ആഹ്ലാദാരവങ്ങളോടെ ഫോര്‍ട്ട്‌കൊച്ചി പുതുവത്സരത്തെ വരവേറ്റു
മട്ടാഞ്ചേരി: തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഫോര്‍ട്ട്‌കൊച്ചി പുതുവത്സരത്തെ വരവേറ്റു.
പോയ വര്‍ഷത്തിന്റെ നന്‍മയും തിന്‍മയും കൂറ്റന്‍ പപ്പാഞ്ഞിയുടെ രൂപത്തില്‍ അഗ്നിയേറ്റ് വാങ്ങിയപ്പോള്‍ പുതിയ വര്‍ഷത്തിന്റെ പ്രഭാതം പൊട്ടി വിരിഞ്ഞു.
കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലുകളില്‍ നിന്ന് കൂട്ട സൈറണ്‍ മുഴങ്ങിയപ്പോള്‍ പപ്പാഞ്ഞിക്ക് തിരി കൊളുത്തി.
പ്രതീക്ഷയുടെ പുതിയ പ്രകാശം പൊട്ടി വിടര്‍ന്നതോടെ തിങ്ങി നിറഞ്ഞ ജനക്കൂട്ടം ''ഹാപ്പി ന്യൂ ഇയര്‍'' എന്ന് ആര്‍ത്ത് വിളിച്ചു.
സംസ്ഥാനത്ത് പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് ഇന്നലെ രാവിലെ മുതല്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ ഫോര്‍ട്ട്‌കൊച്ചിയിലേയും പരിസര പ്രദേശങ്ങളിലേയും ഹോട്ടലുകളും ഹോംസ്റ്റേകളും ബുക്ക് ചെയ്ത് കഴിഞ്ഞിരുന്നു.
ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വരുന്ന വാഹനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിച്ചതിന് ശേഷമാണ് കടത്തി വിട്ടത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ക്യാമറകളും സ്ഥാപിച്ചിരുന്നു. ബോര്‍ഡര്‍ പരിശോധനയും ശക്തമാക്കിയിരുന്നു.
ഇന്നലെ രാവിലെ മുതല്‍ തന്നെ ഫോര്‍ട്ട്‌കൊച്ചിയിലെ ഓരോ തെരുവുകള്‍ കേന്ദ്രീകരിച്ചും വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പപ്പാഞ്ഞികളെ ഒരുക്കി പാട്ടും നൃത്തവുമായി പുതുവല്‍സരം ആഘോഷിച്ചു.
കടപ്പുറത്ത് കൂറ്റന്‍ പപ്പാഞ്ഞിക്ക് തിരി കൊളുത്തിയപ്പോള്‍ തെരുവുകളില്‍ സ്ഥാപിച്ച പപ്പാഞ്ഞികളേയും അഗ്‌നിക്കിരയാക്കി. പപ്പാഞ്ഞിയുടെ വേഷമണിഞ്ഞാണ് പലരും എത്തിയത്. മേയര്‍ സൗമിനി ജയിന്‍,എം.എല്‍.എമാരായ കെ.ജെ.മാക്‌സി, ഹൈബി ഈഡന്‍, ജോണ്‍ ഫര്‍ണാണ്ടസ്, ഡപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ്, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ അഥീല അബ്ദുല്ല, ചലച്ചിത്ര സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കത്തിക്കല്‍.
പൂമരം പടത്തിലെ ഹിറ്റ് ഗാനം ആലപിച്ച ഫൈസല്‍ റസി പാടാനെത്തിയിരുന്നു. അരങ്ങ് കൊഴുപ്പിക്കാന്‍ നാടന്‍ പാട്ടുകളുമുണ്ടായിരുന്നു.
ഇന്ന് വൈകിട്ട് നാലിന് സാംസ്‌കാരിക ഘോഷയാത്രയോടെ ഈ വര്‍ഷത്തെ പുതുവല്‍സരാഘോഷങ്ങള്‍ക്ക് സമാപ്തിയാകും.
വൈകിട്ട് ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്രയില്‍ വിവിധ നിശ്ചല ദൃശ്യങ്ങളും പ്രഛന്ന വേഷ ധാരികളും അണിനിരക്കും. നാടന്‍ കലാരൂപങ്ങള്‍ റാലിക്ക് കൊഴുപ്പേകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."