ഏലം കള്ളക്കടത്ത് തടയാന്‍ പദ്ധതികള്‍; സായുധ പൊലിസ് സഹായത്തോടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍
തൊടുപുഴ:സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ കുറവുവരുത്തുന്ന ഏലം കള്ളക്കടത്ത് തടയാന്‍ നികുതി വകുപ്പ് ഊര്‍ജിത പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. ആദ്യപടിയായി സായുധ പൊലിസ് സേനയുടെ സഹായത്തോടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ വിന്യസിപ്പിക്കും. അന്തിമരൂപം തയാറാക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും നികുതി വകുപ്പ് സെക്രട്ടറിയുമായ പി. മാരാപാണ്ഡ്യന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം അടുത്തദിവസം ചേരുന്നുണ്ട്. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലയും ഇദ്ദേഹത്തിനായതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ സുഗമമാകുമെന്നാണ് വിലയിരുത്തല്‍.
കള്ളക്കടത്ത് സംഘത്തിന് പ്രാദേശിക പൊലിസ് സംഘവുമായി അടുത്ത ബന്ധമാണുള്ളത്. വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സേവനം തേടിയാല്‍ പൊലിസ് പലപ്പോഴും വിമുഖത കാട്ടുകയാണ്. കഴിഞ്ഞ ദിവസം കുമളിയില്‍ സമാന്തര പാതയിലൂടെ ഏലം കടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്റലിജന്‍സ് ഓഫിസര്‍ സഹായം അഭ്യര്‍ഥിച്ചിട്ടും അസിസ്റ്റന്റ് കമ്മിഷണര്‍ (ഇന്റലിജന്‍സ്) സി.പി. മക്കാര്‍ കട്ടപ്പന ഡി.വൈ.എസ്.പി യുമായി ബന്ധപ്പെട്ട ശേഷമാണ് പൊലിസ് എത്താന്‍ തയാറായത്.
തമിഴ്‌നാട്ടിലേക്ക് കടത്താനായി 40 ചാക്കുകളില്‍ നിറച്ച് ടെമ്പോ ട്രാവലറില്‍ കയറ്റുന്നതിനിടെ 2220 കിലോ ഏലമാണ് പിടിച്ചെടുത്തത്. സമീപകാലത്ത് സംസ്ഥാനത്ത് പിടികൂടിയ ഏറ്റവും വലിയ കള്ളക്കടത്തായിരുന്നു ഇത്. 7.75 ലക്ഷം രൂപയാണ് ഇതിന് പിഴ ഈടാക്കിയത്.
ആദ്യഘട്ടത്തില്‍ ആറു ജില്ലകളില്‍നിന്നുള്ള 15 സ്‌ക്വാഡുകളെയാണ് രംഗത്തിറക്കുന്നത്. ആംഡ് പൊലിസിന്റെ സഹായം സ്‌ക്വാഡുകള്‍ക്ക് ലഭ്യമാക്കുന്നതു സംബന്ധിച്ച് ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പൊലിസ് സഹായത്തോടെ രംഗത്തിറങ്ങിയാല്‍ കള്ളക്കടത്ത് പൂര്‍ണമായും തടയാനാകുമെന്നാണ് നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍. സ്‌പൈസസ് ബോര്‍ഡിന്റെ സഹകരണത്തോടെ കള്ളക്കടത്തിനെതിരേ ബോധവത്കരണ പരിപാടികള്‍ക്ക് രൂപം കൊടുക്കാനും പദ്ധതിയുണ്ട്. ലേല കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. ലേലത്തില്‍ പതിഞ്ഞശേഷം വില്‍ക്കാതെ തിരിച്ചെടുക്കുന്ന കായ് സംബന്ധിച്ച് വിശദ വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്ന നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.
ഇത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും. തിരിച്ചെടുക്കുന്ന കായ് വീണ്ടും ലേലത്തില്‍ പതിയുമ്പോള്‍ അക്കാര്യവും രേഖപ്പെടുത്തണം. വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ നികുതി വകുപ്പ് ആസ്ഥാനത്ത് അതാത് ദിവസം എത്തിക്കണം.
ഈ നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതോടെ ഏലം വിപണനം സുതാര്യമാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കള്ളക്കടത്ത് വ്യാപകമായതോടെയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വന്‍ കുറവുണ്ടായത്. ബോഡിമെട്ട്, കുമളി, കമ്പംമെട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകള്‍ വഴിയാണ് കള്ളക്കടത്ത് വര്‍ധിച്ചിരിക്കുന്നത്. വാളയാര്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും അധികം നികുതി വരുമാനം ഉണ്ടായിരുന്നത് ചിന്നാര്‍ ചെക്ക് പോസ്റ്റിലായിരുന്നു. ഇപ്പോള്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ചിന്നാറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."