തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്ക് എത്തുന്നത് മാമ്പഴമല്ല; മാരകവിഷം
തൊടുപുഴ: വിഷമാമ്പഴം അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഒഴുകുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ ഉറക്കത്തില്‍. തമിഴ്‌നാട്ടിലെ മാന്തോപ്പുകളില്‍ നിന്നു മൂപ്പെത്താത്തത് അടക്കമുള്ള മാങ്ങയാണ് രണ്ടുദിവസം കൊണ്ട് പഴമാക്കി മാറ്റുന്നത്. കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ് മാമ്പഴത്തെ വിഷലിപ്തമാക്കുന്നത്. തമിഴ്‌നാട്ടില്‍ ഗൂഡല്ലൂരിലടക്കം വഴിയോരങ്ങളില്‍ താല്‍ക്കാലിക ഓല ഷെഡുകളില്‍ മാങ്ങക്കച്ചവടം നടത്തുന്ന നിരവധി സംഘങ്ങളുണ്ട്. കൂട്ടിയിട്ടും പെട്ടിക്കുള്ളില്‍ വച്ചും കടുംപച്ചമാങ്ങകളുടെ ഇടയില്‍ കാല്‍സ്യം കാര്‍ബൈഡ് തുണിയില്‍ പൊതിഞ്ഞ് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. രാസവസ്തു സ്‌പ്രേ ചെയ്യുന്ന രീതിയും പിന്തുടരുന്നുണ്ട്.
ഇത്തരം കാര്‍ബൈഡ് ചേര്‍ന്ന മാങ്ങകള്‍ ഒന്നും രണ്ടും ദിവസം കൊണ്ട് പഴുത്ത പരുവത്തിലാകുന്നു. തമിഴ്‌നാട് മാമ്പഴത്തിന്റെ പ്രധാന മാര്‍ക്കറ്റ് കേരളമായതിനാല്‍ ഇതിന്റെ തിക്തഫലം നേരിട്ടനുഭവിക്കുന്നത് മലയാളികളാണ്. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ നിന്നു കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലേക്കും. ചെന്നൈ, മധുര, ട്രിച്ചി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലേക്കും മാമ്പഴം കയറ്റി അയക്കുന്നുണ്ട്. തേനി, മധുര, ഡിണ്ടിഗല്‍ ജില്ലകളിലായി മലയാളികള്‍ക്കു ഹെക്ടര്‍ കണക്കിന് മാവിന്‍ തോട്ടങ്ങളാണുള്ളത്. എറണാകുളം, കോട്ടയം, കൊല്ലം, ജില്ലകളില്‍ നിന്നുള്ളവരാണു തോട്ടം ഉടമകളിലേറെയും.
തമിഴ്‌നാട്ടില്‍ മാങ്ങ കഴിച്ചതിനെത്തുടര്‍ന്ന് നിരവധി ആളുകള്‍ ചികിത്സ തേടി കമ്പം, തേനി അടക്കമുള്ള സ്ഥലങ്ങളിലെ ആശുപത്രികളിലെത്തിയിരുന്നു. ഇതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് അധികൃതരും പൊലിസും ചേര്‍ന്ന് കടകളിലും വാഹനങ്ങളിലും റെയ്ഡുകള്‍ വ്യാപകമാക്കി. മാമ്പഴ റെയ്ഡ് തമിഴ്‌നാട്ടില്‍ ശക്തമാക്കിയതോടുകൂടി മധ്യകേരളത്തിലെ ചില വ്യാപാരികള്‍ മാങ്ങ കൊണ്ടുവന്ന് വ്യാപകമായി രഹസ്യകേന്ദ്രങ്ങളില്‍ ഒളിപ്പിച്ചിട്ടുണ്ട്. രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് കൃത്രിമമാര്‍ഗത്തിലൂടെ പഴുപ്പിച്ച് തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വില്‍പ്പനക്കെത്തിക്കുന്ന മാമ്പഴവും മറ്റു പഴവര്‍ഗങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണു ഉണ്ടാക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് പച്ചമാങ്ങ വാങ്ങി ഹൈറേഞ്ചില്‍ എത്തിച്ച് കൃത്രിമമായി പഴുപ്പിച്ച് വില്‍പ്പന നടത്തുന്ന നിരവധി ഗോഡൗണുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. വിളവെടുപ്പിന് മുന്‍പുതന്നെ ഒട്ടേറെ പ്രാവശ്യം മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നതിലൂടെ പച്ചമാങ്ങകളും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉപഭോക്താക്കളില്‍ ഉണ്ടാക്കുന്നത്. മാവ് പൂവിടുന്നിടം മുതല്‍ മാങ്ങ ഒരുവിധം മൂപ്പെത്തുംവരെ വിവിധ ഘട്ടങ്ങളിലായി പതിനാലോളം തവണ അമിത മരുന്നുപ്രയോഗമാണ് മാവുകളില്‍ നടത്തുന്നത്.
തമിഴ്‌നാട്ടിലെ വത്തളഗുണ്ട്, പെരിയകുളം, ഒട്ടംചിത്രം, ബോഡിനായ്ക്കന്നൂര്‍, ഗൂഡല്ലൂര്‍, നാമക്കല്‍ തുടങ്ങി സ്ഥലങ്ങളില്‍ നിന്നുമാണ് മാമ്പഴം കേരളത്തിലെത്തുന്നത്.
സ്വന്തമായി മാങ്ങ പറിച്ചുവില്‍പ്പന നടത്തുന്നവരും മാന്തോട്ടങ്ങള്‍ പാട്ടത്തിന് നല്‍കുന്ന തോട്ടം ഉടമകളുമാണ് ഇവിടുള്ളത്. തോട്ടം പാട്ടത്തിനെടുക്കുന്നവര്‍ കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതിന് കൃത്രിമമായി രാസവസ്തുക്കള്‍ ചേര്‍ത്ത് മാങ്ങ പഴുപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുകൊണ്ട് തൂക്കത്തിലും വന്‍ ലാഭമാണിവര്‍ക്കുണ്ടാകുന്നത്. കടകളിലും വഴിയോരങ്ങളിലും വര്‍ണപ്പെട്ടികളിലും മനോഹരമായ തരത്തില്‍ അലങ്കാര രൂപത്തില്‍ വച്ചിരിക്കുന്ന മാങ്ങ വാങ്ങുന്നവര്‍ ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മാരകവിഷത്തെ കുറിച്ച് അറിയാതെയാണ് രോഗികളാകുന്നത്. സ്‌പ്രേയറും കീടനാശിനിയുമെല്ലാം തമിഴ്‌നാട് കൃഷിവകുപ്പ് സബ്‌സിഡി നിരക്കിലാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. മൂപ്പെത്തുന്നതിനു മുന്‍പുതന്നെ രാസവസ്തുക്കളുടെ സഹായത്തോടെ പഴുപ്പിച്ച് കൊണ്ടുവരുന്ന മാമ്പഴമാണ് കേരളാ മാര്‍ക്കറ്റില്‍ അധികവും എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."