പൊലിസ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍
കൊച്ചി: കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്ത് പൊലിസ് അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി പൊലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണ കുറുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന പൊലിസ് മര്‍ദന കേസുകള്‍ ഇതിനുതെളിവാണ്.
കസ്റ്റഡി മര്‍ദനം മനുഷ്യാവകാശലംഘനമാണെന്ന് സുപ്രിംകോടതിപോലും പറഞ്ഞിട്ടുണ്ട്. എന്നിട്ടും കേസില്‍ ഉള്‍പ്പെടുത്തി ആളുകളെ അകാരണമായി മര്‍ദിക്കുന്നതും മര്‍ദിച്ചതിനുശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന് മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്ന രീതി തുടരുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇന്നലെ എറണാകുളം റസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണ കുറുപ്പ്.
കുറ്റ്യാടിയില്‍ ആശുപത്രി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അതോറിറ്റിക്ക് സംശയമുണ്ട്. പൊലിസ് രാത്രി കസ്റ്റഡിയില്‍ എടുത്ത ആശുപത്രി ജീവനക്കാരികളായ പെണ്‍കുട്ടികളെ കാര്യമായി ചോദ്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പൊലിസ് സ്റ്റേഷനില്‍ നിന്ന് എത്തിയ പെണ്‍കുട്ടികള്‍ വാവിട്ടുകരഞ്ഞുകൊണ്ടായിരുന്നു വന്നതെന്ന് ആത്മഹത്യചെയ്ത ആതിരയുടെ ഇരട്ടസഹോദരി അഞ്ജലി മൊഴി നല്‍കിയിട്ടുണ്ട്. തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് മാതാപിതാക്കളെ അറിയിക്കണമെന്ന് ആതിര ആത്മഹത്യയ്ക്ക് മുന്‍പ് പറഞ്ഞതായി സഹോദരി തെളിവെടുപ്പിനിടെ മൊഴിനല്‍കിയിട്ടുണ്ട്.
പാലക്കാട് പൊതുപരിപാടിക്കിടെ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ച ആദിവാസികളെ പൊലിസ് തടഞ്ഞുവെച്ചത് ശരിയായില്ല.
പരിശോധനയ്ക്ക് ശേഷം ഇവരെ മുഖ്യമന്ത്രിയെ കാണാന്‍ അനുവദിക്കാമായിരുന്നുവെന്നും ചെയര്‍മാന്‍ പറഞ്ഞു. കസ്റ്റഡി മര്‍ദനം സംബന്ധിച്ച കേസുകള്‍ക്കായിരിക്കും അതോറിറ്റി മുന്‍ഗണന നല്‍കുക.കള്ളക്കേസുകളില്‍ കുടുക്കുക,സ്റ്റേഷനില്‍ അകാരണമായി തടഞ്ഞുവെക്കുക, കേസുകളില്‍ പൊലിസ് അന്യായമായി ഇടപെടുക തുടങ്ങിയവയ്ക്കും അതോറിറ്റി പ്രാധാന്യം നല്‍കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഇന്നലെ പരിഗണിച്ച മാവേലിക്കര കുറുത്തികാട് പൊലിസ് മര്‍ദനത്തില്‍ പരുക്കേറ്റ ചുമട്ടുതൊഴിലാളിയായ സജന്റെ കേസ് ജനുവരി ഇരുപത്തിയേഴിലേക്ക് മാറ്റി. കേസില്‍ സജന്റെ ചികിത്സയില്‍ വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ വിളിച്ചുവരുത്താനും അതോറിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."