ബീവറേജ് ഔട്ട്‌ലെറ്റുകള്‍ മാറ്റാനുള്ള ശ്രമം ആരംഭിച്ചു
മാനന്തവാടി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ നിന്നും വിദേശമദ്യഷാപ്പുകള്‍ മാറ്റാനുള്ള സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ മൂന്ന് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
വൈത്തിരി, ബത്തേരി, പനമരം എന്നീ ഔട്‌ലെറ്റുകളാണ് പാതയോരങ്ങളില്‍ നിന്നും മാറ്റി സ്ഥാപിക്കുന്നത്. ബാക്കി വരുന്ന മാനന്തവാടി, അമ്പലവയല്‍, പുല്‍പ്പള്ളി എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ക്ക് നിലവിലെ കോടതി നിര്‍ദേശം ബാധമാവുകയില്ല.
മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റ് നിലവില്‍ സംസ്ഥാന പാതയായ കല്‍പ്പറ്റ-തലശ്ശേരി റോഡിലെ വള്ളിയൂര്‍ക്കാവ് ജംഗ്ഷനില്‍ നിന്നും 500 മീറ്റര്‍ പരിധിക്കുള്ളിലാണെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഹൈവേ മാപ്പില്‍ ഗാന്ധി പാര്‍ക്ക് വഴിയാണ് സംസ്ഥാന പാത കടന്നു പോവുന്നത്. അത്‌കൊണ്ട്തന്നെ വള്ളിയൂര്‍ക്കാവ് റോഡിലെ ഔട്ട്‌ലെറ്റിന് നിലവിലെ സാഹചര്യത്തില്‍ അടച്ചു പൂട്ടല്‍ വേണ്ടിവരില്ല.
എന്നാല്‍ പനമരം ഔട്ട്‌ലെറ്റ് പൂട്ടുന്നതോടെ മാനന്തവാടിയില്‍ വര്‍ധിക്കുന്ന ജനബാഹുല്യം നേരിടാന്‍ നിലവിലെ കെട്ടിടത്തിന് കഴിയാത്ത സ്ഥിതിയാണ്. നിലവിലെ കെട്ടിടത്തിന് ഇപ്പോള്‍ തന്നെ മതിയായ സുരക്ഷയില്ലെന്ന് പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെട്ടിടം മാറ്റാനുള്ള ശ്രമങ്ങല്‍ നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല.
ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് ബീവറേജസ് കോര്‍പറേഷന്‍ ശ്രമങ്ങള്‍ ആരംഭിച്ചങ്കിലും അതാത് പ്രദേശങ്ങളിലെ പൊതുജന എതിര്‍പ്പ് കാരണം എവിടെയും വിജയം കണ്ടിട്ടില്ല. ബത്തേരിയിലെ ഔട്‌ലെറ്റ് ആദ്യം ദൊട്ടപ്പന്‍ കുളത്തേക്കും പിന്നീട് മന്ദംകൊല്ലിയിലേക്കും മാറ്റാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുകയാണ്.
മാനന്തവാടിയിലെ ഷോപ്പ് ആദ്യം പെരുവകയിലേക്കും പിന്നീട് കണിയാരത്തേക്കും മാറ്റാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തെത്തിയതോടെ ഉപേക്ഷിക്കേണ്ടി വന്നു.
നേരത്തെ ചീപ്പാട് ഷാപ്പ് പൂട്ടിയപ്പോഴും മാറ്റി സ്ഥാപിക്കാന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ജില്ലയില്‍ ഷാപ്പുകളുടെ എണ്ണം കുറയുന്നതോടെ പ്രവര്‍ത്തിക്കുന്ന ഷാപ്പുകളില്‍ വന്‍തിരക്കും പ്രദേശത്ത് മദ്യപന്മാരുടെ ശല്യവും വര്‍ധിക്കുമെന്നതിനാല്‍ ചെറിയ സൂചന ലഭിക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ സംഘടിച്ച് ഷാപ്പിനെതിരെ രംഗത്ത് വരികയാണ്. ഇതിനാല്‍ വളരെ രഹസ്യമായി ബീവറേജസിലെ നിലവിലെ ജീവനക്കാര്‍ മുന്‍കൈ എടുത്താണ് പകരം മുറികള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഇതിനിടെ ബീവറേജസ് ഔട്‌ലെറ്റിനോട് ചേര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റു (എഫ്.എല്‍ ഒന്ന് ഔട്‌ലെറ്റുകള്‍)കള്‍ ജില്ലയിലെ രണ്ടിടങ്ങളില്‍ തുറന്നതിന് പിന്നാലെ ബാക്കിയിടങ്ങളില്‍ തുറക്കാനും മുറികള്‍ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്.
പനമരം, ബത്തേരി എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നത്. മറ്റിടങ്ങളിലും ഇത്തരത്തിലുള്ള മദ്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള ശ്രമം നടക്കുന്നതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."