പരിമിതികളുടെ മഞ്ഞുരുകി; 'നിറച്ചാര്‍ത്തി'ന് തുടക്കമായി
പെരിന്തല്‍മണ്ണ: അവധിക്കാലത്തിന്റെ ആലസ്യം വെടിഞ്ഞും കളിചിരികളുടെ നിറച്ചാര്‍ത്തൊരുക്കിയും ഭിന്നശേഷിക്കാരായ കുട്ടികളുടെ ഒത്തുചേരല്‍. കഥ പറച്ചിലും അഭിനയവും പാട്ടും പരീക്ഷണങ്ങളും വരകളും വര്‍ണങ്ങളുമായി മൂന്നു നാള്‍ ഇവര്‍ ഒന്നിച്ചുണ്ടാകും.
പെരിന്തല്‍മണ്ണ ബി.ആര്‍.സിയുടെ 'നിറച്ചാര്‍ത്ത്' സഹവാസ ക്യാംപാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഒത്തുചേരുന്നതിനും അവരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനുമുള്ള അവസരമൊരുക്കിയിരിക്കുന്നത്. ബി.ആര്‍.സി പരിധിയിലുള്ള അന്‍പത് കുട്ടികളാണ് നിറച്ചാര്‍ത്തില്‍ പങ്കെടുക്കുന്നത്. കഥക്കൂട്, വര്‍ണക്കൂട്, പരീക്ഷണക്കൂട്, കുരുത്തോലക്കൂട് എന്നിങ്ങനെ വ്യത്യസ്ഥ മൂലകളിലായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് 'നിറച്ചാര്‍ത്തി'ന് വര്‍ണപ്പകിട്ടേകുന്നത്. എ.എല്‍.പി.എസ് ഏലംകുളം സൗത്തിലാണ് ക്യാംപ് നടക്കുന്നത്.
പെരിന്തല്‍മണ്ണ നഗരസഭ സാന്ത്വനം കോഡിനേറ്റര്‍ കിഴിശ്ശേരി സലിം ക്യാംപ് ഉദ്ഘാടനം ചെയ്തു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആയിഷ അധ്യക്ഷയായി. മേലാറ്റൂര്‍ എ.ഇ.ഒ കെ.ടി സുലൈഖ, ബി.പി.ഒ പി മനോജ്കുമാര്‍, ടി.കെ ദേവരാജന്‍, എം കൃഷ്ണന്‍കുട്ടി, പി അജിത്കുമാര്‍, കെ മധുസൂദനന്‍, ദാമു സോഡിയാക്, സി.ടി ശ്രീജ, നൗഫല്‍ കോരത്ത്, എ ലീല, കെ പങ്കജാക്ഷന്‍, ടി സിന്ധു സംസാരിച്ചു.
ക്യാംപിന് തുടക്കംകുറിച്ചുകൊണ്ടുള്ള വിളംബരജാഥയ്ക്ക് റിസോഴ്‌സ് ടീച്ചേഴ്‌സായ എം സീത, പി നിഷമോള്‍, ടി സമീറ, എന്‍ സിനി, കെ ജി രാധ, കെ.ടി മുംതാസ്, ടി നജ്മ, ടി ആസ്യ, പി ജുമാന എന്നിവര്‍ നേതൃത്വം നല്‍കി.
ക്യാംപിന്റെ രണ്ടാംദിനം മലമ്പുഴയിലേക്കുള്ള പഠന-വിനോദ യാത്രയാണ്. 'നിറച്ചാര്‍ത്ത്' നാളെ അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."