ജീവിതം വഴിമുട്ടി ആദിവാസി കുടുംബങ്ങള്‍
പാലക്കാട്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പുഴുക്കളെ പോലെ ജീവിക്കുകയാണ് ഏഴു ആദിവാസി കുടുംബങ്ങള്‍. പാലക്കാട്ടെ രാജവാഴ്ചയുടെ ആസ്ഥാനമായ അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ചീക്കുഴി ആദിവാസികോളനിയിലെ അന്‍പതോളം വരുന്ന പണിയ വിഭാഗത്തില്‍പെട്ട ആദിവാസികളാണ് കുടിവെള്ളം കിട്ടാതെയും ചോര്‍ന്നൊലിക്കുന്ന വീടുകളിലുമായി ജീവിതം തള്ളി നീക്കുന്നത്. ആറു വര്‍ഷം മുന്‍പ് നിര്‍മിച്ച് കൊടുത്ത വീടിന് വാതിലുമില്ല ജനലുമില്ല. വീടിനോടു ചേര്‍ന്ന് പണിത കക്കൂസ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ ആരും ഉപയോഗിക്കുന്നില്ല.
ഇവിടെയുള്ളവര്‍ തൊട്ടടുത്തെ കാടിനകത്തു നിന്നും വനവിഭവങ്ങള്‍ ശേഖരിച്ചു വിറ്റാണ് ജീവിക്കുന്നത്. ഇപ്പോള്‍ കാടിനകത്തു കയറി ഇവ ശേഖരിക്കുന്നതിന് വനംവകുപ്പിന്റെ നിയന്ത്രങ്ങളുമുണ്ട്. കാട്ടുകിഴങ്ങു ചുട്ടു തിന്നും തൊട്ടടുത്തുള്ള തോട്ടില്‍ നിന്നും കുഴി കുഴിച്ചു അതില്‍ നിന്നും കിട്ടുന്ന മലിനജലം കുടിച്ചുമാണ് ജീവിക്കുന്നത്. ഏഴു കുടുംബങ്ങളുണ്ടെങ്കിലും അഞ്ചു പേര്‍ക്കാണ് വീടുള്ളത്. ഇവര്‍ക്ക് മൂന്ന് സെന്റ് സ്ഥലത്തിനാണ് പട്ടയം നല്‍കിയിട്ടുള്ളത്. മൂന്ന് കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡില്ല. പഞ്ചായത്തിന്റെ കണക്കില്‍ ഇവര്‍ക്കെല്ലാം കക്കൂസുണ്ട്. എന്നാല്‍ ഒന്ന് പോലും ഉപയോഗിക്കാന്‍ പറ്റില്ലെന്നും പെട്ട പറയുന്നു.ഒരു വര്‍ഷം മുന്‍പ് കുടിവെള്ളത്തിനായി കോളനിയില്‍ പഞ്ചായത്ത് ഒരു ബോര്‍വെല്‍ സ്ഥാപിച്ചു.
അന്ന് മുതല്‍ ഇന്ന് വരെ ഇതിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് കോളനിവാസികള്‍ പറയുന്നു. വെള്ളത്തിന് കറുത്ത നിറവും ഇരുമ്പു സത്തിന്റെ മണവുമാണ്. ഇതിനാല്‍ ഒരു കിലോമീറ്റര്‍ അപ്പുറത്തെ തോട്ടില്‍ കുഴിയുണ്ടാക്കിയാണ് കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും വെള്ളം ഉപയോഗിക്കുന്നത്. ഇപ്പോള്‍ കുഴിയില്‍ നിന്നും എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമുള്ള വെള്ളം കിട്ടുന്നുമില്ല. കോളനിക്കടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ കിണറില്‍ നിന്ന് വെള്ളം നല്‍കുന്നുണ്ടെങ്കിലും അവിടെ നിന്നും ആവശ്യത്തിന് വെള്ളം എടുക്കാന്‍ കഴിയുന്നില്ല. സന്ധ്യ മയങ്ങിയാല്‍ കോളനിയിലും പരിസരത്തും കാട്ടാനകള്‍ വിഹരിക്കുന്നതിനാല്‍ ഇവിടത്തെ കുടുംബങ്ങള്‍ കോളനിക്കു താഴെയുള്ള ഒരു വീട്ടിലാണ് അന്തിയുറങ്ങുന്നത്. വീടുകള്‍ക്കൊന്നും സുരക്ഷിതമായ വാതില്‍ ഇല്ലാത്തതിനാലാണ് വീടുകളില്‍ രാത്രി ഉറങ്ങാന്‍ ഭയക്കുന്നത്. രണ്ടു തെരുവ് വിളക്കുണ്ടെങ്കിലും അവയൊന്നും കത്താറില്ല.
14 കുട്ടികള്‍ കോളനിയില്‍ ഉണ്ട്. ഇതില്‍ ഏഴു കുട്ടികള്‍ പഠിക്കാന്‍ പോകുന്നുണ്ട്. അങ്കണവാടിയില്‍ പോകുന്ന അഞ്ചു കുട്ടികള്‍ ഉണ്ടെങ്കിലും രണ്ടു കിലോമീറ്റര്‍ ദൂരം നടന്ന് പാപ്പറമ്പ് അങ്കണവാടിയില്‍ പോകണം. കൊച്ചുകുട്ടികളായതിനാല്‍ ഇവരെ കൊണ്ട്‌വിടാനും വിളിച്ചു കൊണ്ട് വരാനും കഴിയാത്തതിനാല്‍ കുട്ടികളെ അങ്കണവാടിയില്‍ വിടാറില്ല. പത്താം ക്ലാസ് വരെ പഠിച്ച ആരും ഇവിടില്ല. ഇപ്പോള്‍ പഠിക്കാന്‍ പോകുന്ന ഏഴു കുട്ടികള്‍ അകത്തേത്തറ യു.പി.സ്‌കൂളിലാണ് പഠിക്കുന്നത്.
കമലുവും മൂന്ന് മക്കളും പട്ടിണിയിലാണ്
പാലക്കാട്: കമലുവിന്റെ ഭര്‍ത്താവ് മാധവന്‍ അഞ്ചു മാസമായി ജയിലിലാണ്. ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മാധവന്‍. പ്രായപൂര്‍ത്തിയാവാത്ത മകളെ അന്യ ജാതിക്കാരനായ യുവാവ് കല്യാണം കഴിച്ചു കൊടുത്തുവെന്ന കുറ്റം ചുമത്തി ഹേമാംബിക നഗര്‍ പൊലിസ് കുറ്റം ചുമത്തുകയും ഇതിനെ തുടര്‍ന്ന് ജയിലിലടക്കുകയുമാണ് ചെയ്തത്. എന്നാല്‍ മകളെ തട്ടിക്കൊണ്ടു പോയ യുവാവിനെയും അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചെങ്കിലും നാല് മാസം കഴിഞ്ഞപ്പോള്‍ ജ്യാമ്യത്തില്‍ ഇറങ്ങി അയാള്‍ മുങ്ങി.
ഇയാള്‍ മുങ്ങിയതോടെ പെണ്‍കുട്ടിയും പെരുവഴിയിലായി. മാധവനെ ജാമ്യത്തിലെടുക്കാന്‍ ആരുമില്ലാത്തതിനാലാണ് ഇപ്പോഴും ആലത്തൂര്‍ ജയിലില്‍ കഴിയുന്നത്. ഒന്നര വയസു പ്രായമുള്ള ചെറിയ കുട്ടിയേം കൊണ്ട് കാട്ടില്‍ പോയി മലഞ്ചരക്ക് ശേഖരിച്ചു വിറ്റാണ് ഉപജീവനം. ഭര്‍ത്താവ് ജയിലിലായതിടെ വീട്ടിലെ വൈദ്യുതിയും കട്ട് ചെയ്തു. അരി വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മിക്കപ്പോഴും പട്ടിണിയിലാണ് ഈ കുടുംബം കഴിയുന്നത്. വാളയാര്‍ വനം റെയ്ഞ്ചിലെ വനമേഖലയിലാണ് ചീക്കുഴി കോളനി ഇവര്‍ക്ക് വനം വകുപ്പിന്റെ സഹായവും ലഭിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."