പണംവാങ്ങി വഞ്ചിച്ചെന്ന് ആരോപണം; ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തു
തിരൂരങ്ങാടി: ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയോളം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയില്‍ ജ്വല്ലറി ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. വെന്നിയൂര്‍ ഇത്തിക്കാട്ട് ജ്വല്ലറി ഉടമയും വേങ്ങര വലിയോറ പത്തുമൂച്ചിക്കല്‍ സ്വദേശിയുമായ കള്ളത്താന്‍ പറമ്പില്‍ ഹനീഫ (50)യെ ആണ് തിരൂരങ്ങാടി സി.ഐ ബാബുരാജന്‍, എസ്.ഐ വിശ്വനാഥന്‍ കാരയില്‍, സി.പി.ഒ രജീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്. ഇരുപത്തിനാല് പരാതികളിലായി എട്ടുകേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ മൂന്നു പരാതികള്‍ കൂടി ഇയാള്‍ക്കെതിരേ തിരൂരങ്ങാടി പൊലിസിന് ലഭിച്ചിട്ടുണ്ട്. താനൂര്‍, പരപ്പനങ്ങാടി പൊലിസിലും വേറെ പരാതികള്‍ ലഭിച്ചതായാണ് വിവരം.
2012 മുതലാണ് പലരില്‍ നിന്നായി ഇയാള്‍ 1,43,78,800 രൂപ വാങ്ങിയത്. തുടക്കത്തില്‍ ലാഭവിഹിതം നല്‍കിയിരുന്നതായി പ്രതിയും ലാഭവിഹിതം ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരും പറയുന്നു. എന്നാല്‍ മുതല്‍മുടക്കും ലഭിക്കാതെ വന്നതിനാല്‍ പണം നല്‍കിയവര്‍ ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തുവരികയായിരുന്നു.
ജ്വല്ലറി പൂട്ടി ഇയാള്‍ ആന്ധ്രാപ്രദേശിലേക്ക് മുങ്ങുകയായിരുന്നു . ഇതോടെ 2016 ഓഗസ്റ്റില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതിനിടെ പത്തുമൂച്ചിയിലെ ഇയാളുടെ വീട്ടിലേക്ക് പരാതിക്കാര്‍ മാര്‍ച്ച് നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."