ഭിന്നത രൂക്ഷം: ബി.ജെ.പി നേതൃയോഗങ്ങള്‍ തര്‍ക്കങ്ങള്‍ക്കു വേദിയാകും
തിരുവനന്തപുരം: ബി.ജെ.പിയില്‍ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തില്‍ കോട്ടയത്ത് തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ തര്‍ക്കങ്ങള്‍ക്കു വേദിയാകും. നേതാക്കള്‍ മൂന്നുചേരികളായി തിരിഞ്ഞു പോരടിക്കുകയും ഭിന്നത മറനീക്കി പുറത്തുവരികയും ചെയ്യുന്നതിനിടയിലാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. ചലച്ചിത്ര സംവിധായകന്‍ കമലിനെതിരേ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നടത്തിയ വിദ്വേഷ പ്രസ്താവനയാണ് ഏറ്റവുമൊടുവില്‍ ഭിന്നത പുറത്തുവരാന്‍ ഇടയാക്കിയിരിക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ച് പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ രാധാകൃഷ്ണനും പി.കെ കൃഷ്ണദാസും നേതൃത്വം നല്‍കുന്ന ഗ്രൂപ്പ് നടത്തുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കൃഷ്ണദാസും കൂടെ നില്‍ക്കുന്ന മറ്റു ചില നേതാക്കളും രാധാകൃഷ്ണന്റെ പരാമര്‍ശങ്ങളെ ന്യായീകരിക്കുമ്പോള്‍ മറ്റു ഗ്രൂപ്പുകള്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും ഇത്തരം അതിരുകടന്ന നിലപാടുകള്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിനുള്ളത്. രാധാകൃഷ്ണനെ പരസ്യമായി ന്യായീകരിക്കാനും കുമ്മനം ഇതുവരെ തയാറായിട്ടില്ല.
മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭനും പാര്‍ട്ടി വക്താവ് എം.എസ് കുമാറുമടങ്ങുന്ന മൂന്നാം ഗ്രൂപ്പാകട്ടെ രാധാകൃഷ്ണനെതിരേ പരസ്യമായി തന്നെ രംഗത്തുവന്നിരിക്കയുമാണ്. ഒരാളോട് രാജ്യം വിട്ടു പോകണമെന്നു പറയാന്‍ ആര്‍ക്കും അധികാരമില്ലെന്നും കമലിനെതിരേ മാത്രമല്ല നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ക്കെതിരേ ഉയര്‍ത്തിവിട്ട വിവാദങ്ങളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് സി.കെ പത്മനാഭന്‍ ഇന്നലെ തുറന്നടിക്കുകയുണ്ടായി. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എന്തിന് ഈ അസഹിഷ്ണുതയെന്ന് ചോദിച്ചുകൊണ്ട് എം.എസ് കുമാര്‍ ഫേസ് ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഇതുവഴി രാധാകൃഷ്ണന്‍ പക്ഷത്തോടുള്ള എതിര്‍പ്പ് ഇവര്‍ പരസ്യമായി പ്രഖ്യാപിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയില്‍ മൃദുഹിന്ദുത്വ സമീപനമുള്ളവരുടെ പിന്തുണ നേടാനും പൊതുസമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത കൈവരിക്കാനുമാണ് ഈ വിഭാഗം ലക്ഷ്യമിടുന്നത്. കമലിനെതിരായ പ്രസ്താവന ആയുധമാക്കി നേതൃയോഗങ്ങളില്‍ രാധാകൃഷ്ണന്‍ പക്ഷത്തെ നേരിടാനുള്ള നീക്കത്തിലാണ് മറ്റു രണ്ടു ഗ്രൂപ്പുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."