നായാട്ടു സംഘത്തിലെ യുവ എന്‍ജിനീയറുടെ മരണം; ഒളിവില്‍പോയ രണ്ടുപേര്‍ പിടിയില്‍
കോതമംഗലം: തട്ടേക്കാട് വനത്തില്‍ നായാട്ടിനു പോയ യുവ എന്‍ജിനീയര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. നായാട്ടു സംഘത്തിലുണ്ടായിരുന്ന ഞായപ്പിള്ളി സ്വദേശികളായ വടക്കേല്‍ ഷൈറ്റ് ജോസഫ് (40), ചെരുവിള പുത്തന്‍വീട്ടില്‍ അജേഷ് രാജന്‍ (28) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകന്‍ ടോണി മരിച്ചത് അബദ്ധത്തില്‍ വെടിയേറ്റാണെന്ന് അവര്‍ മൊഴി നല്‍കി. കാട്ടാനയില്‍ നിന്ന് രക്ഷ നേടാനാണ് വെടിവെച്ചതെന്നും ലക്ഷ്യം തെറ്റി ടോണിക്ക് കൊണ്ടതാണെന്നുമാണ് മൊഴി.
സംഭവത്തെ തുടര്‍ന്ന് ഷൈറ്റും അജേഷും ഒളിവില്‍ പോകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പുലര്‍ച്ചെ ഇവരെ ഞായപിള്ളിയില്‍ നിന്നും മൂവാറ്റുപുഴ ഡി.വൈ.എസ്.പി.യുടെ പ്രത്യേക സംഘം ഇവരെ പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മൂവാറ്റുപുഴ ഡി.വൈ.എസ്.പി.ഓഫിസില്‍ എത്തിച്ച് ചോദ്യം ചെയ്തു.
വനത്തിലൂടെ നാലുപേരും ഒന്നിച്ച് സഞ്ചരിക്കുമ്പോള്‍ ആനയുടെ മുന്നില്‍പ്പെട്ടുവെന്നും ചിതറി ഓടിയപ്പോള്‍ ഹെഡ്‌ലൈറ്റ് നഷ്ടപ്പെട്ടതിനാല്‍ നടന്ന സംഭവങ്ങള്‍ കാണുവാന്‍ കഴിഞ്ഞില്ലെന്നും ഇവരുടെ മൊഴിയിലുണ്ട്. ഈ സമയം ഷൈറ്റിന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയാണ് അപകടമുണ്ടായതെന്നുമാണ് ചോദ്യം ചെയ്യലില്‍ പൊലിസിനു ലഭിച്ച വിവരം.
തെളിവെടുപ്പിനായി ഇവരെ ഇന്ന് രാവിലെ തട്ടേക്കാട് വനത്തില്‍ കൊണ്ടുപോകും. തുടര്‍ന്ന് വൈകീട്ടോടെ കോതമംഗലംകോടതിയില്‍ ഹാജരാക്കും.
ബുധനാഴ്ച രാത്രി ഞായപ്പിള്ളി ഭാഗത്തെ വനാതിര്‍ത്തിയില്‍ നിന്ന് കിലോമീറ്റര്‍ ഉള്ളില്‍ വനത്തില്‍ ഞായപ്പിള്ളി മുടിയുടെ സമീപം നായാട്ടിനു പോയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന ടോണി മരിക്കുകയും ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകന്‍ ബേസിലിനെ (32) ഗുരുതര പരിക്കുകളോടെ ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തു.
ടോണി മരിച്ചത് വെടിയേറ്റ് രക്തം വാര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമാവുകയായിരുന്നു. ശരീരത്തില്‍നിന്നു വെടിയുണ്ടയും കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."