ജലക്ഷാമം: 10,900 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും; കുടിവെള്ളം റേഷനാക്കും
തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി തുടങ്ങി. വീടുകള്‍ക്കും വ്യവസായശാലകള്‍ക്കുമായി വാട്ടര്‍ റേഷനിങ് സമ്പ്രദായം ആവിഷ്‌കരിക്കാനാണ് തീരുമാനം. ഫെബ്രുവരി അവസാനത്തോടെ ജലക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. കുടിവെള്ളം സംഭരിക്കുന്ന റിസര്‍വോയറുകളില്‍ ഇപ്പോഴത്തെ രീതിയില്‍ ഒന്നരമാസം കൂടി വിതരണം ചെയ്യാന്‍ ജലമുണ്ട്.
തുലാവര്‍ഷ മഴയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം കുറവുണ്ടായതാണ് വരള്‍ച്ചാഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. 2016 മാര്‍ച്ച് ഒന്നു മുതല്‍ 31 വരെയുള്ള പ്രി മണ്‍സൂണ്‍ കാലയളവിലെ മഴയിലും 18 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിരുന്നു. കുടിവെള്ളം സംരക്ഷിക്കുന്ന എല്ലാ റിസര്‍വോയറുകളിലെയും ജലനിരപ്പ് നാല്‍പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാനത്തുടനീളം 10,900 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
ദുരന്തനിവാരണ അതോറിറ്റി വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ആലപ്പുഴ, കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട്,കണ്ണൂര്‍, എറണാകുളം ജില്ലകളിലെ ചില പഞ്ചായത്തുകളില്‍760 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചാണ് കുടിവെള്ളം വിതരണം ചെയ്തത്. ഇക്കുറി മിക്കവാറും എല്ലാ ജില്ലകളിലും വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കേണ്ടിവരുമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കേണ്ടതിന്റെയും ജലവിതരണത്തിന് ഏജന്‍സിയെ നിശ്ചയിക്കേണ്ടതിന്റെയും ചുമതല അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ്. ജനുവരി അവസാനത്തോടെ ജലവിഭവ മന്ത്രിയുടെ സാന്നിധ്യത്തില്‍ കലക്ടര്‍മാരുടെ യോഗം വിളിച്ച് നടപടികള്‍ ചര്‍ച്ച ചെയ്യും. അയ്യായിരം മുതല്‍ പതിനായിരം ലിറ്റര്‍വരെ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ച് ജലവിതരണം ചെയ്യുന്നതാണ് പദ്ധതി. ഒരാള്‍ക്ക് ഒരുദിവസം നിശ്ചിത അളവില്‍ മാത്രമേ ജലം നല്‍കൂ. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാട്ടര്‍ കിയോസ്‌കുകള്‍ അനുവദിക്കുന്നത്.
അതേസമയം വ്യവസായ യൂനിറ്റുകള്‍ ഉപയോഗിക്കുന്ന ഭൂഗര്‍ഭ ജലത്തിന്റെ അളവ് 75 ശതമാനമായി കുറയ്ക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. സംസ്ഥാനത്തെ ഭൂരിഭാഗം വ്യവസായശാലകളും വ്യാപകമായി ജലചൂഷണം നടത്തുന്നുണ്ടെന്നും അനിയന്ത്രിതമായി ഭൂഗര്‍ഭജലം ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ജലവിനിയോഗം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടും പിഴ ചുമത്തിയിട്ടും നിലപാടില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കി നടപടി ശക്തമാക്കുമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
കുടിവെള്ള സംരക്ഷണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണം ശക്തമാക്കാനും വാട്ടര്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിവിധ സന്നദ്ധ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും യോഗം വിളിച്ചുചേര്‍ക്കും. ജലസംരക്ഷണം പ്രത്യേക കാംപയിനായി ഏറ്റെടുക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്താനും ആലോചിക്കുന്നുണ്ട്.
ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനല്‍മഴ ലഭ്യമായാല്‍ വരള്‍ച്ചക്ക് ഒരു പരിധിവരെ എങ്കിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍ അതോറിറ്റിയും ഭൂഗര്‍ഭജല വകുപ്പും. സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ജലവിതരണ പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ എ.ഷൈനമോളും പ്രവര്‍ത്തനരഹിതമായ കുഴല്‍കിണറുകള്‍ അറ്റകുറ്റപ്പണി നടത്തി ജലം ലഭ്യമാക്കുന്നതിനു നിര്‍ദേശം നല്‍കിയതായി ഭൂഗര്‍ഭജല വകുപ്പ് ഡയറക്ടര്‍ ജോസ് ജെയിംസും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."