ഭീകരപ്രവര്‍ത്തനം നേരിടാന്‍ തീവ്രശ്രമം
യാത്രാസൗകര്യം വര്‍ധിപ്പിച്ചും തൊഴിലില്ലായ്മ അതിജീവിച്ചുമുള്ള വികസനപ്രവര്‍ത്തനം സഊദി അറേബ്യയില്‍ വ്യാപകമായി നടക്കുന്നു. ഒപ്പം ഭീകരരുടെ ഭീഷണികള്‍ നേരിടാനുള്ള യത്‌നങ്ങളും. ശഅ്ബാന്‍ മാസത്തിനു പിന്നാലെ റമദാനും മൂന്നരമാസം കഴിഞ്ഞു ദുല്‍ഹജ്ജും വരാനിരിക്കേ അറേബ്യന്‍ മണ്ണില്‍നിന്നു സംഘര്‍ഷത്തിന്റെ പുകച്ചുരുളുകളാകെ നീക്കിക്കളയാനുള്ള ശ്രമത്തിലാണു സഊദി അറേബ്യ. സഊദി ആഭ്യന്തരമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ മക്ക ആസ്ഥാനമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ദേശീയ കേന്ദ്രം ആരംഭിച്ചുകഴിഞ്ഞു.
പതിനെട്ടായിരം കാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തനം തുടങ്ങി. അറബിയിലോ ഇംഗ്ലീഷിലോ ലഭിക്കുന്ന ഫോണ്‍ സന്ദേശങ്ങളിന്മേല്‍ മിനിട്ടുകള്‍ക്കകം നടപടി സ്വീകരിക്കത്തക്കവിധമാണു സജ്ജീകരണം. അയല്‍രാജ്യമായ യമനില്‍ ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ സഊദി ഭരണകൂടം ഒരുവര്‍ഷം മുമ്പ് ആരംഭിച്ച യുദ്ധം ഇപ്പോഴും തുടരുകയാണ്. അതേസമയം, ഇതു സുന്നികളും ഷിയാക്കളും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സഖ്യസേന വെടിനിര്‍ത്തലിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഇതിനുപക്ഷേ, ഇറാന്റെ പിന്തുണ ലഭിച്ചിട്ടില്ല. ഇറാനികള്‍ക്കു സെപ്തംബറില്‍ നടക്കുന്ന പരിശുദ്ധ ഹജ്ജ്കര്‍മത്തില്‍ പങ്കെടുക്കാന്‍ സഹായകമായ തരത്തില്‍ സഊദി അറേബ്യ മുന്നോട്ടുവച്ച കരാറിനോട് ഇറാന്‍ മുഖംതിരിഞ്ഞുനില്‍ക്കുകയാണ്. 1980 ല്‍ ഹറം പള്ളി പരിസരത്തുതന്നെ കലാപം സൃഷ്ടിച്ച് ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയവരാണ് ഇറാന്‍കാര്‍. തീവ്രവാദി ആക്രമണങ്ങള്‍ സഊദിയുടെ അതിരുകള്‍ക്കകത്തേയ്ക്കു കടക്കുന്നതു തടയാനുള്ള വമ്പിച്ച മുന്നൊരുക്കങ്ങളാണു നടത്തിക്കെണ്ടിരിക്കുന്നത്.
ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെന്നു സംശയിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയാണു സ്വീകരിക്കുന്നത്. നാട്ടുകാര്‍ എന്നോ വിദേശികള്‍ എന്നോ വിവേചനം ഇല്ല. കഴിഞ്ഞ ജനുവരിയില്‍ ഒരൊറ്റ ദിവസം 47 പേരെ തൂക്കിലേറ്റിയതില്‍ സഊദി പൗരന്മാര്‍ മാത്രമല്ല, പ്രമുഖ ശിയാനേതാവുകൂടി ഉള്‍പ്പെട്ടിരുന്നു. അതിനുപിന്നാലെ ത്വാഇഫില്‍ നടന്ന പൊലിസ് സ്‌റ്റേഷന്‍ ആക്രമണത്തിലെ പ്രതികളെ പിടികൂടി. 2012 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എഴുപതുലക്ഷം വോട്ടോടെ തെരഞ്ഞെടുക്കപ്പെട്ട അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരമേല്‍ക്കാനനുവദിക്കാതെ ഹൂതികള്‍ ആരംഭിച്ച കലാപമാണു യെമനില്‍ ഇടപെടാന്‍ സഊദിയെ പ്രേരിപ്പിച്ചത്.
അതിന് അവര്‍ക്കു സഖ്യസേനകളുടെ പിന്‍ബലവും ലഭിച്ചു. ആസിഫത്തുല്‍ ഹസം (നിര്‍ണായക കൊടുങ്കാറ്റ്) എന്ന പേരുനല്‍കിയാരംഭിച്ച പേരാട്ടത്തിന് ഒരു വര്‍ഷത്തിനുശേഷുവും അന്ത്യംകാണാന്‍ കഴിഞ്ഞില്ല. ഇരുപക്ഷത്തും വ്യാപകമായ ആള്‍നഷ്ടവും ധനനഷ്ടവുമുണ്ടായി. തലശ്ശേരി ചിറക്കര സ്വദേശി ഫാറൂഖിനെയും കൊല്ലംസ്വദേശി വിഷ്ണുവിനെയും പോലുള്ള മലയാളികളും കൊല്ലപ്പെട്ടു. അതിനിടയില്‍ ഐ.എസ് തീവ്രവാദി ഗ്രൂപ്പ് യെമനില്‍ ഇടയ്ക്കിടെ സ്‌ഫോടനങ്ങളും നടത്തുന്നുണ്ട്. നേരത്തേ അല്‍ഖാഇദയുടെ പിടിയിലായിരുന്ന മുക്കല്ല തുറമുഖ പ്രദേശം നഷ്ടപ്പെട്ടതിനുള്ള പ്രതികാരമെന്ന നിലയിലാണു കഴിഞ്ഞ മാസം രണ്ടുതവണ ഐ.എസ് ബോംബാക്രമണം നടത്തിയത്. ചാവേറുകളെ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ആദ്യതവണ 41 പേരും രണ്ടാംതവണ 47 പേരും കൊല്ലപ്പെട്ടു.
എണ്‍പതുകാരനായ സല്‍മാന്‍ രാജാവ് മുഖ്‌റിന്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദിനെ കിരീടാവകാശി സ്ഥാനത്തുനിന്നു നീക്കി മുഹമ്മദ് ബിന്‍ നര്‍ഫിനെ പകരംവയ്ക്കുകയും മകനായ മുഹമ്മദ്ബിന്‍ സല്‍മാനെ ഉപകിരീടാവകാശിയായി നിയോഗിക്കുകയും ചെയ്തു. ഇരുപതുവര്‍ഷത്തിലേറെയായി മന്ത്രിസ്ഥാനം വഹിക്കുന്ന ശൈഖ് അലി അല്‍ നുഐമി എന്ന എണ്‍പതുകാരനെയും നീക്കി.
ആരോഗ്യമന്ത്രി ശൈഖ് ഖാലിദ് അല്‍ഫാലിഹിന്റെ കീഴില്‍ ഊര്‍ജമന്ത്രാലയത്തിന്റെ ഭാഗമാക്കി. നാട്ടിനകത്തും പുറത്തുമുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണു സഊദി ഭരണകൂടം. ഒന്നരവര്‍ഷം മുമ്പു ഖാലിദ് രാജാവിന്റെ മരണത്തെത്തുടര്‍ന്ന് അധികാരമേറിയ സഹോദരന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍സഊദ് ഇതിനകം മന്ത്രിസഭയില്‍ രണ്ടുവലിയ അഴിച്ചുപണി നടത്തുകയുണ്ടായി.
ഇന്ത്യയടക്കം ഒരു ഡസനിലേറെ രാജ്യങ്ങളിലെ ഭരണാധികാരികളെ സഊദിയിലേയ്ക്കു ക്ഷണിച്ചു. രാജ്യരക്ഷ, സാമ്പത്തികം, തൊഴില്‍, ക്ഷേമം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. നാട്ടിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇതു പ്രവാസികളെ ബാധിക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും വ്യവസായവത്ക്കരണത്തില്‍ വിദേശീയരുടെ പങ്കു വളരെ അത്യാവശ്യമാണെന്നു സഊദി ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്.
രണ്ടേമുക്കാല്‍ കോടി ജനസംഖ്യ മാത്രമുള്ള സഊദിയില്‍ ഇപ്പോള്‍ത്തന്നെ 90 ലക്ഷത്തോളം വിദേശികളുണ്ട്. അക്കാരണത്താല്‍ പാസ്‌പോര്‍ട്ടും വിസയുമില്ലാതെ വന്നുകയറിയ അനധികൃതതാമസക്കാര്‍ക്കെതിരായ നടപടി തുടരാനാണു തീരുമാനിച്ചിരിക്കുന്നത്.
ഹജ്ജിനും ഉംറയ്ക്കും വരുന്നവര്‍ അതു കഴിഞ്ഞു രേഖകളില്ലാതെ തങ്ങുന്നതു സുരക്ഷിതത്വത്തിനു ഭീഷണിയാണെന്നു സര്‍ക്കാര്‍ ഭയപ്പെടുന്നു. നാല്‍പ്പതുവര്‍ഷത്തിനുള്ളില്‍ വിദേശങ്ങളിലെ നാല്‍പ്പതോളം സഊദി എംബസികള്‍ക്കുനേരേയുണ്ടായ ആക്രമണം ജാഗ്രതയോടെയാണു കാണുന്നത്. എണ്ണ വിലയിടിവു തടഞ്ഞു സാമ്പത്തികസ്ഥിതി ഭദ്രമാക്കാനുള്ള യത്‌നങ്ങള്‍ മുറയ്ക്കുനടക്കുന്നു. എണ്ണയിതര രംഗത്തു കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണു ശ്രമം.
വിഷന്‍ 2020 എന്ന പേരില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗരേഖ നികുതിഘടനയാകെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു. ജലനികുതി പലമടങ്ങു വര്‍ധിപ്പിച്ചു കഴിഞ്ഞു. പ്രവാസികള്‍ നാട്ടിലേയ്ക്കയക്കുന്ന പണത്തിനുപോലും നികുതി ചുമത്തണമെന്ന നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. യാത്രാസൗകര്യം മെച്ചപ്പെടുത്തി തീര്‍ഥാടകരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമവും സജീവമാണ്. ജിദ്ദയിലെയും റിയാദിലെയും മദീനയിലെയും വിമാനത്താവള വികസനപ്രക്രിയ സജീവമായി നടക്കുന്നു. ഈ വര്‍ഷംതന്നെ 29 പുതിയ വിമാനങ്ങള്‍ വാങ്ങും. ക്രെയിന്‍ വീണു കുറേപ്പേര്‍ മരിച്ചശേഷം പ്രവര്‍ത്തനം നിലച്ച ഹറം പള്ളിയിലെ വികസനപ്രവര്‍ത്തനം പുനരാരംഭിച്ചു.
തലസ്ഥാനമായ റിയാദില്‍നിന്നു ഭരണസിരാകേന്ദ്രമായ ജിദ്ദയിലേയ്ക്കുള്ള ആറുവരി റെയില്‍പാതയുടെ നിര്‍മാണവും മൂന്നിലൊരു ഭാഗം പൂര്‍ത്തിയായിക്കഴിഞ്ഞു. 74 കിലോമീറ്റര്‍ അണ്ടര്‍ഗ്രൗണ്ട് റെയിലാണു പണിയുന്നത്.
വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ് സഊദി പൗരന്മാരുടെ ഭീമമായ തൊഴിലില്ലായ്മക്കു പ്രധാനകാരണമെന്നു ഭരണകൂടം മനസിലാക്കിക്കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തേയ്ക്കു നാട്ടുകാരെ ആകര്‍ഷിക്കാനായി റിയാദില്‍ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനവും 78 ശില്‍പശാലകളും നടത്തി. അമേരിക്ക, ഇംഗ്ലണ്ട്, ആഫ്രിക്ക, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍, ഇറ്റലി, മലേഷ്യ, ഹോളണ്ട്് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസവിചക്ഷണരാണു ക്ലാസുകള്‍ നയിച്ചത്.
നൂറിലേറെ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷംതന്നെ ആരംഭിക്കും. ടെലികോം മേഖലയിലെ തൊഴില്‍ സാധ്യതകണ്ടു വനിതാവിദ്യാഭ്യാസരംഗത്തു വിപ്ലവാത്മമായ സംരംഭങ്ങള്‍ക്കു ഭരണകൂടം തുടക്കം കുറിച്ചു. ഏക്കര്‍കണക്കിനു ഭൂമിയില്‍ നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു റിയാദ് വിമാനത്താവളത്തിനരികെ വനിതകള്‍ക്കു മാത്രമായി ആരംഭിച്ച പ്രിന്‍സസ് നൂറാ സര്‍വകലാശാല അറബ് ലോകത്തെ ഉന്നതസ്ഥാപനമായി വളര്‍ന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."