സ്വകാര്യ അരി മില്ലിലെ റെയ്ഡ്: ആദ്യ ദിനം തിട്ടപ്പെടുത്തിയത് 60 ടണ്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി
കോട്ടയം: റാണി ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ആര്‍പ്പൂക്കരയുള്ള റാണി റൈസ്മില്ലില്‍ നിന്നും പിടിച്ചെടുത്ത അരിയില്‍ ആദ്യദിനം തിട്ടപ്പെടുത്തിയത് ഭക്ഷ്യയോഗ്യമല്ലാത്ത 60 ടണ്‍ അരി.
നെല്ലു സംഭരണ ചുമതലകളില്‍ നിന്നും അരിയാക്കി കൈമാറുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളില്‍ നിന്നും മില്ലിനെ ഒഴിവാക്കിയേക്കും. ഗോഡൗണില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ഭക്ഷ്യയോഗ്യമല്ലാത്ത അരിയും നെല്ലും സിവില്‍ സപ്‌ളൈസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ വിശദമായി പരിശോധിച്ചു കൃത്രിമം വ്യക്തമായ സാഹചര്യത്തിലാണിത്.
ഭക്ഷ്യയോഗ്യമല്ല എന്നു ബോധ്യപ്പെടുന്ന റിജക്ടഡ് മുദ്ര പതിച്ച ചാക്കുകളില്‍ നിന്നായി 60 ടണ്ണോളം അരി ആദ്യ ദിവസം തൂക്കി മാറ്റി. ഇത്രത്തോളം ഭക്ഷ്യ യോഗ്യമല്ലാത്ത അരിയും നെല്ലും ഇനിയും അളന്നു തിട്ടപ്പെടുത്താന്‍ ശേഷിക്കുകയാണ്. ഇന്നും പരിശോധന തുടരും.
രഹസ്യ വിവരത്തെതുടര്‍ന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് 2.45 മുതല്‍ ആരംഭിച്ച റെയ്ഡിലാണ് 100 ടണ്ണിനടുത്ത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയും നിലവാരം കുറഞ്ഞ നെല്ലും പിടിച്ചെടുത്തത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന നെല്ല് സംഭരിക്കുന്നതിനും കുത്തി അരിയാക്കി ചാക്കിലാക്കി കെമാറുന്നതിനും സിവില്‍ സപ്‌ളൈസ് വകുപ്പ് അടയാളപ്പെടുത്തിയിരിക്കുന്ന ഗോഡൗണിലായിരുന്നു റിജക്ടഡ് (ഭക്ഷ്യയോഗ്യമല്ല) എന്ന് മുദ്രചാര്‍ത്തിയ ആയിരക്കണക്കിന് ചാക്ക് അറപ്പുളവാക്കുന്ന അവസ്ഥയിലുള്ള അരി കണ്ടെത്തിയത്. ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്നതാണ് അരി. ഇവ നിറം ചേര്‍ത്ത് റേഷന്‍അരിയില്‍ കലര്‍ത്തി പൊതുവിതരണ ശൃംഖലയിലേക്ക് എത്തിക്കാന്‍ ലാക്കാക്കിയാണ് സൂക്ഷിച്ചിരുന്നതെന്ന് സിവില്‍ സപ്‌ളൈസ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."