പിതൃത്വ വിവാദം സ്ത്രീകളെ അപമാനിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമം: ഗീതാനന്ദന്‍
കൊച്ചി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഉയരുന്ന പിതൃത്വ വിവാദം സ്ത്രീകളെ അപമാനിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമമെന്ന് ദലിത് ആദിവാസി പൗരാവകാശ സംരക്ഷണ കണ്‍വീനര്‍ ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസന്വേഷണം കേരള പോലിസ് അട്ടിമറിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം ഒരു ബാഹ്യ ഏജന്‍സിയായ സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ നിയമ നടപടികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തി ജിഷയുടെ പിതൃത്വം വിവാദമാക്കിയതില്‍ ദുരൂഹതയുണ്ട്. ജിഷ വധം ഉന്നയിക്കുന്ന സ്ത്രീ നീതിയുടേയും ദലിത് അതിക്രമങ്ങളുടേയും പ്രശ്‌നം അപ്രസക്തമാക്കാനുള്ള താല്‍പര്യം ഇതിനു പിന്നിലുള്ളതായും ഗീതാനന്ദന്‍ ആരോപിച്ചു.
കേസ് അട്ടിമറിക്കാന്‍ സംഘടിതമായ ഗൂഢാലോചനയാണ് നടക്കുന്നത്. ജിഷയേയും കുടുംബത്തേയും അപമാനിക്കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ എസ്.സി-എസ്.ടി അതിക്രമങ്ങള്‍ തടയല്‍ നിയമം, ക്രിമിനല്‍ നിയമം എന്നിവ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണം. കുടുംബത്തെ അപഹസിച്ചവരെയും പ്രതി ചേര്‍ക്കണം. വനിതാ എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ കേസന്വേഷണം ഏറ്റെടുത്തതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ല. സംഭവം നടന്ന കാലയളവിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ അന്വേഷിക്കണം. ജനകീയ സമരം ശക്തിപ്പെടുത്താന്‍ ദലിത്ആദിവാസിപൗരാവകാശസ്ത്രീ സംഘടനകളുടെ സംയുക്ത പ്രക്ഷോഭം 'മണ്‍സൂണ്‍ സ്‌ട്രൈക്ക്' ജൂണ്‍ 11ന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും ഗീതാനന്ദന്‍ പറഞ്ഞു. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
കേരള സ്‌റ്റേറ്റ് വേട്ടുവ മഹാസഭ ജന. സെക്രട്ടറി അഡ്വ.കെ.കെ നാരായണന്‍, കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ അംഗം വി.ഡി മജീന്ദ്രന്‍, ഗ്രാമ സ്വരാജ് ഫൗണ്ടേഷന്‍ അംഗം എം.എന്‍ ഗിരി, കേരള ഉള്ളാട മഹാസഭ അംഗം കെ സോളമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."