മലയാളികളടക്കം അഞ്ചുപേരെ ജീവനോടെ കുഴിച്ചുമൂടിയ സഊദി പൗരന്മാര്ക്ക് വധശിക്ഷ
ജിദ്ദ: സഊദിയിലെ ഖത്തീഫില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസില്‍ മൂന്നു സഊദി പൗരന്മാര്ക്കു വധശിക്ഷ. രണ്ടുവര്‍ഷം നീണ്ട വിചാരണയ്ക്കൊടുവിലാണ് ഇവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഖത്തീഫിലെ സഫ്വയില്‍ 2010ലായിരുന്നു സംഭവം.
കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ഷാജഹാന് കുഞ്ഞ്, തിരുവനന്തപുരം കല്ലമ്പലം സ്വദേശി സലീം അബ്ദുല്‍ഖാദര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, കന്യാകുമാരി സ്വദേശികളായ ലാസര്‍, ബഷീര്‍ ഫാറൂഖ് എന്നിവരാണു കൊല്ലപ്പെട്ടത്.
സ്പോണ്‍സറുടെ മകളേയും മറ്റു സ്ത്രീകളേയും പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണു മദ്യലഹരിയിലായിരുന്ന തങ്ങള്‍ ഇവരെ ജീവനോടെ കുഴിച്ചുമൂടിയതെന്നു പ്രതികളിലൊരാള്‍ പറഞ്ഞു.
പിന്നീട് നാലുവര്‍ഷത്തിനു ശേഷം 2014 ജനുവരിയിലാണ് കൃഷി ആവശ്യത്തിനായി മണ്ണെടുക്കുന്നതിനിടെ അഞ്ചു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കൊപ്പം ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പിന്നീട് ഡി.എന്‍.എ അടക്കമുള്ള വിശദമായ പരിശോധനകള്‍ നടത്തി മൃതദേഹം ആരുടേതെന്നു സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്നു സംശയിക്കപ്പെട്ട 25ലേറെ ആളുകളെ പിടികൂടി ചോദ്യം ചെയ്തവരില്‍ മൂന്നുപേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സഫ്വ പൊലിസ് സ്റ്റേഷനിലെ സി.ഐ.ഡി വിഭാഗം മേധാവി കേണല്‍ ഗാന്ധി സെനാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."