ഫലസ്തീന്റെ വിജയവും ഒറ്റപ്പെടുന്ന ഇസ്‌റാഈലും
അരനൂറ്റാണ്ടില്‍ കൂടുതല്‍ പഴക്കമുള്ളതാണു ഫലസ്തീന്‍ പ്രശ്‌നം. ഇസ്‌റാഈലിന്റെ ബലാല്‍ക്കാരമായ അധിനിവേശമാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയത്. ഇസ്‌റാഈല്‍ കൈയടക്കിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍പ്പെട്ട ഗാസയില്‍നിന്നും സീനായില്‍നിന്നും മാത്രമാണ് അവര്‍ ഒഴിഞ്ഞുപോയിട്ടുള്ളത്. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗോലായി കുന്നുകള്‍ തുടങ്ങിയവ ഇപ്പോഴും ഇസ്്‌റാഈല്‍ കൈയടക്കിവച്ചിരിക്കുകയാണ്.
കൈയടക്കിയ പ്രദേശങ്ങളില്‍ ഇസ്്‌റാഈല്‍ താമസിപ്പിച്ച അഞ്ചുലക്ഷത്തിനു മുകളില്‍വരുന്ന ജൂതന്മാരെ ഒഴിഞ്ഞുപോകണമെന്ന ഐക്യരാഷ്ട്രസഭയുടെയും മറ്റു രാജ്യാന്തരസംഘടനകളുടെയും ആവശ്യത്തിനു പുല്ലുവില കല്‍പിക്കാന്‍പോലും ഇസ്്‌റാഈല്‍ തയാറായിട്ടില്ല. ഈ മേഖലയില്‍ തുടരുന്ന സംഘര്‍ഷത്തിനു കാരണവും ഇതുതന്നെയാണ്.
ഫലസ്തീന്‍പ്രദേശങ്ങളില്‍ സ്വന്തംപൗരന്മാരെ കുടിയിരുത്താനുള്ള ഇസ്്‌റാഈല്‍ നീക്കത്തിനെതിരായി യു.എന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയം ഇവര്‍ക്കേറ്റ വലിയൊരു പ്രഹരമാണ്. എക്കാലവും ഇസ്്‌റാഈലിനെ സഹായിച്ച അമേരിക്ക രക്ഷാസമിതിയില്‍ നിഷ്പക്ഷത പാലിച്ച് ഫലസ്തീനെ സഹായിച്ചതാണ് ഇസ്്‌റാഈലിനേറ്റ വലിയ തിരിച്ചടി.
ഫലസ്തീനില്‍ ഇസ്്‌റാഈല്‍ നടത്തുന്ന അനധികൃത കുടിയേറ്റത്തിനെതിരേ യു.എന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയം ഐതിഹാസികമാണ്. 15 അംഗങ്ങളുള്ള കൗണ്‍സിലില്‍ 14 വോട്ടും അനുകൂലമായി ലഭിച്ചു. അമേരിക്ക വീറ്റോ ചെയ്യാതെ ഒഴിഞ്ഞുനിന്നത് ഇസ്‌റാഈലിനു വന്‍പ്രഹരവുമായി. പ്രമേയം തടയാന്‍ ഇസ്്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അവസാന നിമിഷംവരെ കിണഞ്ഞു പരിശ്രമിച്ചിരുന്നു.
പ്രമേയത്തില്‍ പ്രതിഷേധിച്ച് ഇസ്്‌റാഈല്‍ തങ്ങള്‍ക്കെതിരേ നീങ്ങിയ രാജ്യങ്ങളുമായി നയതന്ത്രബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പ്രമേയത്തിനു നേതൃത്വം നല്‍കിയ ന്യൂസിലന്റിലെയും സെനഗലിലെയും സ്ഥാനപതിമാരെ തരിച്ചുവിളിച്ചു. സെനഗല്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനവും തടയുകയും സെനഗലിനു നല്‍കിവന്ന സാമ്പത്തികസഹായങ്ങള്‍ നിര്‍ത്തലാക്കി. മലേഷ്യ, വെനസ്വലെ എന്നീ രാജ്യങ്ങളുമായി ഇസ്്‌റാഈലിനു നയതന്ത്രബന്ധമേയില്ല.
കിഴക്കന്‍ ജറുസലേം, വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള അധിനിവേശ പ്രദേശങ്ങളില്‍നിന്ന് എത്രയുംവേഗം പൂര്‍ണമായി പിന്മാറണമെന്നാണു പ്രമേയം ഇസ്്‌റാഈലിനോട് ആവശ്യപ്പെടുന്നത്. 1979 ല്‍ നിലവില്‍വന്ന ഇസ്്‌റാഈലിന്റെ കുടിയേറ്റനയത്തെ എതിര്‍ക്കുന്ന ആദ്യപ്രമേയമാണിത്. ഇസ്്‌റാഈല്‍-പാലസ്തീന്‍ വിഷയത്തില്‍ എട്ടുവര്‍ഷത്തിനുള്ളില്‍ യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ പാസാകുന്ന ആദ്യപ്രമേയമെന്ന പ്രത്യേകതയുമുണ്ട്.
പ്രമേയത്തിന്റെ കരട് നേരത്തേ രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ ഈജിപ്ത് വിതരണം ചെയ്തിരുന്നു. ഇതിനിടയില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഈജിപ്ഷ്യന്‍പ്രസിഡന്റ് അബ്ദുള്‍ ഫത്താഫ് അല്‍ സിസിയെ വിളിച്ചതിനെത്തുടര്‍ന്നു പ്രമേയം തല്‍ക്കാലം ഒഴിവാക്കാന്‍ തീരുമാനിച്ചു.
ഈജിപ്തില്ലെങ്കിലും പ്രമേയം അവതരിപ്പിക്കുമെന്നു ന്യൂസിലാന്റ്, വെനസ്വലെ, മലേഷ്യ, സെനഗല്‍ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് പ്രമേയം വീണ്ടും സജീവമാകുന്നത്. ഇസ്്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എസ് പ്രതിനിധിയോട് വീറ്റോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥാനമൊഴിയുന്ന ഒബാമ ഭരണകൂടം അതു പരിഗണിക്കാതെ ചരിത്രം സൃഷ്ടിച്ചു.
ജനുവരി 20 നുശേഷം കാര്യങ്ങള്‍ വ്യത്യസ്ഥമായിരിക്കുമെന്നു നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രമേയം റദ്ദാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. പുതിയ പ്രമേയം കൊണ്ടുവരികയാണ് അടുത്തമാര്‍ഗം. പതിനഞ്ചംഗ രക്ഷാസമിതിയില്‍ ഇതിന് ഒന്‍പതുരാജ്യങ്ങളുടെയെങ്കിലും പിന്തുണവേണം. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ സ്ഥിരാംഗങ്ങള്‍ വീറ്റോ ചെയ്യാതിരിക്കുകയും വേണം. ഇപ്പോള്‍ പാസാക്കിയ പ്രമേയം ഈ രാജ്യങ്ങളെല്ലാം പിന്തുണച്ചുകൊണ്ടുള്ളതാണ്.
അധികാരമേറ്റെടുക്കുന്നതിനുമുന്‍പ് നെതന്യാഹുമായി ഡ്രംപ് ഈ പ്രശ്‌നം ചര്‍ച്ചചെയ്തതാണ് ഒബാമയെ ചൊടിപ്പിച്ചത്. 'ഒരുസമയം ഒരു പ്രസിഡന്റാണുള്ളത്' എന്ന വൈറ്റ് ഹൗസ് നാഷനല്‍ സെക്യൂരിറ്റി ഡെപ്യൂട്ടി അഡൈ്വസര്‍ ബെന്‍ റോഡ്‌സ് പ്രതികരിച്ചത് ഇതിന്റെ ഭാഗമാണ്. പ്രമേയം പാസായതിനെത്തുടര്‍ന്ന് ഇസ്്‌റാഈല്‍ അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു.
ഇസ്്‌റാഈലിന്റെ പക ഇപ്പോള്‍ ഐക്യരാഷ്ട്രസഭയ്ക്കു നേരേയാണ്. യു.എന്നുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്നും ഇനിമുതല്‍ വിഹിതംനല്‍കില്ലെന്നുമാണു നെതന്യാഹു പറയുന്നത്. യു.എന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയത്തെ നോക്കുകുത്തിയാക്കാനാണ് ഇസ്്‌റാഈല്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇരു കുടിയേറ്റനഗരങ്ങളിലെയും കുടിയേറ്റ പദ്ധതികള്‍ ഇസ്്‌റാഈല്‍ വ്യാപിപ്പിക്കുമെന്നാണു സൂചന.
കിഴക്കന്‍ ജറുസലേമില്‍ നിര്‍മാണം പൂര്‍ത്തിയായ 100 ലേറെ കുടിയേറ്റഭവനങ്ങള്‍ക്ക് ഈയാഴ്ചതന്നെ അംഗീകാരം നല്‍കുമെന്ന് ഇസ്‌റാഈല്‍ സര്‍ക്കാരിനു കീഴിലുള്ള ജറുസലേം ലോക്കല്‍ പ്ലാനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞു. ഒന്നരമാസത്തിനിടെ കിഴക്കന്‍ ജറുസലേമില്‍ ആയിരത്തിലധികം കുടിയേറ്റഭവനങ്ങള്‍ക്കു കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. വെസ്റ്റ് ബാങ്കിലും സമാനമായ അവസ്ഥയാണ്.
വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി ആറു ലക്ഷത്തിലധികം ഇസ്്‌റാഈലികള്‍ കുടിയേറ്റഭവനങ്ങളില്‍ താമസിക്കുന്നുണ്ട്. പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതോടെ ജൂത കുടിയേറ്റം ഇനിയും വര്‍ധിക്കും. യു.എന്‍ പ്രമേയം തങ്ങളുടെ കുടിയേറ്റപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണു ജറുസലേം മേയര്‍ മിയര്‍ തുര്‍ഗ് മെന്‍ പറയുന്നത്. ഈ മേഖലയില്‍ വന്‍ കുടിയേറ്റപദ്ധതികള്‍ ഇസ്്‌റാഈല്‍ പ്രഖ്യാപിക്കുമെന്ന സൂചനയുണ്ട്. 37,000 ത്തിലധികം ഇസ്്‌റാഈലികള്‍ താമസിക്കുന്ന കിഴക്കന്‍ ജറുസലേമിലെ മആലില മദുമിം നഗരത്തില്‍ മറ്റൊരു കുടിയേറ്റ പദ്ധതി ഇസ്്‌റാഈലിന്റെ പരിഗണനയിലുണ്ട്. ചുരുക്കത്തില്‍, സംഘര്‍ഷം മൂര്‍ഛിപ്പിക്കാനാണ് ഇസ്‌റാഈലിന്റെ നീക്കം.
അമേരിക്ക എക്കാലവും തുടര്‍ന്ന വിദേശനയം സാമ്രാജ്യത്വത്തിനും അധിനിവേശശക്തികള്‍ക്കും പച്ചക്കൊടി കാട്ടുന്നതായിരുന്നു. ആ നയത്തില്‍ ഇന്നും മാറ്റമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍, അധികാരമൊഴിയുന്ന അവസാന നാളുകളില്‍ അധിനിവേശശക്തികള്‍ക്കെതിരായി ചെറുവിരലെങ്കിലും അനക്കാനുള്ള ധീരത ഒബാമ പ്രകടിപ്പിച്ചിരിക്കുകയാണ്. പിന്‍ഗാമിയായ ട്രംപിന്റെ എല്ലാ കരുനീക്കങ്ങളെയും ചെറുത്തുകൊണ്ടാണ് ഇതെന്നതും എടുത്തുപറയേണ്ടതാണ്.
(ലേഖകന്‍ സി.എം.പി. പോളിറ്റ് ബ്യൂറോ അംഗമാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."