പിണറായിക്ക് എങ്ങനെ കേരളത്തിനു സമാധാനം നല്‍കാനാകും: കുമ്മനം
കണ്ണൂര്‍: സ്വന്തം കുടുംബത്തിനും നാട്ടിലുള്ളവര്‍ക്കും സംരക്ഷണം ഉറപ്പുനല്‍കാന്‍ കഴിയാത്ത പിണറായി വിജയന്‍ എങ്ങനെ കേരളത്തിലെ ജനങ്ങള്‍ക്കു സമാധാനവും സന്തോഷവും പൗരാവകാശവും ഉറപ്പുനല്‍കുമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാര്‍ക്കും സംരക്ഷണം നല്‍കുമെന്ന പിണറായിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവര്‍ മുഖ്യമന്ത്രിയായാലും അക്രമപരമ്പരകളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നാണു സാധാരണ പറയാറുള്ളത്. എന്നാല്‍ ബി.ജെ.പിയെ മാത്രം കുറ്റപ്പെടുത്തുന്ന പ്രസ്താവനയാണ് പിണറായിയില്‍ നിന്നുണ്ടായത്. നിയുക്ത മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ അക്രമപരമ്പരകള്‍ നടക്കുകയാണ്. എന്നാല്‍ പിണറായി അതു കണ്ടില്ലെന്നു നടിക്കുന്നു. പുതിയ സര്‍ക്കാരില്‍നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട എം.പിമാരുടെ സംഘത്തെ കേരളത്തിലേക്കയക്കണം. അക്രമമേഖലകള്‍ കോടിയേരിക്കൊപ്പം സന്ദര്‍ശിക്കാന്‍ തയാറാണെന്നു കണ്ണൂരില്‍ സി.പി.എമ്മിന്റെ അക്രമത്തിനിരയായ പിണറായി അടക്കമുള്ള പ്രദേശങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകളും മറ്റും സന്ദര്‍ശിച്ചശേഷം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."