ഗോകുലം എഫ്.സി ഫെബ്രുവരിയില്‍ പരിശീലനം തുടങ്ങും
തിരുവനന്തപുരം: കാല്‍പന്തുകളിയില്‍ പുതിയ ചുവടുവയ്പുമായി ഒരുങ്ങുന്ന ഗോകുലം എഫ്.സി ഫെബ്രുവരി ആദ്യവാരം പരിശീലനം ആരംഭിക്കും. മികച്ച ദേശീയ- വിദേശ താരങ്ങള്‍ ഉള്‍പ്പെട്ട ടീമിനെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്ന് മാനേജര്‍ ഗോകുലം ഗോപാലന്‍ വ്യക്തമാക്കി. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മികച്ച താരങ്ങളെ ടീമില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. കേരളത്തിലെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ഗോകുലം എഫ്.സി മത്സരിക്കാനിറങ്ങും.
കേരളത്തിനു പുറത്ത് നിന്നു മികച്ച സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ചര്‍ച്ചകളും അവസാന ഘട്ടത്തിലാണ്. ഐ ലീഗ് ലക്ഷ്യമിട്ട് മികച്ച ടീമിനെ രംഗത്തിറക്കാനാണ് ടീം ഉടമകളുടെ ലക്ഷ്യം. അതിനായി മികവുള്ള കളിക്കാരെ ടീമില്‍ എത്തിക്കും. ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം കേന്ദ്രീകരിച്ച് ക്ലബ് പ്രവര്‍ത്തിക്കുക.
മികച്ച താരങ്ങളെ എത്തിക്കുമ്പോള്‍ അവരുടെ ജോലി ഉള്‍പ്പടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാകും ടീമിന്റെ പ്രവര്‍ത്തനം. കേരളത്തിലെ മികച്ച താരങ്ങള്‍ക്ക് അവസരം നല്‍കും. ക്ലബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രണ്ടാം ഘട്ടമായി ഗ്രാസ് റൂട്ട് ലെവലില്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ അക്കാദമി രൂപീകരിക്കും.
വിവ കേരളയുടെ ഡയറക്ടറെന്ന നിലയില്‍ അതിന്റെ തകര്‍ച്ച എവിടെ തുടങ്ങിയെന്നറിയാം. അതുകൊണ്ടു തന്നെ താരങ്ങളുടെ ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാവും ഗോകുലം എഫ്.സിയുടെ പ്രവര്‍ത്തനമെന്നും ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."