ഗ്രീന്‍ പ്രോട്ടോകോള്‍ ഉഷാര്‍; ആ 'ശങ്ക' തീര്‍ക്കാന്‍ നെട്ടോട്ടം
കണ്ണൂര്‍: നഗരത്തില്‍ കോര്‍പറേഷന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ തകൃതിയായി നടത്തുമ്പോഴും ജീവല്‍പ്രശ്‌നങ്ങള്‍ക്കു പരിഹാരമായില്ല. നിത്യവും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ വന്നു പോകുന്ന നഗരത്തില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സൗകര്യമില്ല. നേരത്തെ നഗരത്തിന്റെ മുക്കിലും മൂലയിലും സ്ഥാപിച്ച ഇ ടോയ്‌ലെറ്റുകള്‍ നോക്കുകുത്തിയായി മാറി. കെ.എസ്.ആര്‍.ടി.സി ഡിപ്പോ, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവടങ്ങളിലാണു പേരിനെങ്കിലും കംഫര്‍ട്ട് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. തെക്കിബസാര്‍, പ്ലാസ, പഴയ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം കോര്‍ണര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ യാതൊരു സൗകര്യവുമില്ല.
അന്‍പതിലേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഡിയം കടമുറികളില്‍ ടോയ്‌ലറ്റുകള്‍ അടഞ്ഞുകിടക്കുകയാണ്.
സ്വകാര്യസ്ഥാപനങ്ങളെയും ഹോട്ടലുകളെയും ആശ്രയിച്ചാണു മിക്കവരും ഈ പ്രശ്‌നം പരിഹരിക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രഥമവനിതാ മേയര്‍ ചുമതലയേറ്റു വര്‍ഷമൊന്നുകഴിഞ്ഞിട്ടും നഗരത്തിന്റെ ഈ ദുരവസ്ഥക്കെതിരേ നടപടിയുണ്ടായിട്ടില്ല.
കണ്ണൂര്‍ തെക്കിബസാറില്‍ ഗുരുതരമാണ് അവസ്ഥ. ഇവിടെ കോഫിഹൗസില്‍ മാത്രമെ പേരിനെങ്കിലും ശുചിമുറിയുള്ളൂ. സബ്ജയിലിനു മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന ആറു ഹോട്ടലുകളില്‍ ഒന്നില്‍ പോലും ശുചിമുറിയില്ല. മക്കാനിയിലും ഇതുതന്നെയാണ് അവസ്ഥ.
ഉപഭോക്താക്കള്‍ക്കു പ്രാഥമികസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ ആരോഗ്യവകുപ്പ് ഹോട്ടലുകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുക്കാറുള്ളൂ. എന്നാല്‍ നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ പോലും ഇതു പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പൊതുസ്ഥലങ്ങളില്‍ വൃത്തിയുള്ള ശൗചാലയമെന്നത് ഓരോരുത്തരുടെയും അവകാശമാണെന്നു ശുചിത്വമിഷന്‍ മാര്‍ഗരേഖകളില്‍ പറയുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെ മുന്നോട്ടുപോവുകയാണു കണ്ണൂര്‍ കോര്‍പറേഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."