പരപ്പനങ്ങാടി വൈദ്യുതി സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായി
പരപ്പനങ്ങാടി: കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന്നൊടുവില്‍ പരപ്പനങ്ങാടി 110 കെ.വി.വൈദ്യുതി സബ്ബ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായി. പരീക്ഷണാടിസ്ഥാനത്തില്‍ ലൈനുകളിലൂടെ വൈദ്യുതി പ്രവഹിപ്പിക്കല്‍ കഴിഞ്ഞ ദിവസം നടന്നു . ഔപചാരികമായ ഉദ്ഘാടനം ജനുവരി മൂന്നാം വാരത്തില്‍ നടക്കുമെന്ന് ബോര്‍ഡ് അധികൃതര്‍ സൂചിപ്പിച്ചു.
പരപ്പനങ്ങാടി വൈദ്യുതി സബ്ബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള വൈദ്യുതി ബോര്‍ഡിന്റെ വിജ്ഞാപനം 1993 ല്‍ പുറത്തു വന്നെങ്കിലും വീണ്ടും അഞ്ചു കൊല്ലം കഴിഞ്ഞാണ് വൈദ്യുതി ബോര്‍ഡ് ഭൂമിയുടെ സര്‍വേ നടത്തിയത്.തുടര്‍ന്ന് വൈദ്യുതി ലൈന്‍ കടന്നു പോകുന്ന പ്രദേശത്തു നിന്നും നൂറോളം കേസുകള്‍ ഹൈക്കോടതിയിലും എ.ഡി.എം.കോടതിയിലുമായി എത്തി.നിലം വിട്ടുയരാതിരുന്ന സബ്ബ് സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം 2014ല്‍ ആണ് നടന്നത്. മന്ത്രിയായിരുന്ന പി.കെ.അബ്ദുറബ്ബിന്റെ ശ്രമഫലം കൊണ്ടു കൂടിയാണ് കേസുകള്‍ തീര്‍പ്പാക്കലും സബ്ബ് സ്റ്റേഷന്‍ നിര്‍മാണം, ലൈന്‍ വലിക്കല്‍ എന്നിവയും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയത്. ഏകദേശം മുപ്പതു കോടി രൂപയാണ് പരപ്പനങ്ങാടി സബ്ബ് സ്റ്റേഷന്റെ നിര്‍മാണച്ചെലവ്.
പരപ്പനങ്ങാടി നഗരസഭയിലെ ഉള്ളണം, ചിറമംഗലം, പരപ്പനങ്ങാടി കടപ്പുറം, പരപ്പനങ്ങാടി ടൗണ്‍ എന്നീ ഭാഗങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ സബ്ബ് സ്റ്റേഷനില്‍നിന്ന് വൈദ്യുതി എത്തുക. തുടര്‍ന്ന് മറ്റ് പ്രദേശങ്ങളിലേക്കും എത്തും. പരപ്പനങ്ങാടി സബ്ബ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇപ്പോള്‍ പരപ്പനങ്ങാടിയിലേക്ക് വൈദ്യുതി നല്‍കുന്ന ചേളാരി, തിരൂര്‍, എടരിക്കോട് സബ്ബ് സ്റ്റേഷനുകളുടെ ഭാരം കുറയും. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ വോള്‍ട്ടേജ് കുറവിന് ഇതോടെ പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."