'ബിസിനസ് ടു ബിസിനസ് വ്യാപാര്‍ മീറ്റ്' ഫെബ്രുവരി രണ്ടിന് കൊച്ചിയില്‍
തിരുവനന്തപുരം: ഫെബ്രുവരി രണ്ട് മുതല്‍ നാലുവരെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ബിസിനസ് ടു ബിസിനസ് മീറ്റ് വ്യാപാര്‍ 2017 സംഘടിപ്പിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. ഭക്ഷ്യസംസ്‌കരണം, കൈത്തറി-ടെക്‌സ്‌റ്റൈല്‍, ഫാഷന്‍ ഡിസൈനിങ്, ഫര്‍ണിഷിങ്, റബര്‍, കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലകളിലെ ഉല്‍പന്നങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്താനും പരിപോഷിപ്പിക്കാനും വേണ്ടിയാണ് മേള സംഘടിപ്പിക്കുന്നത്. ഈ മേഖലയിലെ ഉല്‍പ്പന്നങ്ങളുടെ വില്‍പനയും പ്രദര്‍ശനവും മേളയില്‍ നടക്കും.
സംസ്ഥാനത്തിന്റെ വ്യവസായിക ഉല്‍പാദനക്ഷമത പ്രദര്‍ശിപ്പിക്കുക, വിപണിയില്‍ ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളെയും ഉല്‍പന്നങ്ങളെയും അവതരിപ്പി ക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും നിലനിര്‍ത്താനും വേണ്ടിയുള്ള പ്രോത്സാഹനം നല്‍കുക, നിക്ഷേപകരില്‍ താല്‍പര്യം ജനിപ്പിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വയ്ക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം.
ദേശത്തും വിദേശത്തുമുള്ള വ്യാപാര സംഘങ്ങള്‍, കയറ്റുമതി സംഘങ്ങള്‍ എന്നിവര്‍ മേളയിലെത്തും. രാജ്യത്തിനകത്തുനിന്ന് 300 ബിസിനസുകാരും പുറത്തുനിന്ന് 75പേരും എത്തും. ഇതുവരെ 683 പേര്‍ രജിസ്റ്റര്‍ ചെയ്തു. പതിനെട്ട് സംസ്ഥാനങ്ങളില്‍ നിന്നും 46 രാജ്യങ്ങളില്‍നിന്നുമുള്ള വ്യാപാര പ്രതിനിധികളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ നിന്ന് സ്വീകാര്യമായ 480 പേരുടെ പട്ടിക തയാറായിക്കഴിഞ്ഞു. ഇവര്‍ക്കുള്ള താമസത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ജപ്പാനില്‍ നിന്ന് ഇതിന്റെ ഭാഗമായി 39 പേരടങ്ങുന്ന ഒരു പ്രത്യേക സംഘം എത്തുമെന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്.
വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടറേറ്റ്, ടെക്‌സ്‌റ്റൈല്‍ ഡയറക്ടറേറ്റ്, കെ.എസ്.ഐ.ഡി.സി എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായി വ്യാപാരബന്ധങ്ങള്‍ ശക്തമാക്കുന്ന ഏഴായിരത്തോളം ചര്‍ച്ചകളും മേളയ്ക്കു ശേഷം അഞ്ചു മുതല്‍ ഏഴു വരെ കാര്‍ഷികോല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള കേരളീയ ഭക്ഷ്യവിഭവങ്ങളുടെ മേളയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."