നീറ്റ് ഓര്‍ഡിനന്‍സിന് സ്റ്റേയില്ല
യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍ (നീറ്റ്) സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇളവുനല്‍കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി പരിഗണിച്ചില്ല. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യുന്നത് വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ പ്രഫുല്ല സി പാന്ത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചാണ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്.
മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സിന് വിശദ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് സുപ്രിംകോടതി ഉത്തരവിനെ മറികടക്കാനാണെന്നും ഇത് ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി വ്യാപം അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന ആനന്ദ് റായ് എന്ന വ്യക്തിയാണ് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഓര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യംചെയ്യുമെന്ന് സങ്കല്‍പ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സര്‍ക്കാരിതര സംഘടനയും അറിയിച്ചിരുന്നു.
ഓര്‍ഡിനന്‍സ് കോടതിയുടെ മുന്‍ ഉത്തരവിന് എതിരാണെന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം. ഇക്കാര്യം അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി എതിര്‍ത്തു. സംസ്ഥാന തലത്തില്‍ പ്രവേശനപ്പരീക്ഷ നടന്ന കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെ പരിഗണിച്ചതാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലതെന്നു സുപ്രിംകോടതി വിലയിരുത്തിയാണ് ഓര്‍ഡിനന്‍സ് സ്‌റ്റേചെയ്യാന്‍ വിസമ്മതിച്ചത്.
ഓര്‍ഡിനന്‍സ് സംസ്ഥാന പ്രവേശനപ്പരീക്ഷകളിലെ അഴിമതിക്കു കൂട്ടുനില്‍ക്കലാണെന്നും കേസില്‍ അടിയന്തരമായി വാദംകേള്‍ക്കണമെന്നും അനന്ദ് റായി വാദിച്ചു. എന്നാല്‍ കേസ് അടിയന്തരമായി കേള്‍ക്കാന്‍ ബെഞ്ച് വിസമ്മതിച്ചു.
കേസിന് അടിയന്തര സ്വഭാവമില്ല. സര്‍ക്കാര്‍ സീറ്റിലെ പ്രവേശനത്തിന് മാത്രമാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാര്‍ക്ക് ജൂലൈ ആദ്യവാരം ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂരിനു മുന്‍പാകെ ഇക്കാര്യം ബോധിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചതോടെ പ്രവേശനപ്പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിയുമായി കേരളാസര്‍ക്കാരിനു മുന്നോട്ടു പോകാം.
എം.ബി.ബി.എസ്, ബി.ഡി.എസ് ബിരുദ ബിരുദാനന്തര പ്രവേശനം നീറ്റ് വഴി മാത്രമെ നടത്താവൂ എന്ന കഴിഞ്ഞമാസത്തെ സുപ്രിംകോടതി ഉത്തരവ് ഭാഗികമായി മറികടക്കാനാണ് കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ അമ്പത് ശതമാനം മെറിറ്റ് സീറ്റിലേക്കും സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ വഴി ഈ വര്‍ഷം പ്രവേശനം നടത്താന്‍ ഓര്‍ഡിനന്‍സ് അനുമതി നല്‍കുന്നുണ്ട്.
ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ എഴുതണമെന്ന് കഴിഞ്ഞമാസമാണ് സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."