വെള്ളിയാമറ്റം റോഡ് തകര്‍ന്നു; യാത്ര ദുഷ്‌ക്കരം
തൊടുപുഴ: നൂറുകണക്കിനു വാഹനങ്ങള്‍ ഓടുന്ന തൊടുപുഴ - വെളളിയാമറ്റം റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌ക്കരമായി. വെളളിയാമറ്റം, പൂമാല, പൂച്ചപ്ര, വെട്ടിമറ്റം, ചിലവ് തുടങ്ങിയ മേഖലകളിലേക്കുളള ഏക റോഡാണിത്. റോഡ് വികസന പദ്ധതി പരിഗണനയിലുളളതിനാല്‍ എല്ലാ വര്‍ഷവും അറ്റകുറ്റപ്പണി മാത്രം നടത്തുന്നതാണ് ഈ വഴിയുടെ ശാപം. കഴിഞ്ഞ വേനലിലും അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും മഴ പെയ്തതോടെ റോഡ് തകര്‍ന്നു. വര്‍ഷങ്ങളായി പറഞ്ഞുകേള്‍ക്കുന്ന റോഡ് വികസന പദ്ധതി ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യം മൂലം മരവിച്ചിരിക്കുകയാണ്.
കാരിക്കോട് മുതല്‍ മാര്‍ത്തോമാ വരെയുളള ഭാഗമാണ് ഏറ്റവും മോശമായിരിക്കുന്നത്. കുമ്പങ്കല്ല്, വലിയ ജാരം, ഇടവെട്ടി കനാല്‍പാലം, മാര്‍തോമാ എന്നിവിടങ്ങളില്‍ റോഡില്‍ വന്‍കുഴികളാണ്. 25 ഓളം സ്വകാര്യ ബസുകളും മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളിലെ ടോറസ് വാഹനങ്ങളും നിരന്തരം ഓടുന്ന ഇതു വഴി ആയിരക്കണക്കിന് യാത്രക്കാരാണ് നിത്യവും സഞ്ചരിക്കുന്നത്. വെളളിയാമറ്റം വഴി ഇടുക്കിക്കുളള എളുപ്പവഴി കൂടിയാണിത്.
റോഡ് വീതി കൂട്ടുന്നതിനും ചില ഭാഗങ്ങളില്‍ ഘടന മാറ്റുന്നതിനുമായി പൊതുമരാമത്ത് വകുപ്പ് കല്ലിട്ടിട്ട് അഞ്ചു വര്‍ഷത്തിലേറെയായി. വീതി കൂടേണ്ട ഭാഗത്ത്് ഇതിന് ശേഷം പല കെട്ടിടങ്ങളും നിര്‍മ്മിച്ചു. കുമ്പങ്കല്ലില്‍ ബൈപാസ് നിര്‍മ്മിക്കാന്‍ തീരുമാനമായതോടെയാണ് പദ്ധതി അട്ടിമറിക്കപ്പെട്ടതെന്നാണ് സൂചന. മഴക്കാലത്തിന് മുമ്പ് പൂര്‍ണ ടാറിംഗ് നടത്തിയില്ലെങ്കില്‍ കാലവര്‍ഷത്തോടെ ഇതുവഴി ഇരുചക്രവാഹനങ്ങള്‍ക്കു പോലും സഞ്ചരിക്കാന്‍ കഴിയാതാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."