പ്രണയവും വിരഹവും പെയ്തിറങ്ങി; 'ഗസല്‍ രാതി'ന് തുടക്കം
കോഴിക്കോട്: കേരള സംഗീത നാടക അക്കാദമിയും സാംസ്‌കാരിക വകുപ്പും ജില്ലാ പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഗസല്‍ രാതി'ന് തുടക്കമായി. യേ മെരേ പ്യാരെ ബതല്‍... യേ മെരേ ബിച്ചഡെ ചമന്‍... തുജ് കെ ബില്‍ കുര്‍ബാന്‍... തൂഹി മേരീ... പ്രണയവും വിരഹവും കാത്തിരിപ്പും ഈണങ്ങളിലൂടെ പെയ്തിറങ്ങിയപ്പോള്‍ ഭട്ട് റോഡ് കടലോരത്ത് ഒത്ത് കൂടിയവര്‍ ഗസല്‍ മഴയില്‍ നനഞ്ഞു. ആഴമേറിയ അര്‍ഥതലങ്ങളിലുള്ള വരികള്‍ക്ക് ഹൈദരാബാദുകാരനായ വിഖ്യാത ഗസല്‍ ഗായകന്‍ തലത്ത് അസീസ് ശബ്ദം നല്‍കിയപ്പോള്‍ കടലോരത്തെ കാറ്റാടി മരങ്ങളും മണല്‍ത്തരികളും സദസിനൊപ്പം അലിഞ്ഞുചേര്‍ന്നു. ജിത്തു ശങ്കര്‍, അജയ് സോണി, ഇക്ബാല്‍ വാര്‍സി, മുഹമ്മദ് ഇമ്രാന്‍ ഖാന്‍ എന്നിവര്‍ തലത്ത് അസീസിന്റെ വരികള്‍ക്ക് അകമ്പടിയായി.
തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആശാ ശശാങ്കന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, എം.വി കുഞ്ഞിരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."