ദുബൈയില്‍ മരിച്ച അസ്കറിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു
നാദാപുരം: രണ്ടു ദിവസം മുന്‍പ് ദുബൈയില്‍ ജോലി സ്ഥലത്തേക്ക് പോകവേ വാഹനമിടിച്ചു മരണപ്പെട്ട ഇയ്യങ്കോട്ടെ തൊടുവയില്‍ അസ്കറിന്റെ മൃതദേഹം നാദാപുരം മുദാക്കര മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ ഖബറടക്കി. ഇന്നലെ രാവിലെ ഒന്‍പതിന് നാട്ടിലെത്തിച്ച് മറവു ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും മോശം കാലാവസ്ഥ കാരണം വിമാനം പുറപ്പെടാന്‍ വൈകി. വൈകീട്ട് ആറോടെ വിമാനം കോഴിക്കോട്ട് എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ അന്ത്യകര്‍മങ്ങള്‍ വൈകിട്ടേക്കു മാറ്റുകയായിരുന്നു.
എന്നാല്‍ ഈ വിമാനത്തിന് കോഴിക്കോട്ടും മോശം കാലാവസ്ഥ കാരണം ഇറങ്ങാന്‍ കഴിയാതായതോടെ നെടുമ്പാശ്ശേരിയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ഇവിടെ ഏഴരയോടെ ഇറങ്ങിയ വിമാനത്തിലുള്ള യാത്രക്കാരെയും അസ്കറിന്റെ മൃതദേഹവും മറ്റൊരു വിമാനത്തില്‍ പത്തോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് സ്വദേശമായ നാദാപുരം പെട്രോള്‍ പമ്പിന് സമീപത്തെ തൊടുവയില്‍ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് അര്‍ധരാത്രിയോടെ മുദാക്കര ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ചൊവ്വാഴ്ചയാണു ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയില്‍ തകരാറിലായ വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനിടെ അതുവഴി വന്ന മറ്റൊരു വാഹനം അസ്കറിനെ ഇടിച്ചു തെറിപ്പിച്ചത്.
സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ട അസ്കറിനെ ജോലി സ്ഥലത്തു എത്താത്തതിനെത്തുടര്ന്നുള്ള കൂട്ടുകാരുടെ അന്വേഷണത്തിനിടയിലാണ് അജ്മാന് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ച വിവരം അറിയുന്നത്.പിതാവ് കാദര്‍, മാതാവ് മാമി, ഭാര്യ സുമിയ്യത്ത് (ചെക്ക്യാട് ), മക്കള്‍ ഫാമിര്,ഫര്ഹാന് (ദാറുല്‍ ഹുദാ നാദാപുരം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."