വഴിമുടക്കാന്‍ തൊണ്ടി വാഹനങ്ങള്‍; വഴികാട്ടാന്‍ ആരുമില്ല
കാഞ്ഞങ്ങാട്: താലൂക്കിന്റെ ഭരണ സിരാകേന്ദ്രമായ പുതിയകോട്ടയില്‍ ജനങ്ങള്‍ക്കും ഓടുന്ന വാഹനങ്ങള്‍ക്കും വഴിമുടക്കിയായി തൊണ്ടി വാഹനങ്ങള്‍. ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന് പുറത്തായി റോഡരികില്‍ നിരയായി നിര്‍ത്തിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങളാണ് ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമായി മാറിയിരിക്കുന്നത്.
ഹൊസ്ദുര്‍ഗ് ടി.ബി, പൊലിസ് സ്റ്റേഷന്‍ എന്നിവക്ക് പുറമെ നഗരത്തിന്റെ തീരദേശമായ കുശാല്‍ നഗര്‍, പുഞ്ചാവി, ഹൊസ്ദുര്‍ഗ് കടപ്പുറം ഭാഗങ്ങളിലേക്കു പോകുന്ന പാതയുടെ ഓരത്താണ് തൊണ്ടി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇതുകാരണം പാതയില്‍ കൂടി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും മറ്റും കടന്നു പോകുന്നതിനു തടസം നേരിടുകയാണ്.
പുറമെ പൊലിസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഓഫിസുകളിലേക്കും മറ്റും വരുന്ന കാല്‍നട യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ പെടാന്‍ സാധ്യതയുമുണ്ട്. ഹൊസ്ദുര്‍ഗ് ഗവ. സ്‌കൂളിലേക്കും മറ്റു സ്‌കൂളുകളിലേക്കും രാവിലെയും വൈകിട്ടും നിരവധി വിദ്യാര്‍ഥികള്‍ കടന്നുപോകുന്ന പാത കൂടിയാണിത്. എന്നാല്‍ തീരദേശ മേഖലയിലേക്കും തിരിച്ചും ഓട്ടോ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പാതയില്‍ പലപ്പോഴും കാല്‍ നടയാത്രക്കാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടത്തിനിരയാകും.
ഒരുഭാഗത്ത് അഗ്നിരക്ഷാ സേന ഓഫിസ്, പിറകിലായി ആര്‍.ടി.ഒയുടെ വാഹന പരിശോധന മൈതാനി, റോഡിനരികിലായി ആര്‍.ഡി.ഒ, സബ് ട്രഷറി, നഗരസഭാ ഓഫിസുകളും സ്ഥിതിചെയ്യുന്നു.
എതിര്‍ഭാഗത്തയി ഹൊസ്ദുര്‍ഗ് ടി.ബി, പൊലിസ് സ്റ്റേഷന്‍, സബ് ഡിവിഷന്‍ ഓഫിസ്, സബ് റജിസ്റ്റാര്‍ ഓഫിസ്, മിനി സിവില്‍സ്റ്റേഷന്‍ എന്നിവയും സ്ഥിതിചെയ്യുന്നുണ്ട്.
ഇത്രയും ഓഫിസുകളിലേക്ക് നിത്യേന ഒട്ടനവധി ആളുകള്‍ സഞ്ചരിക്കുന്ന പാതയോരത്താണ് തൊണ്ടി വാഹനങ്ങള്‍ നിരത്തി അധികൃതര്‍ കാല്‍നട യാത്രക്കാര്‍ക്ക് പോലും സൗകര്യമില്ലാത്ത തരത്തില്‍ വാഹനങ്ങള്‍ നിരത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഈ പ്രശ്‌നം അവസാനിപ്പിക്കാന്‍ തൊണ്ടി വാഹനങ്ങള്‍ മുഴുവനും ചെമ്മട്ടംവയല്‍ ഭാഗത്തെ പ്രദേശത്തേക്ക് മാറ്റിയിരുന്നു.
ഇതിനു ശേഷം പിടികൂടിയ മണല്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ഇപ്പോള്‍ വഴിമുടക്കിക്കിടക്കുന്നത്. വാഹനങ്ങള്‍ ഓടിച്ചു വരുന്നവര്‍ക്കും നടന്നുപോകുന്നവര്‍ക്കും എതിര്‍ ഭാഗത്തേക്കുള്ള കാഴ്ചകൂടി മറക്കുന്ന രീതിയിലാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
എന്നാല്‍ അഗ്നിരക്ഷാ നിലയത്തില്‍നിന്നും അടിയന്തര സാഹചര്യത്തില്‍ ഓടിപ്പോകേണ്ടി വരുന്ന വാഹനങ്ങള്‍ക്കും ഈ പാതയില്‍ കിതച്ചുകൊണ്ട് ഓടാന്‍ മാത്രമേ സാധിക്കുന്നുള്ളൂ.
വഴിമുടക്കിക്കിടക്കുന്ന വാഹനങ്ങളെ ഇവിടെനിന്നും മാറ്റാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."