ഭീമ-കൊറേഗാവ് യുദ്ധം: സവര്‍ണര്‍ക്കെതിരായ മഹര്‍ സമുദായത്തിന്റെ പോരാട്ടം
മുംബൈ: തിങ്കളാഴ്ചയും ഇന്നലെയുമായി മഹാരാഷ്ട്രയില്‍ കലാപമായി മാറിയ സാമുദായിക സംഘര്‍ഷം ദലിതുകളുടെ ആത്മാഭിമാനത്തിന്റെ കൂടി പോരാട്ട ചരിത്രത്തിലേക്ക് വഴിതുറക്കുന്നു. ബ്രിട്ടിഷുകാരും മറാത്താ രാജ്യവും തമ്മില്‍ നടന്ന യുദ്ധമായിരുന്നെങ്കിലും സവര്‍ണര്‍ക്കെതിരായി ബ്രിട്ടിഷ് സേനക്കൊപ്പം നിന്ന് പോരാടിയ ചരിത്രമാണ് ദലിതര്‍ മുന്നോട്ടുവയ്ക്കുന്നത്.
മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ എടുത്തുപറയത്തക്ക യുദ്ധമായിരുന്നു കൊറേഗാവ് യുദ്ധം. ഒരു നാടോടിക്കഥപോലെ ഇന്നും ദലിതര്‍ വീരസ്മരണയോടെയാണ് യുദ്ധത്തെ സ്മരിക്കുന്നത്.
രാജസേനയെ ചെറുത്തു തോല്‍പ്പിച്ച ദലിതരുടെ ആയോധനത്തിന്റെയും ആത്മ വീര്യത്തിന്റെയും ചരിത്രമാണ് കൊറേഗാവ് യുദ്ധം മുന്നോട്ടുവയ്ക്കുന്നത്. സവര്‍ണ മേധാവിത്തത്തിന്റെ അടിത്തറയിളക്കിയതും ബ്രിട്ടിഷ് ആധിപത്യത്തിന് ശിലയിട്ടതുമായിരുന്നു ഈ യുദ്ധം.
ഭീമ-കൊറേഗാവിലാണ് ബ്രിട്ടിഷ്-മറാത്താ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അതിശക്തരായ മറാത്താ സൈന്യം പേഷ്വ ബാജിറാവു രണ്ടാമന്റെ നേതൃത്വത്തിലാണ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ സൈന്യത്തിനുനേരെ യുദ്ധം നടത്തിയത്. 28,000 മറാത്താ സൈന്യത്തിനുമുന്നില്‍ കമ്പനിയുടെ 800 സൈനികരാണ് യുദ്ധമുഖത്തെത്തിയിരുന്നത്. കമ്പനിയുടെ സൈന്യത്തെ നയിച്ചിരുന്നത് ക്യാപ്റ്റന്‍ ഫ്രാന്‍സിസ് സ്റ്റണ്‍ഡനായിരുന്നു.
ഏതാണ്ട് 12 മണിക്കൂര്‍ നേരം ശക്തമായ രീതിയില്‍ നിലകൊണ്ട മറാത്താ സൈന്യത്തിനെതിരേ ജനറല്‍ ജോസഫ് സ്മിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സൈന്യം എത്തിയതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ബാജിറാവുവിന് സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നു.
കമ്പനി സൈന്യത്തില്‍ ഇന്ത്യക്കാരായ മഹര്‍ എന്ന ദലിത് സമുദായക്കാരായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. ഈ യുദ്ധത്തെ ദലിത് വിഭാഗക്കാര്‍ ഇന്നും തങ്ങളുടെ മഹത്തായ യുദ്ധമായാണ് വിലയിരുത്തുന്നത്.
ബ്രിട്ടിഷ് അധിനിവേശത്തിന് ശിലയിട്ടെങ്കിലും സമൂഹത്തിന്റെ താഴെതട്ടില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ദലിതരുടെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ചരിത്രം കൂടിയുണ്ട് കൊറേഗാവ് യുദ്ധത്തിന്.1817 ഡിസംബര്‍ 31ന് തുടങ്ങി 1818 ജനുവരി ഒന്നിനാണ് യുദ്ധം അവസാനിച്ചത്. മഹര്‍ സമുദായത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള യുദ്ധമായിരുന്നു1818ല്‍ നടത്തിയതെന്നാണ് അവര്‍ ഇന്നും വിശ്വസിക്കുന്നത്.
സവര്‍ണ മേധാവിത്തത്തിനെതിരേ ശക്തമായ വെല്ലുവിളി ഉയര്‍ത്തി ദലിതര്‍ നേടിയ വിജയത്തിന്റെ ചരിത്രംകൂടിയുണ്ട് ഈ യുദ്ധത്തിന്. അതാണ് ജനുവരി ഒന്നിന് കൊറേഗാവ് യുദ്ധവിജയം അവര്‍ ആഘോഷിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."