ഓഡിറ്റ് തടസം: 2011 മുതലുള്ള അധ്യാപക നിയമനങ്ങളുടെ കണക്കെടുക്കുന്നു
മലപ്പുറം: അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് തടസവാദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കണക്കെടുക്കുന്നു. പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍ നിന്നൊഴിവാക്കി പകരം നടത്തിയ അധ്യാപക നിയമനങ്ങളുടെ 2011 മുതലുള്ള കണക്കുകളാണ് ശേഖരിക്കുന്നത്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 150 കുട്ടികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളുകളിലും 100 കുട്ടികളില്‍ കൂടുതലുള്ള യു.പി സ്‌കൂളിലും പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം എല്‍.പി.എസ്.എ, യു.പി.എസ്എ നിയമനം നടത്താന്‍ നിര്‍ദേശിച്ചത്.
വിദ്യാഭ്യാസ വകുപ്പില്‍ നിന്നു കൃത്യമായ നിര്‍ദേശം ലഭിക്കാത്തതിനാലും കേരള വിദ്യാഭ്യാസ നിയമത്തിന്റെ ഭേദഗതി വൈകിയതുംകാരണം വര്‍ഷങ്ങളോളം സംസ്ഥാനത്തെ പല ജില്ലകളിലും ഈ തസ്തികകളില്‍ നിയമനം നടന്നിരുന്നില്ല.
പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളുകളെ നിയമിക്കുന്നതിനു പകരം എയ്ഡഡ് സ്‌കൂളുകളില്‍ നിന്നു പുറത്തായ സംരക്ഷിത അധ്യാപകരെയും താല്‍ക്കാലിക ജീവനക്കാരെയുമാണ് ഈ തസ്തികകളില്‍ പല ജില്ലകളിലും നിയമിച്ചത്. ഇതിനെതിരേ പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സോസിയേഷന്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സര്‍വ ശിക്ഷ അഭിയാന്‍, ആര്‍.എം.എസ്.എ എന്നിവയിലൂടെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിലവില്‍ പ്രധാനാധ്യാപക ഒഴിവില്‍ (എച്ച്.ടി വാക്കന്‍സി) ജോലി ചെയ്യുന്നവര്‍ക്കുള്ള ശമ്പളം നല്‍കുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എച്ച്.ടി വാക്കന്‍സിയില്‍ നിയമനം നടത്തിയതിന്റെ കൃത്യമായ കണക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമില്ലാത്തതാണ് നിലവില്‍ ഓഡിറ്റ് തടസത്തിന് കാരണമായത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2011- 12 മുതല്‍ 2016-17 വരെയുള്ള നിയമനത്തിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ബന്ധപ്പെട്ട മുഴുവന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയങ്ങളില്‍ പ്രഥമാധ്യാപകരെ ക്ലാസ് ചുമതലയില്‍ നിന്ന് ഒഴിവാക്കി പകരം നടത്തിയ നിയമനങ്ങളുടെയും അവര്‍ക്ക് ഓരോ മാസവും നല്‍കിയ ശമ്പളത്തിന്റെയും കണക്കുകള്‍ നല്‍കണമെന്നാണ് നിര്‍ദേശം.
എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തരം നിയമനം നടത്തി ശമ്പളം നല്‍കിയിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവരം പ്രത്യേകം കൈമാറാനും നിര്‍ദേശമുണ്ട്. ഈ അധ്യയന വര്‍ഷം ജനുവരി വരെയുള്ള കണക്കുകളാണ് നല്‍കേണ്ടത്.
ഇതിനു മുന്‍പായി ഉപജില്ലകളില്‍ പ്രധാനാധ്യാപകരുടെ യോഗം നടക്കും. 2017 ഫെബ്രുവരി എട്ടിനകം പ്രധാനാധ്യാപകരില്‍ നിന്നുള്ള വിവര ശേഖരണം പൂര്‍ത്തിയാക്കണം. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇത് 14ന് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രത്തില്‍ എത്തിക്കണം. മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 20 നകം ബന്ധപ്പെട്ട റിപ്പോര്‍ട്ട് അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."