തോല്‍വിയില്‍ ആടിയുലഞ്ഞ് ആര്‍.എസ്.പി
രാജു ശ്രീധര്‍
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ആര്‍.എസ്.പിയെ എത്തിച്ചത് സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍. തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഗൗരവമായി കാണാതിരുന്നതാണു നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തൂത്തെറിയപ്പെടാന്‍ പ്രധാനകാരണമെന്ന വിമര്‍ശനവുമായി യുവനിരയും രംഗത്തെത്തി. പരാജയത്തിന്റെ ചുവടുപിടിച്ചു കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പരസ്യമായി രംഗത്തുവന്നിരുന്നു. പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടത്ര പിന്തുണ കോണ്‍ഗ്രസില്‍ നിന്നു ലഭിച്ചിട്ടില്ലെന്നാണു നേതാക്കളുടെ പ്രധാന ആരോപണം.
ഏറ്റവും വലിയ തിരിച്ചടിയായത് മന്ത്രി ഷിബു ബേബി ജോണ്‍, സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എന്നിവരുടെ പരാജയമാണ്. പാര്‍ട്ടിയുടെ ഈറ്റില്ലമായ കൊല്ലത്ത് ഉള്‍പ്പെടെ മത്സരിച്ച അഞ്ചു സീറ്റുകളിലും ദയനീയ തോല്‍വിയാണു പാര്‍ട്ടിക്കുണ്ടായത്. തിരുവിതാംകൂറിലെ തൊഴിലാളി സമരങ്ങളില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയിട്ടുള്ള ആര്‍.എസ്.പിയുടെ പ്രതിനിധികള്‍ നിയമസഭ കാണാതെപോകുന്നതും ഇതാദ്യമാണ്. ഇതിനിടെ തിരിച്ചടിയില്‍ ഇരുട്ടില്‍തപ്പുന്ന മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ ആര്‍.എസ്.പി-ബി വിഭാഗത്തിന് ഇടതുമുന്നണിയുമായി സഹകരിച്ചുമുന്നോട്ടുപോകണമെന്ന അഭിപ്രായമാണുള്ളത്.
എന്നാല്‍ എന്‍.കെ.പ്രേമചന്ദ്രനു പെട്ടന്ന് ഇടതുമുന്നണിയുമായി സമരസപ്പെടാന്‍ കഴിയില്ല. നിലവില്‍ ഇടതുമുന്നണിയിലേക്കു പോകുന്നതിന് ആര്‍.എസ്.പിക്കു പല തടസങ്ങളുമുണ്ട്. എന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി ആര്‍.എസ്.പിയിലെ പ്രബലവിഭാഗം ഇടതുമുന്നണിയിലേക്കു തിരിച്ചുപോയേക്കാമെന്നു പ്രമുഖ നേതാവ് 'സുപ്രഭാത'ത്തോടു പറഞ്ഞു.
ഇതിനിടെ എന്‍.കെ.പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍, എ.എ.അസീസ് എന്നിവര്‍ സ്ഥാനമാനങ്ങള്‍ പങ്കിട്ടെടുക്കുന്നതിലും തെരഞ്ഞെടുപ്പുകളില്‍ അവര്‍ മാത്രം സ്ഥാനാര്‍ഥികളാകുന്നതിലും പ്രതിഷേധമുള്ള യുവജനവിഭാഗം തെരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിക്കഴിഞ്ഞു.
വരും ദിവസങ്ങളില്‍ കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി ലെനിനിസ്റ്റിലേക്ക് ആര്‍.എസ്.പിയില്‍ നിന്നു കൊഴിഞ്ഞുപോക്കുണ്ടാകാനുള്ള സാധ്യതയും ഏറി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കൊല്ലം സീറ്റിന്റെ പേരിലാണ് ആര്‍.എസ്.പി ഇടതുമുന്നണി വിട്ടത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എം.എ.ബേബിക്കുണ്ടായ പരാജയം ആര്‍.എസ്.പിയെ യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയാക്കിയെങ്കിലും പിന്നീടു നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു തിരിച്ചടിയായിരുന്നു ലഭിച്ചത്. ആര്‍.എസ്.പി മുന്നണി മാറിയതിനെ തുടര്‍ന്നുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ മുഴുവന്‍ നിയമസഭാസീറ്റുകളിലും ഇടതുമുന്നണി വിജയക്കൊടി പാറിച്ചതോടെ യു.ഡി.എഫില്‍ ആര്‍.എസ്.പിയുടെ പ്രസക്തി തന്നെ ഇല്ലാതായിക്കഴിഞ്ഞു. ഒരുകാലത്തു ഒന്‍പതു നിയമസഭാംഗങ്ങളും രണ്ടു പാര്‍ലമെന്റംഗങ്ങളും ഉണ്ടായിരുന്ന ആര്‍.എസ്.പിക്ക് ഇപ്പോള്‍ കൊല്ലം ലോക്‌സഭാംഗത്വം മാത്രമാണുള്ളത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."