ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി: മിനായിലെ ദുരന്ത റോഡില്‍ നിന്നും ജംറയിലേക്ക് നേരിട്ട് പാത നിര്‍മിക്കുന്നു
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനുള്ള ഒരുക്കള്‍ക്ക് മക്കയിലും പുണ്യനഗരികളിലും ഒരുക്കമായി. കഴിഞ്ഞ വര്‍ഷം ആയിരത്തിലധികം തീര്‍ത്ഥാടകരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു കാരണമായ പാതകള്‍ പുതിയ രൂപത്തില്‍ സജ്ജീകരിക്കുന്നതിലുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ദുരന്തം നടന്ന മിനയിലെ 206ാം തെരുവില്‍ നിന്നും ജംറകളിലേക്ക് പോകുന്ന പാതയാണ് പുതിയ രൂപകല്‍പ്പനയിലൂടെ മാറ്റം വരുത്തുന്നത്.
വര്‍ധിച്ച തിരക്കൊഴിവാക്കാനായി ഇവിടെ നിന്നും ജംറയിലേക്ക് നേരിട്ട് റോഡ് നിര്‍മിക്കാനാണ് തീരുമാനം. ഇതോടെ ഈ ഭാഗത്തെ തടസ്സവും ഇതുമൂലം തിരക്കും അപകടങ്ങളും ഒഴിവാക്കാനാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍. നേരത്തെ ജംറ പാലത്തിലേക്ക് ഒരു ഭാഗത്ത് കൂടി കടന്ന് അടുത്ത ഭാഗത്ത് കൂടി തിരിച്ചുപോകുന്ന രീതിയില്‍ വഴി തിരിഞ്ഞു പോകുന്ന തരത്തിലായിരുന്നു നേരത്തെയുണ്ടായിരുന്ന പ്ലാന്‍. എന്നാല്‍, ഇരുഭാഗത്ത് കൂടിയും തീര്‍ത്ഥാടകര്‍ ഒരു വശത്ത് കൂടി മാത്രമായി വന്നതാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്നാണ് നിഗമനം. ഇതൊഴിവാക്കാന്‍ ജംറയിലേക്ക് നേരിട്ടുള്ള ഈ പാത വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
പാതയെ നേരിട്ട് ബന്ധിപ്പിക്കുന്നതിന് തടസ്സമാകുന്ന ഈ ഭാഗത്തെ കെട്ടിടങ്ങളും ഓഫിസുകളും പൊളിച്ചുമാറ്റാനാണ് തീരുമാനം. കൂടാതെ കൂടാരങ്ങളും സ്ഥലം മാറ്റും. തമ്പ് നഗരിയിലെ സര്‍ക്കാര്‍ ഓഫിസുകളടക്കമുള്ളത് ഇവിടെ നിന്നും മാറ്റിയതിനാല്‍ കൂടുതല്‍ സ്ഥലം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. പുതിയ പാത സെപ്തംബറോടെ പൂര്‍ത്തിയാകുന്ന തരത്തിലാണ് നിര്‍മാണം നടക്കുന്നത്. കൂടാതെ മിനായിലെ ടെന്റുകളിലെ ചൂട് ഇനിയും കുറയ്ക്കാനും പദ്ധതിയുണ്ട്. 33 ഡിഗ്രിയില്‍ നിന്നും 22 ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്ത്താന്‍ ആസ്‌ത്രേലിയന്‍ കമ്പനിയുമായും കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."