പാമ്പാടി നെഹ്‌റു കോളജിലേക്കുള്ള വിദ്യാര്‍ഥി മാര്‍ച്ച് അക്രമാസക്തം
തൃശൂര്‍: വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തിരുവില്വാമല പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജില്‍ രാവിലെ നടന്ന വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി.
കോളജ് അധികൃതരുടെ പീഡനം മൂലമാണ് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് എസ്.എഫ്.ഐയുടെയും എം.എസ്.എഫിന്റെയും കെ.എസ്.യുവിന്റെയും നേതൃത്വത്തിലാണ് മാര്‍ച്ചുകള്‍ നടന്നത്.
പൊലിസ് വലയം ഭേദിച്ച് ഉള്ളില്‍ കടന്ന പ്രവര്‍ത്തകര്‍ കോളജ് തല്ലിത്തകര്‍ത്തു. കെട്ടിടത്തിലെ മുഴുവന്‍ മുറികളും ക്ലാസ് മുറികളും കാന്റീനും തകര്‍ത്തിട്ടുണ്ട്. മൂന്ന് കാറുകളും ആക്രമണത്തില്‍ തകര്‍ന്നു. പൊലിസ് ജീപ്പിനു നേരെയും കല്ലേറുണ്ടായി. അക്രമ സംഭവങ്ങള്‍ക്കു ശേഷം വിദ്യാര്‍ഥി സംഘടനകള്‍ കോളജ് പരിസരത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കോളജിനകത്തു കടന്ന ഒരു വിദ്യാര്‍ഥിയെ പൊലിസ് മര്‍ദിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. കെ.എസ്.യു,എം.എസ്.എഫ് മാര്‍ച്ചിനു പിന്നാലെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിലേക്കെത്തിയത്. പ്രദേശത്തു വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സഹ വിദ്യാര്‍ഥികളുടെയും ബന്ധുക്കളുടേയും ആരോപണം. കോളജ് അധികൃതരുടെ മാനസികവും ശാരീരികവുമായ പീഡനത്തില്‍ മനംനൊന്താണു വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നു.
വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും ശരീരത്തില്‍ ചതവുകളേറ്റ പാടുണ്ടായിരുന്നതായും കഴിഞ്ഞദിവസം ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനേജുമെന്റ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിക്കുകയും മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കാന്‍ വിമുഖത കാട്ടിയതായും സഹ വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."