തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പിക്കുമെന്ന് ജാട്ടുകള്‍
ലഖ്‌നോ: അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി ജാട്ട് സമുദായം. ഇത്തവണ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ ജാട്ട് സമുദായ നേതൃത്വം രംഗത്തെത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ സീറ്റുകള്‍ തൂത്തുവാരാന്‍ ബി.ജെ.പിയെ സഹായിച്ചത് ജാട്ട് വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ ആ സഹകരണം പ്രതീക്ഷിക്കേണ്ടെന്ന് ജാട്ട് നേതാക്കള്‍ ബി.ജെ.പിയോട് പറഞ്ഞു.
മുസഫര്‍നഗര്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ യു.പിയില്‍ ഫെബ്രുവരി പതിനൊന്നിനു നടക്കുന്ന ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. വോട്ടിനു മാത്രമേ ബി.ജെ.പിക്കു തങ്ങളെ ആവശ്യമുള്ളൂവെന്നും ഇത്തവണ അവരെ തോല്‍പ്പിക്കാനാണു തങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും മേഖലയിലെ ഒട്ടുമിക്ക ഖാപ്പ് പഞ്ചായത്തുകളിലും ചേര്‍ന്ന യോഗങ്ങള്‍ ഏകസ്വരത്തില്‍ പ്രഖ്യാപിച്ചു.
എട്ടിന് മുസാഫര്‍നഗറിലെ ഖരാദില്‍ ഒത്തുചേര്‍ന്ന 35ഓളം ഖാപ്പ് നേതാക്കളും യു.പിയില്‍ നിന്നും ഹരിയാനയില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് ജാട്ടുകളും ഇക്കാര്യം പ്രഖ്യാപിക്കുകയുമുണ്ടായി. ജാട്ടുകളിലെ മുസ്‌ലിം വിഭാഗവും റാലിയില്‍ അണിനിരന്നിരുന്നു.
ബി.ജെ.പി വര്‍ഗീയ വിദ്വേഷം പരത്തുകയാണെന്ന് അവര്‍ ആരോപിച്ചു. ജാട്ടുകള്‍ക്ക് സംവരണം നിഷേധിച്ചതിനു പുറമെ കാര്‍ഷിക പ്രശ്‌നങ്ങളും വികസനങ്ങളുടെ അഭാവവും മുസാഫര്‍നഗര്‍ കലാപത്തിന്റെ അനന്തരഫലങ്ങളും ജാട്ടുകളുടെ പ്രതിഷേധസ്വരത്തിനിടയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."