ആരോഗ്യത്തിന്റെ കേന്ദ്രബിന്ദു ആശുപത്രികളല്ല, അടുക്കളയാണ്
ഇത് മായാലോകം. കുടിക്കുന്ന വെള്ളത്തെപ്പോലും വിശ്വസിക്കാന്‍ വയ്യ. മറിമായങ്ങളുടെ ഊട്ടുപുരയിലേക്കു കയറി വരുന്ന പച്ചമുളകിനെപ്പോലും പച്ചയ്ക്ക് വിശ്വസിക്കാനുമാകില്ല. ബലിയാടാകുന്നത് നമ്മുടെ ആരോഗ്യമാണ്. ഒരല്‍പം കരുതലുണ്ടെങ്കില്‍ വ്യാജന്‍മാരുടെ ആക്രമണങ്ങളില്‍നിന്നു പരുക്കില്ലാതെ രക്ഷപ്പെടാവുന്നതേയുള്ളൂ. എല്ലാ ദിവസവും കൈ കഴുകി ചെന്നിരിക്കുന്നത് മാരകവിഷങ്ങളുടെ മുന്‍പിലാണ് എന്ന ഓര്‍മപ്പെടുത്തലിനോടൊപ്പം ഒരു ബദല്‍സംവിധാനത്തെ ഇവിടെ മുന്നോട്ടുവയ്ക്കുന്നു.
മലയാളിയുടെ ഭക്ഷണ സംസ്‌കാരം ഫാസ്റ്റ് ഫുഡിലേക്കു മാറിയപ്പോള്‍ രോഗവും ഹോട്ടലിലെ മെനുവിനൊപ്പം നമുക്കു വിലകൊടുത്തു വാങ്ങാനായി. എന്നാല്‍ വിഭിന്നമായ ഒരു ഭക്ഷണ സംസ്‌കാരത്തെ വിളമ്പുന്ന ചില ഭോജനശാലകള്‍ നാട്ടില്‍ ചിലയിടങ്ങളില്‍ കാണുന്നു. അത്തരം ഹോട്ടലുകളും ഭക്ഷണമെനുവും കേരളത്തില്‍ വ്യാപിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
തലസ്ഥാന നഗരിയിലെത്തുന്നവരെ സ്വീകരിക്കാന്‍ 'പത്തായം പ്രകൃതി ആരോഗ്യ ഭക്ഷണശാല' സ്റ്റാച്യൂവിലെ ടൂട്ടേഴ്‌സ് ലൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തെ കുടപ്പനക്കുന്നില്‍ മറ്റൊരു ഹോട്ടലും കൊച്ചിയിലെ വൈറ്റിലയിലും കോഴിക്കോട് സിവില്‍ സ്റ്റേഷനിലും റെയില്‍വേ ലിങ്ക് റോഡിലും വടകരയിലും മറ്റുമായി ചില ഹോട്ടലുകളിലും വിളമ്പുന്നത് പ്രകൃതിദത്ത ഭക്ഷണങ്ങളാണ്.
'പുത്തരി'
കോഴിക്കോട് നഗരഹൃദയത്തില്‍ ഒരു പച്ചമനുഷ്യന്‍ നടത്തുന്നതാണ് പുത്തരി ഹോട്ടല്‍. ഇവിടെയെല്ലാം പ്രകൃതിമയം. ഈ ഹോട്ടലിലെ മെനുവിനൊരു പ്രത്യേകതയുണ്ട്. അതിലൊന്നും തീന്‍മേശയിലെ സ്ഥിരം സാന്നിധ്യങ്ങളില്ല. കട്ടന്‍ചായപോലും. ഇവിടെ ഭാസ്‌കരേട്ടന്റെ രീതിയാണ്. ഭാസ്‌കരേട്ടനു പ്രകൃതിയുടെ രീതിയും. പഞ്ചസാരയും മുളക്‌പൊടിയും വെളിച്ചെണ്ണയും കട്ടന്‍ചായയും തൊടാത്ത മെനു മലയാളിക്ക് ചിന്തിക്കാനാകുമോ? കൂട്ടിനു കുത്തരിയും പച്ചക്കറി പായസവും ജാപ്പിയുമായാലോ? പക്കാ പ്രകൃതിഭക്ഷണം മാത്രമായ ഇവിടെ നഗരത്തിലെ മറ്റേതു ഹോട്ടലിലുള്ളതുപോലെ തിരക്കാണ്. ഇവിടേയ്ക്കു ഭക്ഷണം കഴിക്കാന്‍ എത്തുന്നവരില്‍ ജില്ലകള്‍ക്കപ്പുറത്തു നിന്നുള്ളവരുമുണ്ട്.
സൗകര്യങ്ങള്‍ പരിമിതമാണെങ്കിലും 120ഓളം സ്ഥിരം കസ്റ്റമേഴ്‌സുണ്ട് ഭാസ്‌കരേട്ടന്. പ്രകൃതിഭക്ഷണത്തിലേക്കൊരു മടക്കമാണ് ഇന്നത്തെ യുവാക്കളും തേടുന്നതെന്ന് ഭാസ്‌കരേട്ടന്‍ പറയുന്നു.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കോഴിക്കോടിന്റെ ഹൃദയഭാഗത്ത് റെയില്‍വേ ലിങ്ക് റോഡില്‍ അപ്‌സര തിയേറ്ററിനു തൊട്ടു പിറകിലായി പുത്തരിയുണ്ട്. നേരത്തെ പേര് പത്തായമെന്നായിരുന്നു. പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് ഹോട്ടലിന്റെ നിര്‍മാണം. മുളകളും പച്ചോലയും വച്ചുണ്ടാക്കിയ ഒരു ചെറിയ ഷെഡ്. മൂന്നു ചേച്ചിമാരും ഭാസ്‌കരേട്ടനുമാണിവിടത്തെ തൊഴിലാളികള്‍.
ഗ്യാസടുപ്പില്ല, ഫ്രിഡ്ജില്ല, ആകെയുള്ളത് പച്ചക്കറികള്‍ വിഷംപോക്കാന്‍ പുളിവെള്ളത്തിലിട്ടു വയ്ക്കുന്ന രണ്ടു ടാങ്കുകള്‍ മാത്രം. റെയില്‍വേയിലടക്കം ടൗണിലെ ഇതര സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാരാണ് സ്ഥിരം ഉപഭോക്താക്കള്‍. പല പ്രമുഖരും വന്നു പോകാറുണ്ടിവിടെ.
വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും ഈ ഭക്ഷണം തേടിയെത്തുന്നുണ്ട് പലരും. ഫോണ്‍ വിളിച്ച് ബുക്ക് ചെയ്താല്‍ ചേച്ചി എടുത്തു വയ്ക്കും. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ബുക്ക് ചെയ്തവര്‍ 60 രൂപ കൊടുക്കണം ഒരൂണിന്. നഗരത്തിലെ മറ്റു ഹോട്ടലുകളില്‍ 35 രൂപയ്ക്കും ഊണ്‍ ലഭിക്കുമ്പോള്‍ ഇത്ര വിലകൊടുത്ത് എന്തിന് വരുന്നു എന്നു ചോദിച്ചേക്കാം. അതു തന്നെയാണീ ഭക്ഷണത്തിന്റെ പ്രത്യേകതയും.
എന്നാല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ തന്നെയുള്ള പത്തായം ഹോട്ടലില്‍ ഇവിടുത്തെക്കാള്‍ പത്തു രൂപ കുറയും. വിഭവങ്ങളിലും മാറ്റമുണ്ട്. തിരുവനന്തപുരം സ്റ്റാച്യു ലൈനിലെ പത്തായത്തില്‍ നൂറു രൂപയാണ് ഊണിന്റെ വില. അവിടെ വിഭവങ്ങള്‍ ഒന്നുകൂടി സമൃദ്ധമാകും.
വിഭവങ്ങളെക്കുറിച്ച്
പുത്തരിയിലെ ഊണിനു വിഭവങ്ങളേറെയാണ്. കുത്തരിച്ചോറിനൊപ്പം വിവിധ പഴങ്ങളും പായസവും കറികളും കൂട്ടിന് ഉപ്പേരിയും. ആഴ്ചയിലോരോ ദിവസവും ഓരോ തരം പായസം. ഗോതമ്പ്, അവില്‍, മുതിര, ഫ്രൂട്ട്‌സ്, മുത്താറി, അരി... കുത്തരിച്ചോറ്- തവിട് പോവാത്ത തരം ധാന്യമായ പൊക്കാളി അരി എന്നറിയപ്പെടുന്ന അരിയാണ് ഉപയോഗിക്കുന്നത്. ജാപ്പി, കാപ്പിക്കും ചായക്കുമുള്ള ബദല്‍. മല്ലിയും ഉലുവയും ജീരകവും ഏലവും ശര്‍ക്കരയും ചേര്‍ത്ത വേറിട്ട വിഭവം.
ചായ ശരീരത്തിനു ഹാനികരമല്ലാത്തതിനാല്‍ അതും ഇവിടെ ലഭിക്കില്ല. ജാപ്പിയില്‍ പഞ്ചസാരയും ഉപയോഗിക്കാറില്ല. മധുരത്തിനു ശര്‍ക്കര മാത്രം. ഊണിനിരുന്നാല്‍ രണ്ടു തരം സലാഡും കക്കിരിയും ഒരു കഷ്ണം പപ്പായയുമുണ്ടാകും. സലാഡിന് ഉപ്പുവെള്ളത്തിലിട്ടു വച്ച് വിഷം കളഞ്ഞ പച്ചക്കറികള്‍ മാത്രമാണുപയോഗിക്കുന്നത്. ഇതിലുപയോഗിക്കുന്ന പച്ചക്കറികള്‍ വേവിക്കാറില്ല. ഉണിന് ഉപ്പേരിയായി മമ്പയര്‍, പട്ടാണിക്കടല, ഗോതമ്പ്, മുതിര തുടങ്ങിയ ധാന്യങ്ങള്‍ മുളപ്പിച്ചു മാത്രമേ ഉപയോഗിക്കൂ. സാമ്പാറുകളില്‍ മുളക്‌പൊടിയോ ഉപ്പോ പുളിയോ ഇടാറില്ല. ഇതാണ് പുത്തരിയിലെ വിഭവങ്ങള്‍.
പഞ്ചസാര, മൈദ, ഐസ്, കോഴി, മീന്‍, മുട്ട തുടങ്ങി നോണ്‍ വെജിറ്റേറിയന്‍ ഇവിടെ ലഭിക്കില്ല. രാവിലെ ജാപ്പിയോടൊപ്പം വിവിധതരം പുട്ടുകളും ചപ്പാത്തിയും തയാറായിരിക്കും. ചോളപ്പുട്ടും മുത്താറിപ്പുട്ടും ഗോതമ്പ് പുട്ടും അരിപ്പുട്ടും വിഭവങ്ങള്‍ വ്യത്യസ്തമാണ്. ആവിയില്‍ വേവിച്ചവ ഷുഗര്‍ രോഗികള്‍ക്ക് വളരെ നല്ലതാണെന്ന് ഭാസ്‌കരേട്ടന്‍ പറയുന്നു.
ഭാസ്‌കരേട്ടന് പറയാനുള്ളത്
വിശപ്പാണ് ഭക്ഷണത്തിന്റെ രുചി. വിശപ്പ് വിളിച്ചാലേ തീന്‍മേശയ്ക്കു മുന്‍പിലിരിക്കാവൂ... വേവിച്ച് കഴിഞ്ഞ് മൂന്നു മണിക്കൂറിനുള്ളില്‍ ഇവ ഭക്ഷിക്കണം. ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുന്നതു തെറ്റായ രീതിയാണ്. കഴിച്ച ഭക്ഷണം രണ്ടു മണിക്കൂറിനുള്ളില്‍ ദഹിക്കും, ഇവ നല്ലതാണെങ്കില്‍ മാത്രം. ഭക്ഷണത്തിനു രുചികൂട്ടാനും അളവു വര്‍ധിപ്പിക്കാനും നിറം നല്‍കാനും സ്ഥിരം ഉപയോഗിക്കുന്നവയാണ് അജിനാമോട്ടോയും അപ്പക്കാരവുമെല്ലാം. ഇവ കടുത്ത വിഷമാണ്. കാന്‍സറിനു വരെ കാരണമായേക്കും. ഗ്യാസിന്റെ ഉപയോഗം ശരീരത്തിനു നന്നല്ല. ഇവിടെ ഇതും ഉപയോഗിക്കുന്നില്ല. പഞ്ചസാര യഥാര്‍ഥ കെമിക്കലാണെന്നറിയാത്തവരാരാണുള്ളത്...? എന്നാലും ഇവ ഉപേക്ഷിക്കാന്‍ വയ്യ പലര്‍ക്കും. മുളകിന്റെ അവസ്ഥയും തഥൈവ.
പായ്ക്കറ്റ് മുളകുകള്‍ അള്‍സറിനു കാരണമാകാറുണ്ട്. തെറ്റായ ഭക്ഷണരീതിയാണ് ആശുപത്രികളെ വളര്‍ത്തുന്നത്. പായ്ക്കറ്റ് ഭക്ഷണക്കമ്പനിയും മരുന്നുകമ്പനിയും ഒരുടമയ്ക്കു കീഴില്‍ നടത്തുന്നുണ്ട്. ഇത് എത്ര പേര്‍ക്കറിയാം...? പെട്ടിക്കടകളില്‍ ലഭിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ആരും മനസിലാക്കുന്നില്ല. അവര്‍ക്കു വേണ്ടത് പണം മാത്രമാണ്. ജൈവ വളങ്ങളുപയോഗിച്ച് സ്വന്തം വീട്ടില്‍ വളര്‍ത്താവുന്നതേയുള്ളൂ നമുക്കാവശ്യമുള്ളവ. എന്നിട്ടും വിഷം പണം വാങ്ങിക്കഴിക്കാനാണ് ജനങ്ങള്‍ക്കിഷ്ടം.
താനൂര്‍ക്കാരന്‍ ഭാസ്‌കരേട്ടന്‍ വര്‍ഷങ്ങളായി കോഴിക്കോട് നഗരത്തിലുണ്ട്. മുന്‍പ് ജൈവവളത്തിന്റെ കച്ചവടമായിരുന്നു. അതില്‍നിന്നാണ് സുഹൃത്തുവഴി ഹോട്ടല്‍ തുടങ്ങുന്നത്. ഒന്‍പതു വര്‍ഷമായി ഇപ്പോള്‍. ഒരിക്കല്‍പോലും ഹോട്ടല്‍ ലീവാക്കിയിട്ടില്ല. ഇതൊരു സേവനം കൂടിയാണെന്ന് ചിന്തിക്കുന്ന ഭാസ്‌കരേട്ടന്‍ പ്രകൃതിവഴി ദൈവത്തിന്റെകൂടി വഴിയാണെന്നു വിശ്വസിക്കുന്നു.
ഞാന്‍ ഒന്‍പതു വര്‍ഷമായി പ്രകൃതിദത്തമായ ഭക്ഷണം കഴിക്കുന്നു. കോഴിക്കോട് എവിടെയാണെങ്കിലും ഉച്ചയ്ക്ക് ഇവിടെയെത്തും. ഇവിടുത്തെ ഭക്ഷണം കഴിച്ചുതുടങ്ങിയ ശേഷം എനിക്ക് അസുഖങ്ങളുണ്ടായിട്ടില്ല. ഒന്‍പതു വര്‍ഷമായി ഞാന്‍ ഗുളികപോലും കഴിക്കാറുമില്ല. ഇടക്കെപ്പോഴെങ്കിലും പുറത്തുനിന്നു ഭക്ഷണം കഴിച്ചാല്‍ ശരീരത്തിന് ഭാരമാണ
ഷൈലജ മാഹി
എന്‍ജിനീയര്‍ (മെക്‌നോ
എന്‍ജിനീയറിങ്, കോഴിക്കോട്)
ഞാന്‍ മൂന്നു വര്‍ഷമായി പ്രകൃതിഭക്ഷണം മാത്രമാണ് കഴിക്കാറ്. അതിനുശേഷം എനിക്ക് അസുഖങ്ങളൊന്നും തന്നെയില്ല.
അസ്വസ്ഥതകളുമില്ല. പക്ഷേ, പുതുതലമുറക്ക് ഇങ്ങനെയൊരു ഭക്ഷണരീതിയെക്കുറിച്ച് അറിയില്ല. അവരെ മോശം ഭക്ഷണം നല്‍കി നശിപ്പിക്കുന്നത് രക്ഷിതാക്കളാണ്.
ബാബു മണക്കടവ്
എക്കണോമിക്‌സ് അധ്യാപകന്‍
(നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍)
മുളപ്പിച്ച ധാന്യങ്ങളുടെ
മഹത്വമറിയുക
മലയാളികള്‍ക്ക് ഇപ്പോഴും ദഹിക്കുന്നില്ല മുളപ്പിച്ച ധാന്യങ്ങള്‍ കഴിക്കണമെന്നു പറയുമ്പോള്‍. കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പുച്ഛമാണ്. മുളപ്പിച്ച ആഹാരം കഴിക്കുന്നതും പച്ചക്കറി പച്ചയായി കഴിക്കുന്നതും അവരുടെ അജന്‍ഡയിലില്ലല്ലോ.
12 മണിക്കൂര്‍ വെള്ളത്തിലിട്ടു വച്ച ശേഷം പൊന്തിവരുന്നതെല്ലാം ഒഴിവാക്കി ബാക്കി വരുന്നത് ഒരു തുണിയില്‍ കെട്ടിവച്ചാല്‍ 12 മണിക്കൂറിനുള്ളില്‍ മുളവരും. അതില്‍ പച്ചക്കു കഴിക്കാന്‍ കഴിയുന്നത് അങ്ങനെത്തന്നെ കഴിക്കുക. ഇല്ലെങ്കില്‍ ആവിയില്‍ പുഴുങ്ങി ഉപ്പും തേങ്ങചിരവിയതും ചേര്‍ത്തു കഴിക്കുക. പ്രോട്ടീന്‍, മിനറല്‍സ്, വിറ്റാമിന്‍ എല്ലാമായി. വേവിക്കുമ്പോള്‍ ആഹാരത്തിന്റെ എണ്‍പതു ശതമാനം വരെ മൂല്യം നഷ്ടപ്പെടുന്നു. അതിനാല്‍ വേവിക്കാത്ത ആഹാരം വെന്തതിന്റെ അഞ്ചില്‍ ഒന്നുമാത്രം മതിയാകും.
രാത്രി കിടക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ തേന്‍ കഴിക്കണം. സുഖനിദ്ര കിട്ടും. ഗര്‍ഭിണികള്‍ രാവിലെ എട്ടിനു മുന്‍പും വൈകിട്ട് അഞ്ചിനു ശേഷവും വെയില്‍ കൊള്ളണം. മസ്തിഷ്‌കവും മറ്റുപല ആന്തരിക അവയവങ്ങളും പ്രവര്‍ത്തനക്ഷമമാകുവാന്‍ ഭൂമിയില്‍ ചവിട്ടി നടക്കേണ്ടത് അത്യാവശ്യമാണ്. ദിവസത്തില്‍ കഴിയുന്നത്ര സമയം ചെരുപ്പില്ലാതെ ജൈവമണ്ണില്‍ ചവിട്ടി നടക്കുന്നത് വളരെ നല്ലതാണ്.
വിറ്റാമിന്‍ സി ശരീരത്തിന് ആവശ്യമാണ്. നെല്ലിക്ക, ചെറുനാരങ്ങ, ഉരുളക്കിഴങ്ങ് എന്നിവയില്‍ വിറ്റാമിന്‍ സിയുണ്ട്. ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി പുഴുങ്ങി തോല്‍കളയാതെ തേങ്ങചേര്‍ത്ത് കഴിക്കാം. തോല്‍ കളഞ്ഞാല്‍ ഗ്യാസ്ട്രബിള്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."