ജാഗ്രതൈ, മത്സ്യങ്ങളില്‍കൂടി പ്ലാസ്റ്റിക് മനുഷ്യനിലേക്ക്
കൊച്ചി:പുഴയിലും ജലാശയങ്ങളിലും പ്ലാസ്റ്റിക് വലിച്ചെറിയുമ്പോള്‍ സൂക്ഷിക്കുക; അവ മത്സ്യങ്ങളിലൂടെ നമ്മുടെ വയറ്റിലേക്ക് തന്നെ എത്തും. സമുദ്രമത്സ്യ പഠനകേന്ദ്രമായ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് കടല്‍മത്സ്യങ്ങളുടെയുള്ളില്‍ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്.
മനുഷ്യര്‍ക്കും മത്സ്യത്തിനും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്ന പ്രതിഭാസമാണിത്. ജലാശയങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം വന്‍തോതില്‍ കെണ്ടത്തിയതിനെ തുടര്‍ന്നാണ് അഞ്ച് വര്‍ഷം മുന്‍പ് മത്സ്യങ്ങളുടെ ഉള്ളില്‍ പ്ലാസ്റ്റിക് അകപ്പെടുന്നുണ്ടോയെന്ന് നിരീക്ഷണം തുടങ്ങിയത്. ആദ്യ വര്‍ഷങ്ങളില്‍ നേരിയതോതില്‍ മാത്രം കണ്ടിരുന്ന പ്ലാസ്റ്റികിന്റെ അളവ് കൂടിവരുന്നതായാണ് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും സമുദ്രത്തില്‍ അടിയുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കൂടിവരുന്നതാണ് ഇതിനുകാരണം.
പ്രതിവര്‍ഷം ഏഴ് ബില്യണ്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തില്‍ എത്തിച്ചേരുന്നതായാണ് കണക്കുകള്‍. സി.എം.എഫ്.ആര്‍.ഐ ഇന്ത്യയിലുടനീളം നടത്തിയ പഠനങ്ങളില്‍ കൊച്ചി, മുംബൈ എന്നിവിടങ്ങളിലെ മത്സ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയത്. കൊഴുവ, മത്തി, തുടങ്ങിയ ചെറുമീനുകളുടെ വയറ്റില്‍ നിന്നും കടല്‍പക്ഷികളുടെ ഉള്ളില്‍നിന്നും ചെറിയ പ്ലാസ്റ്റിക് കഷണങ്ങളും നൂലുകളുമാണ് കണ്ടെത്തിയത്. എന്നാല്‍ അയല, ചൂര, നെയ്മീന്‍, വാള, തിമിംഗലം തുടങ്ങിയവയുടെ ഉള്ളില്‍ നിന്ന് വലിയ പ്ലാസ്റ്റിക് കഷണങ്ങളും കവറുകളും ലഭിച്ചിട്ടുണ്ട്.
പ്ലാസ്റ്റികിന്റെ അംശം കൂടിവരുന്ന സാഹചര്യത്തില്‍ ഇത്തരം മത്സ്യങ്ങളെ കൂടുതല്‍ പഠനത്തിന് വിധേയമാക്കാനുള്ള തയാറെടുപ്പിലാണ്. മത്സ്യങ്ങളെ പ്രത്യേകരീതിയില്‍ തീറ്റകൊടുത്ത് വളര്‍ത്തി പ്ലാസ്റ്റിക് വിഴുങ്ങുന്നത് ഇവയ്ക്ക് എത്രത്തോളം ദൂഷ്യം ചെയ്യുമെന്നതിനെപ്പറ്റിയായിരിക്കും പഠനമെന്ന് ശാസ്ത്രജ്ഞ ഡോ.കൃപ'സുപ്രഭാത'ത്തോട് പറഞ്ഞു. സി.എം.എഫ്.ആര്‍.ഐയില്‍ പി.എച്ച്.ഡി നടത്തുന്ന മൂന്നുപേരുടെ പ്രബന്ധവിഷയങ്ങളും ഇതേ പറ്റിയാണ്.
ഇത്തരം മത്സ്യങ്ങള്‍ ഭക്ഷിക്കുന്നതുമൂലം മനുഷ്യനുണ്ടാകുന്ന ദോഷങ്ങളെപ്പറ്റി ഇന്ത്യയില്‍ ഇതുവരെ പഠനമൊന്നും നടന്നിട്ടില്ല. വിദേശത്തെ പഠനമാകട്ടെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കീടനാശിനികളും രാസവസ്തുക്കളുമൊക്കെ വേഗത്തില്‍ വലിച്ചെടുക്കാന്‍ മത്സ്യങ്ങളുടെ ഉള്ളിലെത്തുന്ന സോഫ്റ്റ് പ്ലാസ്റ്റികിന് കഴിയുമെന്നാണ് വിദേശ പഠനം സൂചിപ്പിക്കുന്നത്.
കെമിക്കല്‍ മാലിന്യങ്ങളായ പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകള്‍, പോളിസൈക്ലിക്ക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍, പെട്രോളിയം ഹൈഡ്രോകാര്‍ബണുകള്‍, ആല്‍ക്കൈല്‍ ഫിനോളുകള്‍ എന്നിവ നാനോ ഗ്രാം, മൈക്രോ ഗ്രാം തുടങ്ങിയ സൂക്ഷ്മ അളവുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ആഗോളതല പഠനം തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."