കുഷ്ഠരോഗം: കൂടുതല്‍ രോഗികള്‍ ജില്ലയില്‍; ചികിത്സയിലുള്ളത് 103 പേര്‍
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഷ്ഠ രോഗികളുള്ളത് മലപ്പുറം ജില്ലയില്‍. രോഗം ബാധിച്ച് ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത് 103 പേരാണ്. 55 പേര്‍ക്കാണ് ജില്ലയില്‍ പത്തു മാസത്തിനിടെ കുഷ്ഠരോഗം പിടിപെട്ടത്.
2016 ഏപ്രില്‍ മുതല്‍ ജനുവരി തുടക്കംവരെ 103 പേരാണ് കുഷ്ഠരോഗത്തിനു ചികിത്സ തേടിയത്. ഇതില്‍ 90 പേര്‍ക്കും പകര്‍ച്ചാ സാധ്യത ഏറെയുള്ള മള്‍ട്ടി ബാസ്സിലറിയാണ്. 20 പേര്‍ക്ക് പകര്‍ച്ചാ സാധ്യതകുറവുള്ള പോസി ബാസിലറിയുമാണ് പിടിപെട്ടിട്ടുള്ളത്. രോഗികളില്‍ 87 പുരുഷന്മാരാണുള്ളത്. ഇതില്‍ പത്തു കുട്ടികളും ഉള്‍പ്പെടുന്നു. അഞ്ച് ആദിവാസികള്‍ക്കും ആറ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും രോഗം പിടിപെട്ടതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. 2010-2011 കാലയളവില്‍ 122 പേര്‍ക്കാണ് ജില്ലയില്‍ കുഷ്ഠരോഗം ബാധിച്ചത്. 2011-12ല്‍ 120, 2012-13ല്‍ 107, 2013-14ല്‍ 94, 2014-15ല്‍ 79, 2015-16ല്‍ 68 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.
സ്പര്‍ശം ജില്ലാതല ഉദ്ഘാടനം നാളെ
മലപ്പുറം: കുഷ്ഠരോഗ നിര്‍മാര്‍ജനപക്ഷാചരണ (സ്പര്‍ശം2017) ത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വഹിക്കും. എക്‌സിബിഷന്‍ പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീമും ഒപ്പുശേഖരണ കാംപയിന്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരനും ഉദ്ഘാടനം ചെയ്യും.
30 മുതല്‍ ഫെബ്രുവരി 13 വരെയാണ് പക്ഷാചരണം. ഇതിന്റെ ഭാഗമായി 30ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുഷ്ഠരോഗ നിവാരണത്തെക്കുറിച്ചുള്ള കാംപയിന്‍ പ്രധാന അജന്‍ഡയായി ഒരു ഗ്രാമസഭയെങ്കിലും ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ സന്ദേശം ഇവിടെ വായിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുക്കും. പരിപാടിയുടെ ഭാഗമായി ത്വക്ക് പരിശോധനാ ക്യാംപുകള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക പരിശോധനാ ക്യാംപുകള്‍, ആദിവാസി, ചേരി, തീരമേഖലയില്‍ പ്രത്യേക രോഗ നിര്‍ണയ സര്‍വേ, ഫിലിം,വീഡിയോ പ്രദര്‍ശനം, റാലി, ക്വിസ്പ്രബന്ധ രചനാ മത്സരങ്ങള്‍ എന്നിവ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.വി പ്രകാശ്, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ.പി സാദിഖലി, അസി. ലെപ്രസി ഓഫിസര്‍മാരായ എം. അബ്ദുല്‍ ഹമീദ്, കെ. സോമന്‍, വി.പി സുദേശന്‍ പങ്കെടുത്തു.
കുഷ്ഠരോഗം കണ്ടെത്താം
മൈകോ ബാക്ടീരിയം ലെപ്രേ ബാക്ടീരിയയാണ് കുഷ്ഠരോഗം പടര്‍ത്തുന്നത്. ചര്‍മത്തില്‍ പാടുകള്‍ രൂപപ്പെടുകയും ഈ ഭാഗങ്ങളില്‍ സ്പര്‍ശന ശേഷി നഷ്ടപ്പെടുകയുമാണ് പ്രാരംഭ ലക്ഷണം. രോഗം നാഡികളെയും ബാധിക്കും. രോഗാണുബാധയേറ്റ് ലക്ഷണങ്ങള്‍ പുറത്തുവരാന്‍ ആഴ്ചകള്‍ മുതല്‍ വര്‍ഷങ്ങളോളം സമയമെടുത്തേക്കാം. ഇതിനിടയില്‍ രോഗിയുമായി അടുത്തിടപെടുന്നവര്‍ക്ക് രോഗം പടരാന്‍ കൂടുതല്‍ സാധ്യതയുമുണ്ട്. പ്രാഥമിക ചര്‍മപരിശോധനയിലൂടെ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.
ചികിത്സയുണ്ട്
ചര്‍മത്തില്‍ രണ്ട് മുതല്‍ അഞ്ചുവരെ സ്പര്‍ശന ശേഷിയുള്ള പാടുകള്‍ കണ്ടെത്തിയാല്‍ ഇതിനെയാണ് പോസി ബാസിലറി എന്നു വിളിക്കുന്നത്. ആറ് മാസത്തെ ചികിത്സ കൊണ്ട് ഇതു മാറ്റിയെടുക്കാനാകും. റിഫോമ്പിസിന്‍, ഡാപ്‌സോണ്‍ ഗുളികകളാണ് രോഗികള്‍ക്ക് ആറ് മാസം തുടര്‍ച്ചയായി രോഗിക്ക് കഴിക്കാന്‍ നല്‍കുന്നത്. അഞ്ചിലധികം പാടുകള്‍ ചര്‍മത്തില്‍ കണ്ടെത്തുകയോ ബയോപ്‌സി ടെസ്റ്റിലൂടെ രോഗാണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയോ ചെയ്യുന്ന കേസുകളെയാണ് മള്‍ട്ടി ബാസ്സിലറി എന്ന് വിളിക്കുന്നത്. ഒരുവര്‍ഷക്കാലമാണ് ഇതിന് ചികിത്സ നല്‍കുന്നത്. റിഫോമ്പിസിന്‍, ഡാപ്‌സോണ്‍ ഗുളികകള്‍ക്ക് പുറമെ ക്ലോഫാസിമിന്‍ ഗുളികയും ഈ കാലയളവില്‍ രോഗിക്ക് നല്‍കും. പ്രത്യേക ജീവിതരീതിയും ജനിതകഘടനാപരമായ പ്രത്യേകതയും ആദിവാസികളില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധ ശേഷി കുറവുള്ളതിനാല്‍ കുട്ടികളെയും വളരെവേഗം രോഗം ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."