പഞ്ചലോഹ വിഗ്രഹങ്ങളുമായി നാലുപേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റില്‍
കൊണ്ടോട്ടി: കല്‍പ്പറ്റയിലെ ജൈന ക്ഷേത്രത്തില്‍ നിന്ന് 15 വര്‍ഷം മുന്‍പ് മോഷ്ടിച്ചതുള്‍പ്പെടെയുള്ള പഞ്ചലോഹ വിഗ്രഹങ്ങളുമായി നാലുപേര്‍ കൊണ്ടോട്ടിയില്‍ പിടിയിലായി. ഇവരില്‍ നിന്ന് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള രണ്ട് ജൈന വിഗ്രങ്ങള്‍ മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തി.
കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദലി(43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറമ്പ് മാരത്തില്‍ മുഹമ്മദ്(45), പുളിയക്കോട് പട്ടക്കണ്ടത്തില്‍ ബാബു(45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസല്‍(35)എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി പൊലിസ് അറസ്റ്റു ചെയ്തത്. കേസിലെ മറ്റൊരു പ്രതി നീറാട് തേനുട്ടിക്കല്ലിങ്ങല്‍ അബൂബക്കര്‍(43)കൊലക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
2002 ഡിസംബര്‍ 13 നാണ് വയനാട് കല്‍പ്പറ്റയിലെ പുളിയാര്‍മലയില്‍ എം.പി വീരേന്ദ്രകുമാര്‍ ട്രസ്റ്റിയായ അനന്തനാഥ സ്വാമി ക്ഷേത്രത്തില്‍ പ്രതികള്‍ കവര്‍ച്ച നടത്തി വിഗ്രഹങ്ങള്‍ മോഷ്ടിച്ചത്. വയനാടിന് പുറമെ കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, മലപ്പുറം പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളി ക്ഷേത്രം എന്നിവിടങ്ങളിലും പ്രതികള്‍ ഇതേകാലയളവില്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
1500 വര്‍ഷത്തോളം പഴക്കമുള്ള കല്‍പ്പറ്റയിലെ ജൈനക്ഷേത്രത്തില്‍ 1933ല്‍ പുനഃപ്രതിഷ്ഠ നടത്തിയ പത്മാവതി ദേവിയുടേയും, ജ്വാലാമിലിനി ദേവിയുടേയും പീഠവും പ്രഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്ന രണ്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍, രണ്ട് തീര്‍ത്ഥങ്കരന്മാരുടെ പിച്ചള വിഗ്രങ്ങള്‍, പഞ്ചപരമേഷ്ടി വിഗ്രഹം, നവദേവന്മാരുടെ വിഗ്രഹം, മൂന്ന് വെള്ളി പൂജാ പാത്രങ്ങള്‍, വിഗ്രത്തിലണിയിച്ച സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ രണ്ട് വിഗ്രഹങ്ങള്‍ വിലമതിക്കാനാവാത്തതാണ്.
സംഭവത്തില്‍ കല്‍പ്പറ്റ പൊലിസ് കേസെടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. 15 വര്‍ഷത്തിനിടെ സംഘം പലതവണ വില്‍പ്പനക്കായി വിദേശികളെ അടക്കം നാട്ടിലെത്തിച്ചെങ്കിലും നടന്നില്ല. ഇതോടെ വിഗ്രഹം മുറിച്ചു വില്‍ക്കാനും സ്വര്‍ണം ഉരുക്കി വേര്‍തിരിച്ചെടുക്കാനും ശ്രമം നടത്തി. ഇതും വിജയിക്കാതെ വന്നതോടെ പുതിയ സംഘത്തിന് വില്‍പ്പന നടത്താനുളള ശ്രമം നടത്തുന്നതിനിടെയാണ് പൊലിസിന് രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലിസ് ഇടനിലക്കാരായി എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതി മാരത്തില്‍ മുഹമ്മദിന്റെ പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്ന രണ്ട് വിഗ്രഹങ്ങള്‍. എട്ട് വിഗ്രങ്ങള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
മോഷണത്തിന്റെ സൂത്രധാരന്‍ കൊണ്ടോട്ടി നീറാട് സ്വദേശിയും വയനാട്ടില്‍ താമസക്കാരനുമായ അബൂബക്കര്‍ എന്ന ചന്ദന അബു കൊലപാതക കേസിലും നിരവധി മോഷണ കേസുകളിലും പ്രതിയാണ്. ഇയാള്‍ മാനന്തവാടി ജില്ലാ ജയിലിലാണെന്ന് മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. പ്രതികള്‍ പിടിയിലായതോടെ വര്‍ഷങ്ങളായി തെളിയിക്കപ്പെടാതെ കിടന്നിരുന്ന മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ക്ഷേത്ര കവര്‍ച്ചകള്‍ക്കും തുമ്പായതായി അദ്ദേഹം പറഞ്ഞു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങും.
ഡിവൈ.എസ്.പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സി.ഐ എം.മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."