ഹൈക്കോടതി ഉത്തരവ് ഇന്നലെയും നടപ്പാക്കാനായില്ല
കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെയും പരാജയപ്പെട്ടു. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ക്കായി പൊലിസുമായി എത്തിയ എ.ഇ.ഒയെ സ്‌കൂള്‍ സംരക്ഷണസമിതിയും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. സ്‌കൂള്‍ പൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് എ.ഇ.ഒ മടങ്ങിയത്.
ഇന്നലെ രാവിലെ 10.30ഓടെയാണ് ഉത്തരവ് നടപ്പിലാക്കാനായി സിറ്റി എ.ഇ.ഒ കെ.എസ് കുസുമം സ്‌കൂളിലെത്തിയത്. എന്നാല്‍ അതിരാവിലെ തന്നെ സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങളും നാട്ടുകാരും സ്‌കൂളില്‍ എത്തിയിരുന്നു. സ്‌കൂളിലേക്ക് പ്രവേശിക്കുന്ന രണ്ടു കവാടങ്ങളിലും ഇവര്‍ മനുഷ്യമതില്‍ തീര്‍ത്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള വിവിധ കക്ഷി നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.
വന്‍ പൊലിസ് സംഘം ഉണ്ടായിട്ടും പ്രതിഷേധക്കാരെ നീക്കി എ.ഇ.ഒയ്ക്ക് സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സമരക്കാര്‍ എ.ഇ.ഒക്കെതിരേയും പൊലിസിനെതിരേയും മുദ്രാവാക്യം മുഴക്കി. പൊലിസ് സുഗമമായ വഴി ഒരുക്കിയാല്‍ സ്‌കൂള്‍ ഇപ്പോള്‍ തന്നെ അടച്ചുപൂട്ടുമെന്ന് എ.ഇ.ഒ ആദ്യം പറഞ്ഞെങ്കിലും പ്രതിഷേധം ശക്തമായതോടെ അരമണിക്കൂറോളം സ്‌കൂളിനു സമീപം നിന്നശേഷം മടങ്ങുകയായിരുന്നു. ബന്ധപ്പെട്ട അധികാരികളോട് സംസാരിച്ചതിനുശേഷം ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും സ്‌കൂള്‍ പൂട്ടാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്നും കെ.എസ് കുസുമം അറിയിച്ചു.
ചേവായൂര്‍ എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തില്‍ നൂറിലേറെ പൊലിസുകാരാണ് രാവിലെ മുതല്‍ സ്ഥലത്തുണ്ടായിരുന്നത്. സ്‌കൂള്‍ അടച്ചുപൂട്ടാനായി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസവും അധികൃതര്‍ എത്തിയിരുന്നു. എന്നാല്‍ സ്‌കൂള്‍ സംരക്ഷണ സമിതിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അന്നും മടങ്ങിപ്പോകുകയായിരുന്നു. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എ. പ്രദീപ്കുമാര്‍ എം.എല്‍.എ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ തലത്തില്‍ താമസിയാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."