത്യസ്ത നിലവാരത്തിലും വാടകയിലുമുള്ള താമസ കേന്ദ്രങ്ങള്‍ അന്വേഷിച്ച് കണ്ട് പിടിക്കാനും ഇതിലൂടെ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."