ചുറ്റുമതില്‍ തകര്‍ന്ന് തൊഴിലാളികള്‍ മരിച്ച സംഭവം: എട്ട് പേര് അറസ്റ്റില്‍
ഗൂഡല്ലൂര്‍: ചുറ്റുമതില്‍ തകര്‍ന്ന് വീണ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരന് ഉള്‍പെടെ എട്ടുപേരെ കുന്നൂര് പൊലിസ് അറസ്റ്റ് ചെയ്തു. കരാറുകാരന് മോസദാസ്, ചീഫ് എന്‍ജിനീയര്‍ ഹരിഹരന്, റിസോര്‍ട്ട് ഉടമ കാര്ത്തികേയന്, ജിതീഷ്, രാജ, സൂപ്രവൈസര്‍ ജയകുമാര്‍, രഞ്ജിത്ത്, മുരുകേശന് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ 13 പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കുന്നൂര് ടൗണില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള വണ്ടിശോലയില് സ്യകാര്യ റിസോര്‍ട്ടിന്റെ നിര്‍മാണത്തിലിരിക്കുന്ന ചുറ്റുമതില്‍ തകര്‍ന്ന് വീണ് നാലു തൊഴിലാളികളാണ് മരിക്കുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേ സമയം റിസോര്‍ട്ട് നിര്‍മിക്കാന്‍ റവന്യു വകുപ്പ് അധികൃതര്‍ ഒത്താശ ചെയ്തുവെന്നും ആക്ഷേപമുയരുന്നുണ്ട്. തേയില തോട്ടം വെട്ടിനിരപ്പാക്കിയാണ് റിസോര്‍ട്ട് നിര്‍മിക്കുന്നത്. ആര്.ഡി.ഒ ഗീതാപ്രിയക്കാണ് അന്വേഷണ ചുമതല. അറസ്റ്റ് ചെയ്ത പ്രതികളെ കുന്നൂര് കോടതിയില്‍ ഹാജരാക്കി പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."