വന്നവര്‍ കണ്ട കണ്ണൂര്‍
കലോത്സവത്തിന്റെ ആരവം അവസാനിക്കാന്‍ ഒരുദിനം മാത്രം ബാക്കി. അരങ്ങും അണിയറയും ഇന്നും വിശാലമാണ്. ആസ്വാദകരും അവതാരകരും എല്ലാ വേദികളെയും സജീവമാക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് കലോത്സവത്തില്‍ മത്സരങ്ങളവതരിപ്പിക്കാനെത്തിയത് നൂറുകണക്കിന് പ്രതിഭകളാണ്. പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ കാണാന്‍ കണ്ണൂരേക്ക് ഇരമ്പിയത്തിയത് അതിലേറെപ്പേര്‍. കലര്‍പ്പില്ലാത്ത സ്‌നേഹവും ആതിഥ്യവും ആവോളം നുകര്‍ന്ന് മിക്കവരും ഇന്ന് കണ്ണൂരിനോട് വിട പറയുകയാണ്. ഇനി അവര്‍ പറയട്ടെ...
മികച്ച സംഘാടനം
ദേവു. എസ് നായര്‍, പത്തനംതിട്ട
ആദ്യമായാണ് സംസ്ഥന തലത്തില്‍ മത്സരിക്കുന്നത് അതിന്റെ ഒരു ആകാംക്ഷയുണ്ടായിരുന്നു. മികച്ച സംഘാടനമാണ്. നല്ല ഭക്ഷണവും സൗകര്യങ്ങള്‍ക്ക് ഒരു കുറവുമുണ്ടായില്ല.
ഉശ്ശാറായി പരിപാടി
ആതിര, കണ്ണൂര്‍
നാട്ടിലെ പരിപാടീ കൂടാന്‍ കയ്‌ഞ്ഞേല് വെല്യ സന്തോഷ്ണ്ട്. പിള്ളറെ പരിപാടീല് വല്ല്യവര് എടപെടുന്നത് കൊറച്ചിലാണ്. പിള്ളറെ പരിപാടികള് ഓര്‍ക്ക് ബ്‌ട്ടോട്ക്ക്ന്നതാണ് നല്ലെ.
കലക്കന്‍ കണ്ണൂര്‍
ആലപ്പുഴക്കാരന്‍
ഭരദ്വാജും സംഘവും
വേദിമാറിയതിന്റെ ചെറിയ ബുദ്ധിമുട്ടുകളൊഴിച്ചാല്‍ മറ്റ് പ്രശനങ്ങളൊന്നും നേരിട്ടില്ല. മികച്ച രീതിയിലുള്ള നടത്തിപ്പായിരുന്നു. വേദി മാറ്റിയതുമൂലം സാധനങ്ങള്‍ വേദിയിലെത്തിക്കാന്‍ ബുദ്ധിമുട്ടി. ഭക്ഷണവും വാഹനസൗകര്യങ്ങളും മികച്ചതായിരുന്നു.
പൊളിച്ചുമച്ചാനെ...
കാര്‍ത്തിക്,വിദ്യാധിരാജ എറണാകുളം
കലോത്സവം പൊളിച്ചു. മ്മടെ നാടുപോലെ തന്നെ സ്‌നേഹോള്ളോരാ. മൊത്തത്തി പറഞ്ഞ പൊളിച്ചുമച്ചാനെ. കണ്ണുരെന്ന് കേട്ടപ്പോ ഡാര്‍ക്ക് സീനൊകുമോന്ന് പേടീണ്ടാര്‍ന്ന്. പക്ഷെ സംഭവം തകര്‍ത്തൂട്ടോ. എന്തായാലും നുമ്മ മറക്കൂല്ലിട്ടോ ങ്ങളെ.
കൂട്ടായ്മയുടെ വിജയം
തേജസ് സി.എ.എച്ച്.എസ്.എസ്, പാലക്കാട്
വെഷമങ്ങളൊന്നും ഉണ്ടായില്ല ഹര്‍ത്താലിനുപോലും. നല്ല പരിപാടികള് കാണാന്‍ കഴിഞ്ഞു. കൂട്ടായ്മയുടെ വിജയാണിത്.
അടിപൊളി
വിഘ്‌നേശ് എസ് കുറുപ്പ്, കൊല്ലം
നല്ല കലോത്സവം പൊളി. ഇതുരെ ഇങ്ങിനെ കണാന്‍ സാധിച്ചില്ല. നല്ല സഹകരണമുള്ള ആളുകളാണ്. ഇങ്ങാട്ട് വന്നപ്പോ അള്‍ക്കാര്‍ നല്ല സഹകരണമായിരുന്നു.
എന്നാ സെറ്റപ്പാടാവേ...
ബോബിന്‍, ഇടുക്കി
കണ്ണൂര് എന്നാ സെറ്റപ്പാടാവേ... ഞങ്ങളെ നാട്ടിലേക്കാള്‍ ഇത്തിരി ചൂട്കൂടുതലാവേ.. വേറെ ഒരു കുഴപ്പവുമില്ല. ഞാന്‍ ആദ്യമായിച്ചാണ് കലോത്സവത്തിന് വരുന്നത്. കലോത്സവം നല്ല നിലവാരമുള്ളതാണ്. കുറെ മികച്ച കലാകാരന്‍മാരെ കണ്ടു. കണ്ണൂര് നല്ല നാടാണ് ഇവിയെയുള്ളത് നല്ല മനുഷ്യരാണ്.
പൊളപ്പന്‍ കലോത്സവം
കൃഷ്ണനുണ്ണി ഡി.എസ്, തിരുവനന്തപുരം
എന്തര് പറയാന്‍ നല്ല പൊളപ്പന്‍ കലോത്സവം. കുട്ടോളൊക്കെ എന്താ പെര്‍ഫോമന്‍സ്. കണ്ണൂരിനെക്കുറിച്ച് കേട്ടതൊന്നുമല്ലോട്ടോ ഇവിടെ വന്നപ്പോ കണ്ടത്. നല്ല സ്‌നോഹോള്ള മനുഷ്യര്.
സംഗതി കിടു
അഥിയ എം.യു, തൃശ്ശൂര്‍
മൊത്തത്തിപറഞ്ഞാ കളറായി. എജ്ജാതി പെര്‍ഫോമന്‍സാണ് ഡാങ്ങളുടെ. പൂരത്തിന് അമിട്ടാ പൊട്ടണപോലത്തെ പെര്‍ഫോമന്‍സ്.
എന്തൊര് വെയ്‌ലാ...
ദേവിക എം, കോഴിക്കോട്
കണ്ണൂര് മുയ്മന്‍ കറങ്ങി. സൂപ്പറായിന്. എല്ലാരും നല്ല സപ്പോര്‍ട്ടാ.. അധികം സ്‌റ്റേജുകള്‍ ഒരു ഗ്രൗണ്ടിലില്ലാത്തതിനാല്‍ ഗുണായി. കണ്ണൂരെ വെയില് മാത്രാണ് കഷ്ടം. ശരിക്കും കലാസ്‌നേഹികളുടെ നാടാന്ന് കണ്ണൂര്.
ഉസാറായിക്ക്ണ്
സുഫിയാന്‍, മലപ്പുറം
മൊത്തത്തി പറഞ്ഞാ ഉസാറായിക്ക്ണ് കണ്ണൂരെ നാട്ടാരൊക്കെ നല്ല മന്‌സന്‍മാരാണ്. കൊറെ നല്ല ചെങ്ങായിമാരെ കിട്ടി. കലാകാരന്‍മാരോട് പെരുത്ത് സ്‌നേഹാണ് ഇന്നാട്ടാര്‍ക്ക്. പിന്നെ പറയാണെങ്കില്‍ ഞങ്ങടെ നാട്ടിലെ കോയിബിരിയാണിനെക്കാളും ഉസാറാണ് തലശേരി ബിരിയാണി.
നല്ല പാങ്ങായി
രസിത എം, കാസര്‍കോട്
കലോത്സവം നല്ല പാങ്ങായിനി. മത്സരങ്ങള്‍ നല്ലീണ്ടായി. പോയിപ്പോന്ന കലകള് ഇപ്പേം കാണുന്നേ കലോത്സവം ഇല്ലോണ്ടാണ്. കാണാത്ത കൊറെ പരിപാടി കാണാന്‍പറ്റീന്.
മൊത്തത്തില്‍ കൊള്ളാം
സോണി എബ്രഹാം, കോട്ടയം
ഇവിടെ നല്ലപ്പമാണ്(ആദ്യമായാണ്). എന്നായലും വേദികളൊക്കെ അടുത്തായത് നന്നായി. അതുകൊണ്ട് പെട്ടന്ന് എത്താന്‍പറ്റി. മൊത്തത്തില്‍ കൊള്ളായിരുന്നു. കോട്ടയംകാരെപ്പോലെ തന്നെയാണ് കണ്ണൂരുകാരും. കണ്ണൂരെന്ന് കേട്ടപ്പോ പേടിച്ചാ വന്നത്. ഇവിടെ വന്നപ്പോ എല്ലാവരും സ്‌നേഹോള്ളവരാ.ഫാവിയുടെ കലാകാരന്‍മാരെ കണാന്‍ സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."