എസ്.ബി.ടി- എസ്.ബി.ഐ ലയനം ആവശ്യത്തിന് സൗകര്യമില്ലാത്തത് ഉപഭോക്താക്കള്‍ക്ക് ദുരിതമാകുന്നു
മുക്കം: ബാങ്കിങ് മേഖലയിലെ പുതിയ പരിഷ്‌കരണങ്ങളുടെ ഭാഗമായി എസ്.ബി.ടിയും എസ്.ബി.ഐയും ലയിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് ദുരിതമാവുന്നു. ലയനം നടന്ന് മാസങ്ങളായെങ്കിലും സംസ്ഥാനത്ത് ഒട്ടുമിക്ക ബാങ്കുകളിലും കാര്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തതാണ് പ്രധാനമായും ജനങ്ങളെ വലക്കുന്നത്. മുക്കത്ത് ഇതിനെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തി.
മുക്കം ബ്രാഞ്ചില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകളോളം വരി നില്‍ക്കേണ്ട അവസ്ഥയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. സ്ഥലപരിമിതിയും തിരക്കും കാരണം ഇടപാടുകള്‍ നടത്താന്‍ പ്രയാസപ്പെടുകയാണെന്നും വിദഗ്ധ ജീവനക്കാരുടെ അഭാവവും അംഗപരിമിതര്‍ക്കും വികലാംഗര്‍ക്കും പ്രത്യേകം കൗണ്ടറില്ലാത്തതും ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ലയനത്തിനു മുന്‍പ് എസ്.ബി.ഐയില്‍ 25000 അക്കൗണ്ട് ഹോള്‍ഡര്‍മാരുണ്ടായിരുന്നത് ഇപ്പോള്‍ 45000 ആയി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന ആറു കൗണ്ടറുകള്‍ മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഇടപാടുകാര്‍ ഏറെനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കങ്ങളും ഉടലെടുക്കാറുണ്ട്.
അതേസമയം, എസ്.ബി.ഐ മുക്കം ബ്രാഞ്ചില്‍ ആവശ്യമായ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ സംരക്ഷണ സമിതിയും രംഗത്തെത്തി.
അംഗപരിമിതര്‍ക്ക് പ്രത്യേക കൗണ്ടര്‍ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. ഈ സാഹചര്യത്തില്‍ ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് റീജ്യനല്‍ മാനേജര്‍ക്ക് നല്‍കുന്നതിനായി ഒപ്പുശേഖരണത്തിനും തുടക്കമായി. മുക്കം നഗരസഭാ കൗണ്‍സിലര്‍ മുക്കം വിജയന്‍ ഉദ്ഘാടനം ചെയ്തു. ജി. അജിത്കുമാര്‍, പി.സി രഘുനാഥ്, എ. സുബൈര്‍, പി.സി സചിത്രന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."