കണിച്ചാമല്‍ ആലയില്‍പടിയില്‍ നിന്ന് ഇളനീര്‍ വ്രതക്കാര്‍ കൊട്ടിയൂരിലേക്ക്
തളിപ്പറമ്പ്: കൊട്ടിയൂര്‍ ഇളനീരാട്ടത്തിനുള്ള ഇളനീര്‍ കാവുകളുമായി കണിച്ചാമല്‍ ആലയില്‍ പടിയില്‍ നിന്നു ഇളനീരാട്ടക്കാര്‍ യാത്രതിരിച്ചു. ഇന്നലെ രാവിലെ ഏഴോടെയാണ് തറമ്മല്‍ നാരായണന്‍ കാരണവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം യാത്ര തിരിച്ചത്. നാലു ദിവസത്തെ കാല്‍നട യാത്രയ്ക്കു ശേഷം 27ന് ഇവര്‍ കൊട്ടിയൂരില്‍ എത്തിച്ചേരും. 21 ദിവസത്തെ വ്രതശുദ്ധിയുമായാണ് സംഘം ഇളനീര്‍ കാവുകളുമായി കൊട്ടിയൂരിലേക്കു തിരിക്കുന്നത്.
മുന്നൂറു വര്‍ഷത്തോളം പഴക്കമുള്ള കണിച്ചാമല്‍ ആലയില്‍ ഇളനീര്‍ പടിക്ക് ഇരുവേശി ഇല്ലത്തു നിന്നാണ് ആലയില്‍ കുഞ്ഞിരാമന്‍ കാരണവര്‍ക്കു സ്ഥലം പതിച്ചു നല്‍കിയത്. മുന്‍ കാലങ്ങളില്‍ നാല്‍പതോളം ആളുകള്‍ വരെ ഇളനീര്‍ സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും കഠിനമായ വ്രതചര്യകളും ദിവസങ്ങളോളം വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുന്നതും കാരണം പുതിയ തലമുറയില്‍ ആളുകള്‍ കുറഞ്ഞു വരികയാണെന്ന് ഇപ്പോഴത്തെ കാരണവര്‍ തറമ്മല്‍ നാരായണന്‍ പറയുന്നു. ആറ് ഇളനീര്‍ അടങ്ങുന്ന കാവുകളാണ് സംഘം കൊണ്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."