ഹജ്ജ് സബ്‌സിഡിയുടെ കാണാപ്പുറങ്ങള്‍
ഹജ്ജ് ഇസ്്‌ലാമിലെ ഏറ്റവും പരിപാവനമായ കര്‍മമാണ്. നമസ്‌കാരം, നോമ്പ് മുതലായ ആരാധനാകര്‍മങ്ങള്‍പോലെയല്ല അത്. വാഹനം, ആരോഗ്യം, സാമ്പത്തികാവസ്ഥ എന്നിവ ഒത്തുവന്നാല്‍ മാത്രമേ ഹജ്ജ് നിര്‍വഹിക്കേണ്ടതുള്ളു. 'സബ്‌സിഡി' വാങ്ങി പോവേണ്ട കര്‍മമല്ല ഹജ്ജ്.
എല്ലാ വര്‍ഷവും കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഇന്ത്യയിലെ ഹജ്ജ് യാത്രക്കാര്‍ക്കു ലഭിക്കുന്ന ഹജ്ജ് സബ്‌സിഡിയെക്കുറിച്ച് അവ്യക്തമായാണ് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ഈ തുച്ഛമായ സംഖ്യ ഹജ്ജ് യാത്രക്കാരന്റെ അവകാശമാണോ. സര്‍ക്കാര്‍ മുസ്‌ലിംതീര്‍ഥാടകര്‍ക്കു നല്‍കുന്ന ഔദാര്യമാണോ.
ബഹുസ്വരസമൂഹത്തില്‍ ഒരുവിഭാഗക്കാര്‍ക്കുമാത്രം എന്തിന് ഔദാര്യം നല്‍കുന്നുവെന്ന ഇതരമതസ്ഥരുടെ വാദം ശരിവയ്ക്കുന്നതാണോ ഹജ്ജ് സബ്‌സിഡിയെന്ന ഈ തുച്ഛമായ സഖ്യ. ഹജ്ജ് സബ്‌സിഡിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണ്. മറ്റു മതവിഭാഗങ്ങള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ ലഭ്യമാണോ.
1932ല്‍ 'പോര്‍ട്ട് ഹജ്ജ് കമ്മിറ്റി' രൂപീകരിച്ച നാള്‍മുതല്‍ ഹജ്ജ് യാത്ര കപ്പല്‍വഴിയായിരുന്നു. 1995 നു ശേഷമാണു ഹജ്ജ് യാത്രികരെ പൂര്‍ണമായും വിമാനത്തില്‍ കൊണ്ടുപോവാന്‍ കേന്ദ്രഹജ്ജ് കമ്മിറ്റി തീരുമാനിച്ചത്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്താണ് സബ്‌സിഡി ആരംഭിച്ചത്. കപ്പല്‍ യാത്ര നിലച്ചതോടെ കപ്പല്‍ യാത്രാച്ചെലവും വിമാനടിക്കറ്റ് നിരക്കും തമ്മിലുള്ള അന്തരം നികത്താനായിരുന്നു അത്.
അന്ന് ഈ ആനുകൂല്യം സഊദി അറേബ്യയിലേയ്ക്കു മാത്രമായിരുന്നില്ല, സിറിയ, ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നീ തീര്‍ഥാടനകേന്ദ്രങ്ങളിലേയ്ക്കു കൂടി ഉണ്ടായിരുന്നു. 1959 മുതല്‍ സര്‍ക്കാര്‍ നല്‍കുന്ന തുക ഹജ്ജ് സബ്‌സിഡിയായി അറിയപ്പെട്ടു. ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലെ ഇതര സ്ഥലങ്ങളില്‍ സിയാറത്ത് ചെയ്യുന്ന ചെലവുകളും സബ്‌സിഡി ഇനത്തില്‍പെടുത്തിയിരുന്നു.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഓരോ വര്‍ഷവും ഇന്ത്യയില്‍നിന്ന് 1,25,000 തീര്‍ഥാടകരെ കൊണ്ടുപോകാനാണ് ഉഭയകക്ഷി കരാര്‍. ഗ്രീന്‍ കാറ്റഗറി (ഉയര്‍ന്ന താമസ സൗകര്യം), അസീസിയ (സാധാരണ താമസ സൗകര്യം) എന്നിങ്ങനെ തീര്‍ഥാടകരെ വിഭജിക്കുന്നു. 2016 ല്‍ ഗ്രീന്‍ വിഭാഗം 2,13,473 രൂപയും അസീസിയ വിഭാഗം 1,79,580 രൂപയും ഹജ്ജ് കമ്മിറ്റിയെ ഏല്‍പിക്കേണ്ടിയിരുന്നു. ഇതില്‍ വിമാനയാത്രാ ചെലവായ 45,000 രൂപയും ഉള്‍പെടും.
ഹാജിമാര്‍ മക്കയില്‍വച്ചു നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട ബലികര്‍മത്തിന് 8160 രൂപ വേറെയും കൊടുക്കണം. ഇവിടെ മനസ്സിലാക്കേണ്ട കാതലായ വിഷയം കേവലം 45,000 രൂപയുടെ വിമാനനിരക്കില്‍ സര്‍ക്കാര്‍ തരുന്ന തുകയാണ് ഈ കൊട്ടിഘോഷിക്കപ്പെടുന്ന ഹജ്ജ് സബ്‌സിഡി. എന്നിട്ടും, മുസ്‌ലിം തീര്‍ഥാടകര്‍ക്കു സര്‍ക്കാര്‍ കാലാകാലമായി എന്തോ വലിയകാര്യം ചെയ്യുന്നുവെന്നു മറ്റു മതസ്ഥരുടെ മുമ്പില്‍ അവതരിപ്പിക്കുകയാണ്.
ഈ സബ്‌സിഡിയുടെ ഗുണഫലം തീര്‍ഥാടകര്‍ക്കു ലഭിക്കുന്നുണ്ടോ എന്നാണു നോക്കേണ്ടത്. സാധാരണയില്‍നിന്നു വ്യത്യസ്തമായി ഹജ്ജ് സമയത്ത് വിമാനനിരക്കില്‍ വന്‍തുകയാണ് ഈടാക്കുന്നത്. കഴിഞ്ഞതവണ ഹജ്ജ് നിരക്കായി എയര്‍ഇന്ത്യ നിശ്ചയിച്ചത് 63,750 രൂപ മുതല്‍ 1,63,350 രൂപ വരെ ആണ്. വിവിധ വിമാനത്താവളങ്ങളില്‍നിന്നു വ്യത്യസ്തനിരക്കുകള്‍ നിശ്ചയിച്ചുകൊണ്ടാണു ഹജ്ജ് ടെണ്ടര്‍ വിളിക്കുന്നത്.
ഉഭയകക്ഷി കരാര്‍ പ്രകാരം 62,500 തീര്‍ഥാടകരെ സഊദിഅറേബ്യയുടെ വിമാനമായ സഊദി എയര്‍ലൈന്‍സ് കൊണ്ടുപോവണം, ബാക്കി പകുതി എയര്‍ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. പക്ഷേ, എയര്‍ഇന്ത്യ താങ്കളുടെ പകുതി സബ് ടെണ്ടര്‍ നല്‍കിയാണു കൊണ്ടുപോവുന്നത്. മാറ്റങ്ങളില്ലാതെ തുടരുന്ന ഈ പ്രക്രിയ വഴി വലിയ അഴിമതിയാണു നടക്കുന്നത്. മിക്കവര്‍ഷങ്ങളിലും പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്‌ലാന്റിക്കിനാണു കരാര്‍ ലഭിക്കുന്നത്. ഡല്‍ഹിയിലെ ഇടനാഴികളില്‍ ഇടനിലക്കാര്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ ഇടനിലക്കാര്‍ മുഖേനയാണു വിമാനങ്ങള്‍ വാടകക്കമ്പനിയില്‍നിന്നു വാടകയ്‌ക്കെടുക്കുന്നത്. ഏകദേശം 800നും 900 ത്തിനുമിടയില്‍ ഡോളറിനായിരിക്കും വാടകനിശ്ചയിക്കുക. ഇത് ഇടനിലക്കാര്‍ മുഖേന ഹജ്ജ് കമ്മിറ്റിയുടെ കൈകളില്‍ എത്തുമ്പോള്‍ 1400 മുതല്‍ 1500 വരെ ഡോളറാകും. 62,500 തീര്‍ഥാടകരെ മുന്‍നിര്‍ത്തി നടത്തുന്ന വന്‍കൊള്ളയാണ് ഇവിടെ നടക്കുന്നത്. ആരാലും ചോദ്യം ചെയ്യപ്പെടാതെ വര്‍ഷങ്ങളായി ഈ കൊള്ള തുടരുകയാണ്. എന്നാല്‍, ഈ കൊള്ളയില്‍ പരിക്കു പറ്റുന്നതും ഹജ്ജ് സബ്‌സിഡിയുടെ പേരിലുള്ള പഴി കേള്‍ക്കേണ്ടിവരുന്നതും മുസ്‌ലിംസമൂഹം.
ഇന്ത്യയില്‍ നിന്ന് ജിദ്ദയിലേക്കോ മദീനയിലേക്കോ ഏറ്റവും തിരക്കുള്ള സമയത്തുപോലും വിമാന നിരക്ക് 45,000 രൂപയില്‍ കൂടാറില്ല. ആ സ്ഥാനത്താണ് 1,63,000 വരെ തീര്‍ഥാടകരില്‍നിന്ന് ഈടാക്കുന്നത്. യഥാര്‍ഥ നിരക്കിന്റെ രണ്ടും മൂന്നും ഇരട്ടി വിലകൂട്ടി ഹജ്ജ് നിരക്കെന്നു പറഞ്ഞ് എയര്‍ഇന്ത്യ ഹജ്ജ് കമ്മിറ്റിയില്‍നിന്നും തട്ടിയെടുക്കുന്നു. ആഗോള ടെണ്ടറിലൂടെ വിവിധ വിമാനകമ്പനികള്‍ക്ക് അവസരം കൊടുക്കുകയാണെങ്കില്‍ നിരക്ക് പാതിയിലധികം കുറയ്ക്കാന്‍ സാധിക്കും.
വാടകയ്‌ക്കെടുത്ത വിമാനം ഹജ്ജ്‌വേളയില്‍ രണ്ടുതവണ യാത്രക്കാരില്ലാതെ പറക്കുന്നതിനാണ് ഇത്രയധികം ചാര്‍ജ് ഈടാക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമാണ്. കാലി വിമാനം പറത്തുമ്പോള്‍ ഓപ്പറേഷന്‍ കോസ്റ്റില്‍ വ്യത്യാസമുണ്ട്. സഊദിഅറേബ്യയില്‍നിന്നു സാധാരണ ട്രാഫിക് കൂടുന്ന സമയമായതിനാല്‍ മുന്‍കൂര്‍ അനുമതിയോടെ ജിദ്ദയില്‍നിന്നു യാത്രക്കാരെ കയറ്റി ഈ വിടവ് നികത്താവുന്നതാണ്. ഉഭയകക്ഷി കരാറില്‍ അത്തരം ക്ലോസുകള്‍ ഉള്‍പെടുത്താന്‍ പ്രയാസമുണ്ടാകില്ല.
ഹജ്ജ് വര്‍ഷത്തിലൊരിക്കല്‍ പ്രത്യേകസമയത്തു മാത്രം നടക്കുന്നതായതിനാല്‍ വളരെ നേരത്തേ തന്നെ നിരക്കു നിശ്ചയിക്കാവുന്നതാണ്. അവസാന നിമിഷനിരക്ക് ഈടാക്കുന്നതിനു പകരം എട്ടുമാസം മുമ്പുതന്നെ ടിക്കറ്റ് ബ്ലോക്ക് ചെയ്യാവുന്നതാണ്. നിരക്കു നിശ്ചയിക്കല്‍ അവസാന നിമിഷമാവുമ്പോള്‍ മറ്റു രാജ്യങ്ങള്‍ വിമാനംവാടകയ്‌ക്കെടുക്കുകയും മിതമായ നിരക്കില്‍ വിമാനം കിട്ടാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും.
ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും സബ്‌സിഡി തുക കുറഞ്ഞുകൊണ്ടിരിക്കും, ഒടുവില്‍ 2021 ആവുമ്പോഴേയ്ക്കും സബ്‌സിഡി ഒട്ടുമില്ലാതാവും. അന്നത്തെ സുപ്രിംകോടതി ജഡ്ജിമാരായിരുന്ന അഫ്താബ് ആലമും, രാജേന്ദ്ര പ്രസാദ് ദേശായിയും ചേര്‍ന്ന ബെഞ്ചിന്റേതാണ് ഈ നിര്‍ണായക വിധി. മുസ്്‌ലിംകള്‍ക്കു സബ്‌സിഡിയായി നല്‍കുന്ന തുക അവരുടെ വിദ്യാഭ്യാസ,ആരോഗ്യ പുരോഗതിക്കായി ഉപയോഗിക്കാനും വിധിയില്‍ നിര്‍ദേശിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുമ്പോലെ ഹജ്ജ് ചെയ്യാന്‍ മുസ്്‌ലിംകള്‍ തയാറാകും. 2017ല്‍ ഹജ്ജ് സബ്‌സിഡി 480 കോടിയായി ബജറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ആഗോള ടെണ്ടര്‍
ആഗോള ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാരിനു പരിമിതികളുണ്ട്. ഇരു രാജ്യങ്ങളിലെയും ഡെസിഗ്നേറ്റഡ് വിമാനക്കമ്പനികള്‍ക്കു മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ നിലവിലുള്ള കരാര്‍ പ്രകാരം സാധ്യമാവൂ. ഈ വ്യവസ്ഥ മാറ്റിയെങ്കില്‍ മാത്രമേ ആഗോള ടെണ്ടറെന്ന ആശയം നടപ്പിലാകൂ. സഊദിയിലെ വിമാനകമ്പനികളായ ഫാളൈനാസും സഊദി അറേബ്യയുടെ പതാകവാഹിനി എയര്‍ലൈനായ സഊദി എയര്‍ലൈനും മാത്രമാണു പുറത്തുനിന്നുള്ളവര്‍. ഇന്ത്യന്‍ പതാകവാഹിനി എയര്‍ ഇന്ത്യക്കും ഇന്ത്യയിലെ ഇതര വിമാനക്കമ്പനികള്‍ക്കും പങ്കെടുക്കാം. പക്ഷേ, എയര്‍ഇന്ത്യക്കു ലഭിക്കുന്ന ടെണ്ടര്‍ അവര്‍ നേരിട്ടു നടത്താതെ ഉപടെണ്ടര്‍ നല്‍കി ഇടനിലക്കാരെ സഹായിക്കുന്നു.
ഉഭയകക്ഷികരാറിലെ വ്യവസ്ഥ മാറ്റിയെഴുതണം. ഇതരരാജ്യങ്ങളിലെ വിമാനക്കമ്പനി കളെക്കൂടി ഉള്‍പെടുത്തി നിരക്കുനിശ്ചയിക്കണം. എങ്കില്‍ ഹജ്ജ് നിരക്കില്‍ ഭീമമായ കുറവുണ്ടാകും. ഒരു റെഗുലേറ്ററി ആക്ടിലൂടെ ഇതൊക്കെ സര്‍ക്കാരിനു നിയന്ത്രിക്കാവുന്നതാണ്. സിവില്‍ ഏവിയേഷന്‍ വിദഗ്ധസമിതിയെ നിയമിച്ച് ഇത്തരം അനീതിക്കെതിരേ പോരാടണം.
വര്‍ഷത്തില്‍ എട്ടുമാസം അനുസ്യൂതമായി നടക്കുന്ന തീര്‍ഥാടനമാണു മക്ക, മദീനയിലേയ്ക്കുള്ള 'ഉംറ'കള്‍. 14 ദിവസത്തെ താമസ,സിയാറത്തുകള്‍ ഉള്‍പ്പെടുന്ന ഈ യാത്രയ്ക്കു സ്വകാര്യഏജന്‍സികല്‍ ഈടാക്കുന്നത് 60,000 രൂപ വരെയാണ്. ആ സമയത്തെ ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ 35,000 വരെയാണ്. ബാക്കി തുക താമസം, ഭക്ഷണം, സിയാറത്ത് എന്നിവയുടെയും. എന്നിട്ടും സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ അവരുടെ ലാഭം ഉറപ്പുവരുത്തുന്നു. പിന്നെ എന്തിനാണ് 30 ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും, ടിക്കറ്റിനുമായി മൂന്നരലക്ഷം രൂപവരെ സ്വകാര്യ ഓപറേറ്റര്‍മാരും, രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ ഹജ്ജ് കമ്മിറ്റിയും ഈടാക്കുന്നത്.
സര്‍ക്കാരുമായി സഹകരിച്ച് ഒരു ഹജ്ജ് എയര്‍ കോര്‍പറേഷന്‍ പി.പി.പി മോഡലില്‍ രൂപീകരിക്കുകയും അതിലേയ്ക്കു നിക്ഷേപകരെ ചേര്‍ക്കുകയും ചെയ്യുക. നിക്ഷേപത്തിലൂടെ സമാഹരിക്കുന്ന തുകയ്ക്കു വിമാനങ്ങള്‍ വാങ്ങി ഹജ്ജ് സര്‍വീസ് നടത്തുക. ഹജ്ജ് കഴിഞ്ഞാല്‍ ഈ വിമാനം ഉംറ തീര്‍ഥാടനത്തിന് ഉപയോഗിക്കുന്നതിലൂടെ വര്‍ഷത്തില്‍ 10 മാസം ഇടതടവില്ലാതെ വരുമാനം ലഭിക്കും. മലേഷ്യയില്‍ നടപ്പിലാക്കിയ മാതൃകയില്‍ ഒരു പ്രത്യേകബോര്‍ഡ് നമുക്കും ഉണ്ടാക്കാന്‍ സാധിക്കണം.
മലേഷ്യയില്‍ മൊത്തം ജനസംഖ്യയുടെ 61.2 ശതമാനം മുസ്‌ലിംകളാണ്. അവിടെ ഹജ്ജ് യാത്രക്കാര്‍ക്കായി 'തീര്‍ഥാടക ഫണ്ട് ബോര്‍ഡ് ' (തബാങ്) എന്ന പ്രത്യേകസംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ചൂഷണമില്ലാതെ പാവപ്പെട്ടവര്‍ക്കുപോലും ഒരുതവണ ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കുകയാണു തബാങ്ങ് പദ്ധതി.
ഈ പദ്ധതിയിലൂടെ ഒരുപാടു ജീവകാരുണ്യപ്രവര്‍ത്തനവും നടത്തുന്നു. ഇസ്‌ലാമിക് ബാങ്കിങുമായി സഹകരിച്ചു നടത്തുന്ന ഈ പദ്ധതി ഇന്നു പല രാജ്യങ്ങളും അനുകരിച്ചുവരികയാണ്.
ഇന്ത്യയിലെ മുസ്‌ലിം സംഘടനകളും ഇത്തരം മഹത്തായ സംരംഭങ്ങളില്‍ ഭാഗഭാക്കാവുകയും വിവിധ കോണുകളില്‍നിന്നു നേരിടുന്ന അവഗണനകളെ അതിജീവിക്കുകയും വേണം. കേരളത്തിലെ മുസ്‌ലിംസംഘടനകളെങ്കിലും ഇക്കാര്യത്തില്‍ ഒത്തൊരുമിക്കുകയാണെങ്കില്‍ മുസ്്‌ലിംകള്‍ നേരിടുന്ന ചൂഷണത്തിനും അവഗണനയ്ക്കും ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."