പുതിയ സംരംഭങ്ങള്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ വിമുഖത കാണിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ വിമുഖത കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) നടത്തിയ സര്‍വേയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
ഇന്ത്യയിലെ സംരംഭക മേഖലയിലുണ്ടായ മുരടിപ്പിന് മാറ്റമുണ്ടാവുക എന്നത് വിദൂര സാധ്യതയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കാര്യമായ കുറവ് ഉണ്ടാകുന്നതിനും ഇത് കാരണമായിട്ടുണ്ട്. 2017 ലെ അവസാന മാസങ്ങളിലാണ് പുതിയ സംരംഭങ്ങളോട് നിക്ഷേപകര്‍ വ്യക്തമായ അകലം പാലിക്കുന്നത് വര്‍ധിച്ചത്. ഇതിനു മുന്‍പ് 2004 ലാണ് ഇത്തരമൊരു പ്രതിസന്ധി നിക്ഷേപക മേഖലയിലുണ്ടായത്. എന്നാല്‍ 2017 ലെ പുതിയ സംരംഭങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ നേരത്തെയുണ്ടായതിനേക്കാള്‍ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
നിര്‍മാണ മേഖലയിലാണ് ഏറ്റവും കനത്ത തിരിച്ചടിയുണ്ടായതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ പദ്ധതികളെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും അവയെ സാമ്പത്തിക മേഖലയിലേക്ക് ഉപകാരമാകും വിധം ഉപയോഗിക്കാത്തതും പുതിയ പദ്ധതികള്‍ തുടങ്ങുന്നതില്‍ നിന്ന് നിക്ഷേപകരെ പിന്തിരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതും സംരംഭക മേഖലയെ പ്രതികൂലമായി ബാധിച്ചു. പുതിയ പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നതില്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നതും കാരണമായി. സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളും സംരംഭകരെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."