കണ്ണൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
കണ്ണൂര്‍: പുതിയതെരു ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അച്ഛനും മകളുമുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ പുതിയതെരു ടൗണിനുസമീപം ധനരാജ് തിയേറ്ററിനു മുന്നിലായിരുന്നു അപകടം. മലയാളികളും രാജസ്ഥാനിലെ ഉദയ്പുര്‍ ബുവാനയില്‍ സ്ഥിരതാമസക്കാരുമായ ആല്‍ഫ്രഡ് എല്‍ബി (45), അരിസ്റ്റോവില്ലയില്‍ പരേതനായ ടി.ഡി. ജോണിയുടെ മകന്‍ ബുവാന പ്ലോട്ട് നമ്പര്‍ 202 ല്‍ ജോ (48), മകള്‍ കാതറിന്‍ (അഞ്ച്) എന്നിവരാണു മരിച്ചത്. ജോയുടെ ഭാര്യ തിരുവല്ല സ്വദേശിനി പ്രിയ (35), മറ്റൊരു മകള്‍ ക്രിസ്റ്റീന (10) എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ആല്‍ഫ്രഡും ജോയും സംഭവസ്ഥലത്തുവച്ചും കാതറിന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. മരിച്ച ജോയുടെ സൃഹൃത്താണ് ആല്‍ഫ്രഡ്. ഇദേഹമാണു കാര്‍ ഓടിച്ചിരുന്നത്. രാജസ്ഥാനില്‍നിന്നു ജന്മനാടായ തിരുവല്ലയിലേക്കു വരികയായിരുന്നു കാര്‍ യാത്രക്കാര്‍. തിരുവനന്തപുരത്ത് നിന്ന് ഗ്വാളിയോറിലേക്കു പോവുകയായിരുന്ന ലോറിയുമായി കാര്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന ആല്‍ഫ്രഡും ജോയും തത്ക്ഷണം മരിച്ചു. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെയും അരമണിക്കൂറോളം പ്രയത്‌നിച്ചാണ് വളപട്ടണം പോലീസും കണ്ണൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെടുത്തത്. ആല്‍ഫ്രഡിന്റെയും ജോയുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലും കാതറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലുമാണ്. ഉദയ്പുരില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ജോയ്ക്ക് ഒരു സഹോദരിയുണ്ട്. ഇവര്‍ ജനിച്ചതും വളര്‍ന്നതും രാജസ്ഥാനിലാണ്.
ഉദയ്പുര്‍ ഗവ. മെഡിക്കല്‍ കോളജ് സ്റ്റാഫ് നഴ്‌സാണ് പരിക്കേറ്റ പ്രിയ. തിരുവല്ല സ്വദേശികളാണ് മരിച്ചതെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മന്ത്രി മാത്യു ടി. തോമസ് വളപട്ടണം പോലീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തിരുവല്ലയില്‍ എവിടെയാണ് മരിച്ചവരുടെ തറവാടെന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."