ഇറാനിലെ പ്രക്ഷോഭത്തിനുപിന്നില്‍ ശത്രുക്കള്‍: ഖാംനഇ
തെഹ്‌റാന്‍: ഇറാനില്‍ ശക്തിപ്പെടുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതികരണവുമായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ രംഗത്ത്. പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ഇറാന്റെ ശത്രുക്കളാണെന്ന് ഖാംനഇ ആരോപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് അദ്ദേഹം പ്രതികരിച്ചത്.
'അടുത്തിടെയായി ഇറാന്റെ ശത്രുക്കള്‍ പണവും ആയുധങ്ങളും ഉപയോഗിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഇസ്‌ലാമിക് റിപബ്ലിക്കില്‍ അസ്ഥിരത സൃഷ്ടിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണു പുതിയ സംഭവങ്ങള്‍.'- ഖാംനഇ വെബ്‌സൈറ്റിലൂടെ ആരോപിച്ചു.
'ഇറാന്റെ പുരോഗതിക്കും സുരക്ഷയ്ക്കും അന്തസിനും നിരവധി രക്ഷസാക്ഷികളുടെ ജീവത്യാഗത്തോട് കടപ്പെട്ടിരിക്കുന്നു. ഇപ്പോഴും നിലനില്‍ക്കുന്ന ഇറാന്‍ ജനതയുടെ വിശ്വാസ, ത്യാഗ, ആത്മധൈര്യ മനോഭാവം കൊണ്ടുതന്നെയാണ് ശത്രുക്കള്‍ക്ക് ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തത് '-അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ശരിയായ സമയത്ത് പുതിയ സംഭവവികാസങ്ങളെ കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ഖാംനഇ അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്കൊപ്പം ഖാംനഇക്കെതിരേയും ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകാരികള്‍ മുഴക്കുന്നത്. രാജ്യത്തെ പുരോഹിതഭരണത്തില്‍നിന്ന് രക്ഷിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ഇന്നലെ മധ്യ ഇറാനില്‍ ഒരു കുട്ടി അടക്കം ഒന്‍പതുപേര്‍കൂടി സമരത്തിനിടെ കൊല്ലപ്പെട്ടു. ഇതോടെ വ്യാഴാഴ്ച ആരംഭിച്ച ഭരണവിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. തിങ്കളാഴ്ച രാത്രി 10 പേര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു.
ഖാഹ്‌ദെറിജാനില്‍ പൊലിസ് സ്റ്റേഷനു നേരെ നടന്ന ആക്രമണ ശ്രമത്തിനിടെ ഇന്നലെ ആറുപേര്‍ കൊല്ലപ്പെട്ടു. ഇസ്ഫഹാനില്‍ മൂന്നുപേരും മരിച്ചു. ഇന്നലെ വിവിധ ഭാഗങ്ങളില്‍ നൂറോളം സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതിനകം 450 പേര്‍ സമരത്തിന്റെ ഭാഗമായി അറസ്റ്റിലായതായാണ് ഔദ്യോഗിക കണക്ക്.
പ്രക്ഷോഭത്തില്‍ ആദ്യ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു.
സമാധാനപരമായി സമരം ചെയ്യാനായിരുന്നു ഖാംനഇയുടെ ആഹ്വാനം. രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി എല്ലാവരും ഒന്നിച്ചുപ്രവര്‍ത്തിക്കണം. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും നിയമത്തിനും വിരുദ്ധമായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും വിപ്ലവത്തിന്റെ മൂല്യങ്ങളെയും പരിശുദ്ധതയെയും അവഹേളിക്കുകയും ചെയ്യുന്ന ന്യൂനപക്ഷം വരുന്ന ജനങ്ങളെ രാജ്യം കൈകാര്യം ചെയ്യും. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതുപക്ഷെ, അക്രമപ്രവര്‍ത്തനങ്ങളിലൂടെ ആകരുത്- റൂഹാനി വ്യക്തമാക്കി.
ഭക്ഷ്യ- ഇന്ധന വിലകള്‍ കുതിച്ചുയരുന്നതിലും തെറ്റായ സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് വ്യാഴാഴ്ചയാണ് ഇറാന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്കു തുടക്കമായത്. ഇറാനിലെ വടക്കുകിഴക്കന്‍ നഗരമായ മശ്ഹാദിലാണ് സംഭവങ്ങള്‍ക്കു തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."