കലോത്സവ വേദികളില്‍ കക്കാട് പുഴയുടെ പേരില്ല
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികളില്‍ കക്കാട് പുഴയുടെ പേര് ഒഴിവാക്കപ്പെട്ടത് വിവാദമാവുന്നു. കണ്ണൂര്‍ നഗരത്തോടു ചേര്‍ന്ന് ഒഴുകുന്ന ഏറെ പ്രാധാന്യമുള്ള കക്കാട് പുഴയുടെ പേര് വേദികളില്‍ ഒന്നിനു പോലും നല്‍കിയില്ല. കണ്ണൂരിന്റെ സമീപ ജില്ലകളിലെ പുഴകളുടെ പേരുകള്‍ പോലും കലോത്സവ വേദികള്‍ക്ക് നല്‍കിയപ്പോള്‍ കക്കാട് പുഴയുടെ പേര് ഒഴിവാക്കപ്പെട്ടത്.
കണ്ണൂരില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള കക്കാട് പുഴ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. അതിനിടയിലാണ് സംസ്ഥാന കലോത്സവ വേദികള്‍ക്ക് നദികളുടെ പേരു നല്‍കിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പും കക്കാട് പുഴയെ മറന്നിരിക്കുന്നത്. അരനൂറ്റാണ്ടു മുമ്പുവരെ കണ്ണൂരിലെ വാണിജ്യ തുറമുഖമായിരുന്നു കക്കാട് പുഴ. മലബാര്‍ മാന്വലില്‍ വില്ല്യം ലോഗന്‍ മൂന്നു സ്ഥലങ്ങളില്‍ കക്കാട് പുഴയെ പരാമര്‍ശിച്ചിട്ടുണ്ട്. പുഴക്കടുത്തുള്ള ഉയര്‍ന്ന പ്രദേശം ടിപ്പു സുല്‍ത്താന്റെ കോട്ട നിര്‍മിക്കുന്നതിനു ഉചിതമാണെന്ന അറക്കല്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സുല്‍ത്താന്റെ സൈന്യം കക്കാട് പുഴയിലൂടെ വന്നു പരിശോധന നടത്തിയതായി മലബാര്‍ മാന്വലില്‍ ലോഗന്‍ പരാമര്‍ശിച്ചിരുന്നു.
ഇത്തരത്തില്‍ ചരിത്രപ്രാധാന്യമുള്ള കക്കാട് പുഴ സംരക്ഷണത്തിനു നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തിറങ്ങി പ്രവര്‍ത്തിക്കുമ്പോഴാണ് അധികൃതര്‍ കക്കാട് പുഴയെ മറന്നത്. കക്കാട് പുഴ സംരക്ഷണത്തിനു കോര്‍പറേഷന്‍ പ്രത്യേക പദ്ധതിയും കലക്ടര്‍ പ്രൊജക്ട് റിപ്പോര്‍ട്ടും തയാറാക്കുന്നുണ്ട്. കലോത്സവ വേദികളില്‍ പുഴകളുടെ പേരിടുമ്പോള്‍ കക്കാട്പുഴയെ മറന്നു പോയ തെറ്റു തിരുത്താന്‍ അധികൃതര്‍ തയാറാവണമെന്നാണ് പുഴ സംരക്ഷണസമിതി പ്രവര്‍ത്തകനായ അഹമ്മദ് മാണിയൂരടക്കമുള്ളവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."