കോണ്‍ഗ്രസ് ഇന്ന് ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഉപരോധിക്കും
കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 ന് കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഉപരോധിച്ച് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യാതൊരു മുന്നൊരുക്കവുമില്ലാതെ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് ജനജീവിതം കഴിഞ്ഞ രണ്ട് മാസക്കാലമായി ദുരിതപൂര്‍ണമാക്കിയ നരേന്ദ്രമോദിയുടെ വികലമായ സാമ്പത്തികപരിഷ്‌ക്കരണങ്ങള്‍ മൂലമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസ് ഉപരോധം സംഘടിപ്പിക്കുന്നത്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് തങ്ങളുടെ സ്വന്തം പണം ലഭ്യമാവാതെ ജനങ്ങള്‍ എ.ടി.എമ്മിന് മുമ്പിലും ബാങ്കുകള്‍ക്ക് മുമ്പിലും ക്യൂ നില്‍ക്കുകയാണ്. ഒട്ടനവധി ആളുകള്‍ ക്യൂ നിന്ന് കുഴഞ്ഞുവീണ് മരിച്ചു. നോട്ട് നിരോധനം മൂലമുള്ള എല്ലാ വിഷമതകളും 50 ദിവസങ്ങള്‍ക്കകം പരിഹരിച്ച് ജനജീവിതം സാധാരണ നിലയിലായില്ലെങ്കില്‍ തന്നെ തൂക്കിലേറ്റിക്കോളു എന്ന പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ അതേ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനജീവിതം ഇന്നും ദുരിതപൂര്‍ണമായി തുടരുകയാണ്. ജനങ്ങള്‍ അനുഭവിക്കുന്ന എല്ലാവിധ ദുരിതങ്ങളും പ്രയാസങ്ങളും കണ്ടിട്ടും പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസം ക്ഷമയോടെ കാത്തിരുന്നതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചത്. വരും നാളുകളില്‍ ഈ നോട്ട് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ജനങ്ങള്‍ അനുഭവിക്കുന്ന വിഷമതകള്‍ അവസാനിപ്പിക്കുന്നതിനും നടപടി ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ വലിയ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യവ്യാപകമായി നേതൃത്വം നല്‍കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ച് കെ.പി.സി.സി നിര്‍ദേശപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കക്ഷി-രാഷ്ട്രീയ ഭേദമന്യെ രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും കോണ്‍ഗ്രസിനുണ്ടെന്നാണ് വിശ്വസിക്കുന്നത്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാവിലെ 10 ന് കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫിസ് പരിസരത്തേക്ക് എത്തിച്ചേരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ കെ.എല്‍ പൗലോസ്, എന്‍.ഡി അപ്പച്ചന്‍, പി.വി ബാലചന്ദ്രന്‍, വി.എ മജീദ്, പി.പി ആലി, എം.എ ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."