പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: കുറ്റപത്ര സമര്‍പ്പണം നീളും
കൊല്ലം: പൊലിസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡി.ജി.പിക്ക് കത്ത് നല്‍കിയതോടെ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം സംബന്ധിച്ച ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രസമര്‍പ്പണം നീണ്ടേക്കും. ദുരന്തം അന്വേഷിച്ച കേന്ദ്രകമ്മിഷന്‍ പൊലിസിനെയും ജില്ലാ ഭരണകൂടത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ച് സംഘത്തിലും തുടക്കത്തിലേ ആശയക്കുഴപ്പം പ്രകടമായിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലിസിനെയും ജില്ലാ ഭരണകൂടത്തിനെയും പ്രതിചേര്‍ക്കണോ എന്ന കാര്യത്തിലാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ അഭിപ്രായഭിന്നത രൂക്ഷമായിരുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ പൊലിസിനെയും റവന്യൂ ഉദ്യോഗസ്ഥരെയും കൂടി പ്രതിചേര്‍ക്കണമെന്നായിരുന്നു ചില ഉദ്യോഗസ്ഥരുടെ ശക്തമായ നിലപാട്. ഈ രീതിയില്‍ അന്വേഷണ സംഘം നീങ്ങിയപ്പോള്‍ തന്നെ ശക്തമായ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായി. ഇതോടെ പൊലിസിനെയും ജില്ലാ ഭരണകൂടത്തെയും പ്രതിചേര്‍ക്കേണ്ടെന്ന് ഏതാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീരുമാനം എടുക്കുകയായിരുന്നു.
ഈ തീരുമാനത്തില്‍ മാറ്റം വരുത്തുന്ന കാര്യംപോലും അവസാന നിമിഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നതിനിടയിലാണ് നളിനി നെറ്റോയുടെ കത്ത് പുറത്തായത്. കേസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുകയും റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറി തിരുത്തല്‍ വരുത്തിയെന്ന പൊതു താല്‍പ്പര്യ ഹരജി കോടതിയുടെ പരിഗണനക്ക് വരാനിരിക്കെയുമാണ് നളിനി നെറ്റോ കത്ത് നല്‍കിയത്. ജില്ലാ ഭരണകൂടം വിലക്കിയ വെടിക്കെട്ടിന് എങ്ങനെ പൊലിസ് അനുമതി നല്‍കി? ആരാണ് പൊലിസിന് ഇതിന് നിര്‍ദേശം നല്‍കിയത്? പൊലിസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതാര്? എന്നൊക്കെയുള്ള കാര്യങ്ങളില്‍ അന്വേഷണം ഡി.ജി.പി നേരിട്ട് നടത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ഇതുവരെ 42 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കുറ്റപത്രത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഇവരില്‍ ആരുടെയൊക്കെ പേരില്‍ കൊലക്കുറ്റം ചുമത്തണമെന്ന കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
ക്രൈംബ്രാഞ്ച് എസ്.പി ജി. ശ്രീധരനാണ് കേസിന്റെ അന്വേഷണച്ചുമതല. ആയിരത്തിലധികം പേരുടെ സാക്ഷിമൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്, 43 പ്രതികളുമുണ്ട്. വെടിക്കെട്ട് കരാറുകാരുടെ ജീവനക്കാരില്‍ ഏതാനും പേരെക്കൂടി പ്രതിയാക്കിയേക്കുമെന്നാണ് അറിയുന്നത്. കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ദുരന്തം ഉണ്ടായപ്പോള്‍ ആദ്യം ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരേ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പിന്നീടാണ് കൊലക്കുറ്റം കൂടി ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."